- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിവായത് വൻദുരന്തം; തീപിടിച്ച കോച്ചിൽ നിന്ന് 100 മീറ്റർ മാത്രം അകലെ ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം; കണ്ണൂരിൽ നടന്നത് വൻ അട്ടിമറി നീക്കമെന്ന് സംശയം; എൻ.ഐ.എ റിപ്പോർട്ട് തേടി; കണ്ണൂർ നഗരം കത്തിച്ചാമ്പലാവാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്; തീവ്രവാദ ഗൂഢാലോചനയെന്ന് നിഗമനം
കണ്ണൂർ: കണ്ണൂർ നഗരം വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ ട്രെയിൻ അട്ടിമറി ശ്രമമുണ്ടെന്നും തീവ്രവാദ ശക്തികളുടെ സാന്നിധ്യമുണ്ടെന്നുമുള്ള നിഗമനത്തെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ എട്ടാം നമ്പർ റെയിൽ ട്രാക്കിൽ എക്‌സിക്യുട്ടീവ് എക്സ്‌പ്രസിന്റെ ബോഗിക്ക് തീവെച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പൊലിസിനോടും റെയിൽവേ അധികൃതരോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
എക്‌സിക്യൂട്ടീവിന്റെ ബോഗിയുടെ ഗ്‌ളാസ് തകർത്ത അജ്ഞാതൻ ടോയ് ലെറ്റിൽ ഉപേക്ഷിച്ച കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ബോഗികളിലാണ് ഫോറൻസിക് വിഭാഗം പരിശോധന നടത്തി വരുന്നത്. ഉന്നത റെയിൽവെ അധികൃതർ സ്ഥലത്തെത്തി ക്യാംപ് ചെയ്യുന്നുണ്ട്. പ്രതിക്കായി കണ്ണൂരും തൊട്ടടുത്ത റെയിൽവെ സ്റ്റേഷനുകളിലും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സും പൊലിസും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ട്രെയിനുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നാണ് സൂചന.
റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തിൽ ഒഴിവായത് വൻദുരന്തമാണ്. തീപിടിച്ച കോച്ചിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. അതിനാൽ അന്വേഷണ ഏജൻസികൾ അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോർട്ട്. ഫോറൻസിക് പരിശോധന കഴിഞ്ഞാൽ മാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ എന്നാണ് റെയിൽവേയുടെ വിശദീകരണം.
കാച്ചിന് തീപിടിക്കുന്നതിന് തൊട്ടുമുൻപ് കാനുമായി ബോഗിയിലേക്ക് ഒരാൾ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിപിസിഎൽ ഇന്ധനസംഭരണശാലയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേർന്നുള്ള ചില്ല് തകർത്ത്, അതുവഴിയാകാം കോച്ചിന് തീയിടാൻ ഇന്ധനം ഒഴിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
യാത്ര പുറപ്പെടാനായി നിർത്തിയിട്ട ട്രെയിനിൽ തീവയ്പ് നടത്തിയ സംഭവം എൻ ഐ എ ഗൗരവകരമായാണ് വീക്ഷിക്കുന്നത്. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾശേഖരിക്കുക. ട്രെയിൻ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ യാണ് അന്വേഷിക്കുന്നത്. ആ സാഹചര്യം കൂടി മുൻ നിർത്തിയാണ് വിവരശേഖരണം നടത്തുന്നത്. വ്യാഴാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെയാണ്കണ്ണൂർ എക്‌സ്‌ക്യൂട്ടീവ് എക്സ്‌പ്രസിൽ തീപിടുത്തമുണ്ടായത്. ഒരു ബോ?ഗി പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.
അതേസമയം, ഒന്നേകാലിനാണ് തീ കണ്ടതെന്ന് കണ്ണൂരിൽ ട്രെയിൻ കത്തിയ സംഭവത്തിന്റെ ദൃക്‌സാക്ഷി പറയുന്നു. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതുകയായിരുന്നു. പാർസൽ ജീവനക്കാർ ഉണ്ടായിരുന്നു അവിടെ. പുകയുണ്ടെന്ന് പറഞ്ഞ് അവർ പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും സൈറൻ മുഴക്കി. പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടർന്നു.
ആദ്യം ബാത്ത്‌റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു. തീ പെട്ടെന്നായിരുന്നു കത്തിയത്. അതുകൊണ്ടുതന്നെ പെട്രോൾ ഒഴിച്ചാണ് തീവെച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത് എന്നാൽ തീവെച്ചതിനുശേഷം പ്രതി എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. പരിസരത്തായി ഭാരതീയ പെട്രോളിയം കോർപറേഷൻ സംഭരണശാലയുണ്ട്.
അതുകൊണ്ടു തന്നെ വൻ ദുരന്തത്തിൽ നിന്നാണ് കണ്ണൂർ നഗരം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തീപിടിത്തമുണ്ടായ ബോഗികളിൽ ഫോറൻസിക്ക് - ഡോഗ് സ്‌ക്വാഡുകൾ പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുന്നതിനാണ് റെയ്ഡ് ശക്തമാക്കിയത്. ഇയാൾ സംഭവത്തിന് ശേഷം കണ്ണൂർ ജില്ല വിട്ടു പോയോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്.




