- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിക്ഷാടനത്തിലൂടെ പണം സ്വരൂപിക്കാനാവാത്തതിന്റെ അമർഷത്തിലും നിരാശയിലും തീവണ്ടിക്ക് തീവച്ചു! കണ്ണൂർ ട്രെയിൻ തീവയ്‌പ്പു കേസ് ഇനി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും; റിമാൻഡു ചെയ്ത പ്രതിയെ തിരിച്ചറിയിൽ പരേഡിന് ഹാജരാക്കും; തീവ്രവാദ ബന്ധം തള്ളി കേരളാ പൊലീസ്
കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്‌പ്പു കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം ഇയാൾ കത്തിച്ച ബോഗിയിലെത്തിച്ചു തെളിവെടുപ്പ് നടത്തും. പ്രതിയെ അടുത്ത ദിവസം കോടതിയിൽ തിരിച്ചറിയൽ പരേഡിന് വിധേയനാക്കും. പ്രതിയായ യുവാവിനെ സംഭവസ്ഥലത്ത് നേരിട്ടു കണ്ട ഭാരത് പെട്രോളിയം ലിമിറ്റഡ് ജീവനക്കാരനും റെയിൽവെ പൊലിസുകാരുമാണ് തിരിച്ചറിയൽ പരേഡിന് ഹാജരാവുക.
ഇതിനിടെ ട്രെയിൻതീവയ്‌പ്പുകേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കൊൽക്കത്ത സ്വദേശി പ്രസോൺ ജിത്ത് സിക്തറിനെ(40)യാണ് കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഭിക്ഷാടനം അനുവദിക്കാത്തതാണ് ട്രെയിൻ തീവയ്പിന്കാരണമായ തെന്നാണ് പൊലിസിന്റെ പ്രാഥമിക റിപ്പോർട്ട് . വെള്ളിയാഴ്‌ച്ച രാത്രിയോടെ പ്രതിയെ കണ്ണൂർ ജില്ലാആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഭിക്ഷാടനത്തിലൂടെ പണം സ്വരൂപിക്കാനാവാത്തതിന്റെ അമർഷത്തിലും നിരാശയിലാണ് ഇയാൾ ട്രെയിനിന് തീവെച്ചതെന്ന് കണ്ണൂർ അസി.കമ്മിഷണർ ഓഫ് പൊലീസ് ടി.കെ രത്നകുമാർ അറിയിച്ചു. എ.സി.പിയുടെ മേൽനോട്ടത്തിൽ കണ്ണൂർ ടൗൺ സിഐ പി.എം. ബിനുമോഹനാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച്ചപുലർച്ചെ ഒരു മണിയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ എട്ടാം യാർഡിൽ നിർത്തിയിട്ട കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിൽ കയറി ബോഗിക്ക് തീയിട്ടത്. ഒരു ബോഗി മുഴുവനായും കത്തിനശിച്ചിരുന്നു. അഗ്‌നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് എത്തി ഉടൻ തീയണച്ചതിനാലാണ് കൂടുതൽ നാശം ഒഴിവായത്.
സ്റ്റേഷൻ പരിസരത്തെ ബിപിസിഎൽ ഇന്ധന സംഭരണശാലയിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്. ഒരാൾ ഷർട്ടിടാതെ പാളത്തിലൂടെ നടന്നുപോകുന്നത് സംഭരണശാലയിലെ സെക്യൂരിറ്റി ഓഫീസറും കണ്ടിരുന്നു. സംഭവദിവസം തന്നെ പ്രസോൻ ജിത് സിക്ദറിനെ പൊലീസ് വലയിലാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഭിക്ഷാടനം നടത്തിയാണ് ഇയാൾ ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്.
മൂന്ന് ദിവസം മുമ്പാണ് ഇയാൾ തലശേരിയിലെത്തിയത്. കാൽനടയായി കണ്ണൂരിലെത്തിയ ഇയാൾ റെയിൽ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഭിക്ഷാടനം നടത്തുന്നത് പൊലീസ് തടഞ്ഞിരുന്നു. ഇതിന്റെ വിരോധത്തിലാണ് ട്രെയിനിന് തീയിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവമുള്ള ഇയാൾ കൈയിലുണ്ടായിരുന്ന തീപ്പെട്ടി ഉപയോഗിച്ചാണ് തീയിട്ടതെന്നാണ് പൊലിസിന് ലഭിച്ച മൊഴി.
സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ മേൽനോട്ടത്തിൽ അസി. കമ്മീഷണർ ടി കെ രത്‌നകുമാറിന്റെ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്. എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് ഐജി നീരജ് കുമാർ ഗുപ്ത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഫെബ്രുവരിയിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാടിന് തീയിട്ടയാളാണ് ഈ സംഭവത്തിലെയും പ്രതിയെന്ന് സംശയമുയർന്നിരുന്നു. എന്നാൽ ഈ സംഭവവുമായി ഇയാൾക്ക് ബന്ധമില്ലെന്ന് പൊലീസ് പിന്നീട് അറിയിച്ചു.




