- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിന്റെ മലയോരങ്ങളിൽ ഭീതിപരത്തുന്ന ബ്ലാക്ക്മാന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു! ക്യാമറയിൽ പതിഞ്ഞത് പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരിൽ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ; തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതൻ ദൃശ്യങ്ങളിൽ; നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച് ബ്ലാക്ക്മാന്റെ വിളയാട്ടം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ ഒരുമാസമായി ഭീതിപരത്തുന്ന ബഌക്ക് മാനെന്ന അജ്ഞാതന്റെ വ്യക്തമായ ചിത്രം പൊലിസിന് ലഭിച്ചു. ഇതോടെ ജനങ്ങളിൽ ഭീതിപരത്തുന്ന ബഌക്ക് മാനെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലിസ് അന്വേഷണ സംഘം. കണ്ണൂർ ജില്ലയുടെ മലയോരപ്രദേശമായ ചെറുപുഴയിലും പരിസരപ്രദേശങ്ങളിലുമാണ് ബഌക്ക് മാൻ വിലസുന്നത്.
നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച 'ബ്ലാക്ക് മാൻ' സിസി ടിവിയിൽ കുടുങ്ങിയത് ശനിയാഴ്‌ച്ചരാത്രിയാണ്. അന്നേ ദിവസം പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരിൽ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയിൽ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളിൽ കരി കൊണ്ട് ബ്ലാക്ക് മാനെന്നു എഴുതിയിരുന്നു. രാത്രിയിൽ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്.
വീടുകളുടെ ചുമരുകളിൽ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ബ്ലാക്ക് മാന്റെ പുതിയ 'ഭയപ്പെടുത്തൽ' രീതി. അർധരാത്രി കതകിൽ മുട്ടി ഓടി മറയുന്ന അജ്ഞാതനെ തിരയുമ്പോഴാണ് എഴുത്തും വരയും ശ്രദ്ധയിൽപ്പെടുന്നത്. വീട്ട് ചുമരുകളിൽ വിചിത്ര രൂപങ്ങൾ, ബ്ലാക്ക് മാനെന്ന് അക്ഷരം തെറ്റിയും തെറ്റാതെയും എഴുത്തുകൾ. കരി കൊണ്ട് വരച്ച ചിത്രങ്ങൾ. വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു കഴിഞ്ഞ ദിവസം വരെ.
ചുമരിൽ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും. അതവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ചിത്രം വര നടത്തി പേടിപ്പെടുത്തുന്നത്. കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രിയാണ് ഇയാൾ വീണ്ടും എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസുകാരന്റെയും മുൻ പഞ്ചായത്തംഗത്തിന്റെയുമെല്ലാം വീടുകളിൽ കരിപ്രയോഗം നടത്തിയിട്ടുണ്ട്. സ്‌ക്വാഡെല്ലാമുണ്ടാക്കി നാട്ടുകാരും പൊലീസും തെരച്ചിൽ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ആളെ മാത്രം കണ്ടെത്തിയിട്ടില്ല.
ഒന്നിലധികം പേരുള്ള സംഘമാണോ പിന്നിലെന്നും സംശയമുണ്ട്. നേരത്തെ ആലക്കോട് ഭാഗത്തായിരുന്നു അജ്ഞാതന്റെ സഞ്ചാരം. മുഖംമൂടിയിട്ട് അടിവസ്ത്രം മാത്രം ധരിച്ചെത്തി, കതകിൽ മുട്ടലായിരുന്നു പതിവ്. ടാപ്പ് തുറന്നിടുക, ഉണക്കാനിട്ട തുണികൾ മടക്കി വയ്ക്കുക തുടങ്ങിയവ വേറെയും. എന്നാൽ ഇയാൾ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇരുട്ടിലെ അജ്ഞാതന്റെ സാന്നിധ്യം കൊണ്ട് മലയോരത്തുള്ളവർ ഒറ്റയ്ക്ക് നടക്കാൻ തന്നെ പേടിയിലാണ്.
എന്നാൽ ചിലർ ആസൂത്രിതമായി നടത്തുന്നതാണ് ബ്‌ളോക്ക് മാൻ ഭീതിയെന്നാണ് പൊലിസ് പറയുന്നത്. മയക്കുമരുന്ന്, കൊള്ള സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.