- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ കവർച്ചാപരമ്പര നടത്തുന്നത് തിരുട്ടുഗ്രാമക്കാരോ? മലയോരത്തെ ഞെട്ടിച്ചു വീണ്ടും കവർച്ച; പെരിങ്ങോത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് പന്ത്രണ്ടു പവൻ സ്വർണാഭരണങ്ങൾ കവർന്നു
കണ്ണൂർ: കണ്ണൂർ ജില്ലയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന കവർച്ചാപരമ്പരകൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. പൂട്ടിയിട്ട വീടുകൾ ലക്ഷ്യമാക്കിയെത്തുന്ന കവർച്ചക്കാർ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമക്കാരാണെന്ന സംശയം പൊലിസിനുണ്ട്. പ്രൊഫഷണൽ സംഘങ്ങളാണ് കൊള്ളയ്ക്കുപിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഏറ്റവും ഒടുവിൽ പെരിങ്ങോം പൊലിസ് സ്റ്റേഷൻ പരിധിയിലെ പൂട്ടിയിട്ട വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങൾ കളവുപോയതായാണ് പരാതി. പെരിങോം പൊലിസ് സ്റ്റേഷൻ പരിധിയിലെ ഉമ്മറ പൊയിൽ മീറയിലാണ് സംഭവം. പ്രവാസിയായ റിയാസ് എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ പള്ളിയിൽ പരിപാടിക്ക് പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. പെരിങോം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കണ്ണൂരിൽ നിന്നുമെത്തിയ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിലെ ചിതപ്പിലെപ്പൊയിലിൽ വീടിന്റെ ജനൽ ഗ്രിൽസ് മുറിച്ച് അകത്തുകടന്ന് 25 പവൻ സ്വർണവും പണവും കവർന്നിരുന്നു. പളുങ്കു ബസാറിൽ താമസിക്കുന്ന പ്രവാസി നാജിയാ മൻസിലിൽ അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്.
അബ്ദുള്ളയും കുടുംബവും വെള്ളിയാഴ്ച രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്ത പള്ളിയിൽ നബിദിനാഘോഷത്തിന് പോയതായിരുന്നു. വീടിന്റെ പിറകിലെ ജനലിന്റെ ഗ്രിൽസ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് തള്ളിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഇരുപത്തിയഞ്ചേകാൽ പവന്റെ സ്വർണാഭരണങ്ങളും 18,000 രൂപയും വിദേശ കറൻസിയും ആധാർ കാർഡ് തുടങ്ങി വിലപ്പെട്ട രേഖകളും കവർന്നു. മുറികളിൽ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. രാത്രി 12.30 ഓടെയാണ് പള്ളിയിൽ നിന്ന് വീട്ടുകാർ തിരിച്ചെത്തിയത്.
വിവരമറിഞ്ഞെത്തിയ പരിയാരം എസ്എച്ച്ഒ പി സി സഞ്ജയ്കുമാറും സംഘവും വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ നിന്ന് രാത്രി 9.50ന് മോഷ്ടാക്കൾ പിറകിലെ ജനാല ഗ്രിൽസ് മുറിക്കുന്നതിന്റെ ദൃശ്യം കണ്ടെത്തി. മുഖം മറച്ച നിലയിലാണ് മോഷ്ടാക്കൾ. അബ്ദുള്ളയുടെ പരാതിയിൽ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചുവെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ കവർച്ച വ്യാപകമാകുമ്പോഴും പൊലിസിന് പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. ഭവനഭേദനവും ക്ഷേത്രകവർച്ചയും നടത്തിയ കേസുകളിലെ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിളയാങ്കോട്ടെ സദാശിവപുരം ശിവക്ഷേത്രത്തിൽ 2020- മാർച്ച് പതിനഞ്ചിന് നടന്ന മോഷണമാണ്. അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന ശീവേലി പഞ്ചലോഹ വിഗ്രഹവും വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണം, വെള്ളി ആഭരണങ്ങളും അന്ന് നഷ്ടപ്പെട്ടിരുന്നു.
2021- ജൂൺ ആറിനാണ് നരീക്കാംവള്ളി പഴിച്ചിയിലെആനപ്പള്ളി വീട്ടിൽ ഷാജി നമ്പ്യാരുടെ വീട്ടിൽ നിന്ന് പന്ത്രണ്ടരപവൻ സ്വർണവും മുപ്പതിനായിരം രൂപയും വെള്ളിനാണയങ്ങളും രണ്ടുക്യാമറകളും കവർച്ച ചെയ്തത്. മുൻവശത്തേത് ഉൾപ്പെടെ അഞ്ചുവാതിലുകൾ പൂർണമായും തകർത്തിരുന്നു. കൂടാതെ നാല് ബെഡ്റൂമുകളിലെ അലമാരകളും തകർത്ത സംഘം നാലേകാൽലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷം വിലവരുന്ന കാമറകളും നൂറിലേറെ വെള്ളിനാണയങ്ങളും ഉൾപ്പെടെ ആറരലക്ഷം രൂപയുടെ സാധനങ്ങളാണ് അന്നു കൊണ്ടു പോയത്. ഏകദേശം നാലുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് വീടിന്സംഭവിച്ചത്. ഉദ്ദേശം പത്തരലക്ഷം രൂപയുടെ നഷ്ടമാണ് വീട്ടുകാർക്കുണ്ടായത്. 2022- നവംബർ മാസത്തിൽ മൂന്നിടങ്ങളിൽ നടന്ന കവർച്ചയിൽ 29-പവൻ സ്വർണാഭരണങ്ങളാണ് നഷ്ടമായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്