കണ്ണൂര്‍: നിരന്തര പരിശോധനകള്‍ക്കിടെയിലും പള്ളിക്കുന്നിലെ കണ്ണൂര്‍സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടസമില്ലാതെ തുടരുന്നു. കാപ്പ കേസ് പ്രതിയില്‍ നിന്നും കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ പിടികൂടി. ജയിലില്‍ നിന്ന് ആമ്പല്ലൂര്‍ സ്വദേശിനിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി ജയില്‍ അധികൃതര്‍ക്ക് തെളിവുകള്‍ സഹിതം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

തൃശൂര്‍ സ്വദേശി ഗോപകുമാറാണ് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത്. സംഭവത്തില്‍ യുവതി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു ഇതേ തുടര്‍ന്ന്. ഗോപകുമാര്‍ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ല്‍ നിന്ന് ഫോണ്‍ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഗോപകുമാര്‍ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

സംഭവത്തില്‍ യുവതി പരാതി നല്‍കിയ ഉടന്‍ ഇയാളുടെ സെല്ലില്‍ പരിശോധന നടത്തുകയായിരുന്നു. ആദ്യമായിട്ടല്ല ഇയാള്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുന്നത്. നിരവധി ആളുകളെ ജയിലില്‍ നിന്ന് വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടിുണ്ട്. ജയിലിനകത്തെ ലഹരി ഉപയോഗത്തിനാണ് ഇയാള്‍ പണം ആവശ്യപ്പെടുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പുറത്തുള്ള ആള്‍ക്ക് പണം ഓണ്‍ലൈന്‍ വഴി നല്‍കിയാല്‍ മാത്രമേ ജയിലിനകത്ത് ലഹരി ലഭിക്കുകയുള്ളൂ. ഇതിനായാണ് പണം ആവശ്യപ്പെട്ട് ഫോണ്‍വിളിക്കുന്നത്.

പണം നല്‍കിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും വിവരമുണ്ട്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതര്‍ പരിശോധന ശക്തമാക്കിയിരുന്നു. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജയില്‍ സുരക്ഷാ സമിതിയും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയിലില്‍ പരിശോധന ശക്തമാക്കിയത്.