- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറുടെ കൊലപാതകം: മൂന്നാം പ്രതിയും അറസ്റ്റിൽ; പിടിയിലായ റാഫിക്കെതിരെ ഉള്ളത് വധശ്രമം അടക്കമുള്ള കേസുകൾ; ആരും എപ്പോഴും കൊല്ലപ്പെടാവുന്ന വെള്ളരിക്കപട്ടണമായി കണ്ണൂർ നഗരം മാറിയോ?
കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ ജവഹർ സ്റ്റേഡിയത്തിന് സമീപം ലോറി ഡ്രൈവർ കുത്തേറ്റുമരിച്ച സംഭവത്തിൽ മൂന്നാംപ്രതിയും അറസ്റ്റിൽ. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി സ്വദേശിയായ വി.ഡി ജിന്റോയെ (39) കൊലപ്പെടുത്തിയ കേസിൽഓട്ടൊ ഡ്രൈവറായ കൊളച്ചേരിയിലെ റാഫിയെ (30)യാണ് കണ്ണൂർ ടൗൺ സിഐ.ബിനു മോഹനനും സംഘവും അറസ്റ്റു ചെയ്തത്. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി സ്വദേശി വി.ഡി ജിന്റോയെ(39)യാണ് തിങ്കളാഴ്‌ച്ച പുലർച്ചെ രണ്ടേകാലിന് പൊലിസ് സ്റ്റേഷൻ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കോഴിക്കോട് കുറ്റ്യാടി കിളിയേട്ടമ്മേൽ അൽത്താഫ്(36) കതിരൂർ വേറ്റുമ്മൽ രയരോത്ത് ഹൗസിൽ ഷബീർ(36) എന്നിവരെ നേരത്തെ ടൗൺ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തു നിർത്തിയിട്ട ലോറിയിൽ ഉറങ്ങികിടക്കുകയായിരുന്ന ജിന്റോയെ മോഷണം ലക്ഷ്യമിട്ടെത്തിയ പ്രതികൾ കത്തിക്കൊണ്ടു കുത്തുകയായിരുന്നു. ഈ കത്തി പിന്നീട് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ജിന്റോയുടെ വലതുകാൽമുട്ടിനു താഴെയാണ് കുത്തേറ്റത്. ഇവിടെ നിന്നും 160-മീറ്ററോളം ഓടിയ ജിന്റോ പൊലിസ് സ്റ്റേഷൻ റോഡിൽ ഫുട്ബോൾ ഫ്രൻഡ് കോച്ചിങ് സെന്ററിനു സമീപം വീഴുകയായിരുന്നു. പൊലിസ് സ്റ്റേഷനിലെത്താമെന്ന പ്രതീക്ഷയിൽ ഒരു ഭാഗത്തേക്ക് ഓടിയെന്നാണ് കരുതുന്നത്.
തിങ്കളാഴ്‌ച്ച പുലർച്ചെ രണ്ടേകാലിനാണ് ജിന്റോയെ റോഡരികിൽ കണ്ടെത്തിയത്. മറ്റൊരു ലോറിയിലുണ്ടായിരുന്ന ഡ്രൈവറും അതുവഴിയെത്തിയ രണ്ടു യുവാക്കളും ചേർന്നാണ് പൊലിസിൽ വിവരമറിയിച്ചത്. അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ചോരവാർന്നാണ് മരം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അറസ്റ്റിലായ അൽത്താഫ് എട്ടുകേസുകളിൽ പ്രതിയാണ്. ഇപ്പോൾ കാഞ്ഞങ്ങാടാണ് താമസം. ഇയാൾ നാലുമാസം മുൻപാണ് ജയിലിൽ നിന്നുമിറങ്ങിയതെന്നു പൊലിസ് പറഞ്ഞു.പ്രതികൾ ഉപയോഗിച്ച കത്തി, ഇടിക്കട്ട, ചോര പുരണ്ട വസ്ത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു.
കാസർഗോഡ് കുമ്പള, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമമുൾപ്പെടെയുള്ള കേസുകൾ കസ്റ്റഡിയിലായ റാഫിക്കെതിരെ നിലവിലുണ്ടെന്നും ജയിലിൽ വച്ചാണ് മൂവരു പരിചയപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു .അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ കണ്ണൂർ നഗരത്തിലെ ക്രമസമാധാന തകർച്ചയിൽ പ്രതിഷേധിച്ചു കണ്ണൂർകോർപറേഷൻ മേയർ രംഗത്തെത്തി. പൊലിസ് കമ്മിഷണറുടെ ഓഫീസിനു സമീപം അതിദാരുണമായ കൊലപാതകം കണ്ണൂരിലെ ക്രമസമാധാനനില എത്രമാത്രം ഭദ്രമാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിന്റോ മരിച്ചുകിടക്കുന്ന സ്ഥലത്ത് വർഷങ്ങൾക്കു മുൻപ് മറ്റൊരു ലോറി ഡ്രൈവറെയും കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു.
കണ്ണൂർ ടൗൺ പൊലിസും ജില്ലയിലെ പൊലിസ് സംവിധാനവും ദുർബലവും കഴിവുകെട്ടതുമാണെന്ന ആരോപണം ജനങ്ങളിൽ ശക്തമായി ഉയർന്നിട്ടുണ്ട്. സ്റ്റേഷനിലെത്തുന്ന സാധാരണക്കാരായ പരാതിക്കാരുടെ മേൽ മെക്കിട്ടു കയറുന്ന ഉദ്യോഗസ്ഥരാണ് കണ്ണൂർ ടൗൺ സ്റ്റേഷിനും മറ്റിടങ്ങളിലുമുള്ളതെന്നാണ് പരാതി. സാധാരണക്കാർക്ക് നീതി നിഷേധിക്കുകയും അവരെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റു ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരാണ് കണ്ണൂർ ടൗൺ സ്റ്റേഷനെയും മറ്റിടങ്ങളെയും നിയന്ത്രിക്കുന്നത്. ഉന്നത സി.പി. എം നേതാക്കളുമായുള്ള അടുപ്പം കാരണം എന്തും ചെയ്യാനുള്ള ലൈസൻസ് ഇവർക്കുണ്ടെന്നാണ് ആരോപണം.
പരാതിയുമായി സ്റ്റേഷനിലെത്തുന്ന സ്ത്രീകളെയടക്കം ചുമതലയുള്ള ഉദ്യോഗസ്ഥർ അവഹേളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നുവെന്ന പരാതി നിരവധി തവണ ഉയർന്നിട്ടുണ്ട്. മേലെചൊവ്വയിൽ നാടോടി ബാലികയെ ട്രെൻഡിൽ കയറി ലൈംഗികപീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച പ്രതിയുടെ പരാതിയിൽ കുട്ടിയുടെ നിരലാംബരായ രക്ഷിതാക്കൾക്കെതിരെ ആദ്യം കേസെടുത്തതടക്കമുള്ള മഹനീയപാരമ്പര്യമാണ് കണ്ണൂർടൗൺ സ്റ്റേഷനിലെ പൊലിസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനുള്ളത്.ഭരണകക്ഷിയിലെ ചില നേതാക്കളുടെ അരുമഭാജനായ ഇവിടത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ സാധാരണക്കാരായ പരാതിക്കാരോട്് ധാർഷ്ട്യത്തോടെയും അപമര്യാദയോടെയുമാണ് പെരുമാറുന്നതെന്ന ആരോപണം ശക്തമാണ്.
ഇത്തരത്തിൽ അവഹേളിതരായ സ്ത്രീകളിൽ ചിലർ വാർത്താസമ്മേളനം വിളിച്ചു ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഉന്നത സി.പി. എം നേതാക്കളുമായി നേരിട്ടുബന്ധമുള്ള ചില പൊലിസുകാർ കണ്ണൂരിലുണ്ട്. ഭരിക്കുന്ന പാർട്ടിക്ക് വിടുപണിയെടുക്കുന്നതാണ് ഇവരുടെ ജോലിയെന്ന ആരോപണം നേരത്തെകോൺഗ്രസും ബിജെപിയുംഉയർത്തിയിരുന്നു. കണ്ണൂർ നഗരത്തിൽ രാത്രി ഒൻപതുമണി കഴിഞ്ഞാൽ അക്രമികളുടെസ്ഥിരം താവളമായ പഴയബസ് സ്റ്റാൻഡിലെ പൊലിസ് എയ്ഡ്പോസ്റ്റ് കാലിയാണ്. ഇവിടെയെത്തുന്ന യാത്രക്കാർ മയക്കുമരുന്ന് മാഫിയയുടെയും പിടിച്ചുപറിക്കാരുടെയും കൈയിൽ നിന്നും ജീവനും കൊണ്ടു രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.
നാലുമാസം മുൻപാണ് കണ്ണൂർ പഴയബസ് സ്റ്റാൻഡിൽ നിന്നും ഒരു ഗുണ്ട ഇരുമ്പ് വടികൊണ്ടു തലയ്ക്കടിച്ചു തളിപറമ്പ് സ്വദേശിയായ യുവാവിനെകൊന്നത്. താവക്കരിയിലെ ബീവ്റേജ് കോർപറേഷന്റെ കോർപറേഷന്റെ ലോഡുമായി എത്തുന്ന ലോറിഡ്രൈവർമാരെ കവർച്ചയ്ക്കിരയാക്കുന്നതും പിടിച്ചുപറിക്കുന്നതും അക്രമിക്കുന്നതും പതിവു സംഭവമാണ്. സ്ഥിരമായി ഇവിടെ ഗുണ്ടാ ആക്രമണം നടക്കാറുണ്ടെന്ന് ലോറി ഡ്രൈവർ മുരളി പറഞ്ഞു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയം, ഡി. ഐ.ജി ഓഫീസ്, കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ, വനിതാ സ്റ്റേഷൻ, കണ്ണൂർ അസി.സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയം,ജില്ലാസായുധസേന വിഭാഗം എന്നിവയൊക്കെയുള്ള സ്ഥലങ്ങളിലാണ് നാടിനെ ഞെട്ടിച്ച ലോറി ഡ്രൈവറുടെ കൊലപാതകം നടന്നത്.




