കണ്ണൂർ: തെയ്യവും തിറയും ക്ഷേത്രോത്സവങ്ങളും തുടങ്ങിയതോടെ തലശേരി താലൂക്കിൽ രാഷ്ട്രീയ സംഘർഷങ്ങൾ പടരുമെന്ന ആശങ്കയിൽ ജനങ്ങൾ. പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പന്ന്യന്നൂർ ചിത്രവയൽ കുരുംബക്കാവിൽ ഞായറാഴ്‌ച്ച രാത്രി വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. ഇവിടെ കോൺഗ്രസ്- ആർ. എസ്. എസ് പ്രവർത്തകരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അക്രമത്തിൽ ആർ. എസ്. എസ് നേതാവിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

പന്ന്യന്നൂർ കുരുംബക്കാവ് ചിത്രവയൽ ക്ഷേത്ര പരിസരത്ത് ആർ എസ് എസ് പ്രവർത്തകർക്കും വീടുകൾക്കും നേരെ അക്രമം നടത്തിയ സംഭവത്തിൽ പാനൂർ പൊലിസ് കണ്ടാലറിയാവുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കുറമ്പക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് ഇരുവിഭാഗവും തമ്മിൽ പ്രശ്നമുണ്ടായത്. അക്രമത്തിൽ ആർ. എസ്. എസ് ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് സി.ടി.കെ അനീഷ്, മണ്ഡൽ കാര്യവഹക് അതുൽ, അടക്കം അഞ്ചുപേർക്ക് പരുക്കേറ്റു.

അനീഷിന്റെ സഹോദരിയുൾപ്പടെ സ്ത്രീകൾക്കും അക്രമത്തിൽ പരുക്കേറ്റു. ഉത്സവസ്ഥലത്തിനിടെയുണ്ടായ സംഘർഷത്തിനെ തുടർന്ന് ആയുധങ്ങളുമായി സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ അനീഷിന്റെ വീടും അടിച്ചുതകർത്തതായി പരാതിയുണ്ട്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ നൂറോളംകോൺഗ്രസ് പ്രവർത്തകർ അക്രമമഴിച്ചുവിട്ടെന്നാണ് പരുക്കേറ്റവരുടെ മൊഴി. പരുക്കേറ്റവരെ പാനൂരിലെയും തലശേരിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ഉത്സവപ്പറമ്പുകളിലെ സംഘർഷമൊഴിവാക്കാൻ ജാഗ്രതയുമായി കണ്ണൂർ ജില്ലാ പൊലിസ് രംഗത്തെത്തിയിട്ടുണ്ട്. ഉത്സവകാലമായതിനാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ക്ഷേത്ര കമ്മിറ്റികൾക്ക് പൊലീസ് നിർദ്ദേശം നൽകി.ഇതു സംബന്ധിച്ച് കണ്ണൂർ പൊലീസ് സബ് ഡിവിഷനു കീഴിലുള്ള ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ യോഗം വിളിച്ചു ചേർക്കുമെന്ന് കണ്ണൂർ അസി. കമ്മിഷണർ ടി.കെ. രത്നകുമാർ അറിയിച്ചു.

രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് പ്രത്യേക യോഗങ്ങളാണ് ജില്ലയിലെ പൊലിസ് സ്റ്റേഷനുകളിൽ ചേരുക. വൻ ജനക്കൂട്ടം എത്തുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ മുൻകരുതലിന്റെ ഭാഗമായിട്ടാണ് ക്ഷേത്ര കമ്മിറ്റികൾക്ക് പൊലീസ് നിർദ്ദേശം നൽകിയത്. ഉത്സവകാലത്ത് എല്ലാ ക്ഷേത്രങ്ങളിലും പൊലീസ് സാന്നിധ്യവുമുണ്ടാകുമെന്ന്കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ അറിയിച്ചു.