തളിപ്പറമ്പ്: കണ്ണൂരിൽ പാടിയോട്ടും ചാലിൽ കോടികളുടെ ക്രിപ്റ്റോ ഇടപാടിൽ പങ്കാളികളായവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും, അനുബന്ധ ആരോപണങ്ങൾ പാർട്ടിയുടെ ഉറക്കം കെടുത്തുത്തുന്നു. പാർട്ടി ഏരിയാ കമ്മിറ്റി രൂപീകരിച്ച അന്വേഷണ കമ്മിഷൻ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ശരിവച്ചിരുന്നു. ഏകദേശം മുപ്പതു കോടിയുടെ ഇടപാടുകളാണ് ഇവർ കേരളാ കോൺഗ്രസ് നേതാവിന്റെ മകനായ വിദ്യാർത്ഥിയെ മുൻ നിർത്തി നടത്തിയത്. അതിനിടെ, പെരിങ്ങോം പൊലിസ് സ്റ്റേഷൻ പരിധിയിലെ പാടിയോട്ടുംചാലിലെ ക്രിപ്റ്റോകറൻസി ഇടപാടിൽ സി.പി. എം ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന ആരോപണം പാർട്ടിക്കുള്ളിൽ ശക്തമായി.

പെരിങ്ങോം ഏരിയാകമ്മിറ്റിയിലെ ചില നേതാക്കൾക്കാണ് ഇതുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നിരിക്കുന്നത്. പാർട്ടി നടപടിയെടുത്ത നാലംഗസംഘവുമായി ഇവർക്കു ബന്ധമുണ്ടെന്നും പെരിങ്ങോം ഏരിയയുടെ വിവിധഭാഗങ്ങളിൽ നിന്നും ലക്ഷങ്ങൾ ക്രിപ്റ്റോകറൻസി ട്രേഡിങിനായി ഇവർ ഇടനിലക്കാരായി സമാഹരിച്ചു നൽകിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാൽ ബിസിനസിൽ പാളിച്ചകളും ഭിന്നതകളുമുണ്ടായതോടെ ഇടനിലക്കാരായി നിന്ന നേതാക്കൾ പാർട്ടി നടപടി ഭയന്ന് തടിയൂരുകയായിരുന്നു.

മുപ്പതിനായിരം രൂപ നിക്ഷേപമായി വാങ്ങി ഒരു മാസത്തിനുള്ളിൽ അൻപതിനായിരം തിരിച്ചു നൽകിയതിലൂടെ മുപ്പതുകോടി രൂപയുടെ കള്ളപ്പണം ഇവർ വെളുപ്പിച്ചെടുത്തതായാണ് ആരോപണം. പലരിൽ നിന്നും ഇതിലേക്കായി ലക്ഷങ്ങൾ കൈപ്പറ്റിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ചെറുപുഴയിലെ കേരളാകോൺഗ്രസ് നേതാവിന്റെ മകനുമായി ചേർന്നാണ് പടിയോട്ടുംചാൽ ലോക്കൽ കമ്മിറ്റിയംഗങ്ങളായ എ. അഖിൽ, സേവ്യർ പോൾ, റാംഷ എന്നിവരും ബ്രാഞ്ച് അംഗമായ കെ.സുകേഷും ഡിജിറ്റൽ മണിയുടെ വിനിമയ രൂപമായ ക്രിപ്റ്റോ കറൻസിയുൾപ്പെടെ ഉപയോഗിച്ച് കോടികളുടെ ട്രേഡിങ് ഇടപാട് നടത്തിയതെന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

എന്നാൽ, കേരളാകോൺഗ്രസ് നേതാവിന്റെ മകനുമായി പത്തുകോടി രൂപയെ ചൊല്ലിയുള്ള തർക്കത്തിൽ തെറ്റുകയും വിദ്യാർത്ഥിയായ കേരള കോൺഗ്രസ് നേതാവിന്റെ മകനെതിരെ ഭീഷണിമുഴക്കുകയും ചെയ്തുവെന്നാണ് വിവരം. ഇതിനെ തുടർന്നാണ് പിതാവ് ദിവസങ്ങൾക്കുമുൻപ് തളിപറമ്പിലെത്തിയ സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന് രേഖാമൂലം പരാതി നൽകിയത്. എം.വിഗോവിന്ദന്റെ നിർദ്ദേശപ്രകാരം പാർട്ടി കണ്ണൂർ ജില്ലാകമ്മിറ്റി സംഭവത്തെ കുറിച്ചു അന്വേഷിക്കുകയും സാമ്പത്തിക തട്ടിപ്പ് ഇവരുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ടെന്ന് വ്യക്തമാവുകയായിരുന്നു.

ഇതേ തുടർന്നാണ് പെരിങോം ഏരിയാകമ്മിറ്റി നാലംഗ സംഘത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. എന്നാൽ പ്രാദേശികമായ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇതേപ്പറ്റി ചർച്ച നടത്തിയിരുന്നതായുമാണ് പാടിയോട്ടുംചാൽ ലോക്കൽ നേതൃത്വം പ്രതികരിച്ചത്. ആരോപണവിധേയർക്കെതിരെ നടപടിയെടുക്കണമെങ്കിൽ പാർട്ടിതലത്തിലുള്ള നടപടി ക്രമീകരണങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തി അവരെ പുറത്താക്കിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ലോക്കൽ നേതൃത്വം അറിയിച്ചു.

ഈ വിഷയത്തിൽസി.പി. എം കണ്ണൂർ ജില്ലാ നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പാർട്ടിയുടെ ശക്തി കേന്ദ്രമായ പെരിങോത്തും നിന്നുമയർന്ന കോടികളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ കണ്ണൂർ ജില്ലയിലെ പാർട്ടികേന്ദ്രങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട് പയ്യന്നൂരിന് സമാനമായി ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നത് പാർട്ടി നേതൃത്വത്തിന് വരും ദിനങ്ങളിൽ തലവേദന സൃഷ്ടിക്കുമെന്നാണ് സൂചന.