തലശ്ശേരി: മദ്യലഹരിയിൽ ആക്രമാസക്തനായ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ധർമടം ചിറക്കുനിയിൽ ആയിശ ഹൗസിൽ ആഷിഫിനെ (28) ആണ് അനുജൻ അഫ്‌സൽ കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. മദ്യപിച്ച ആഷിഫുമായി അഫ്‌സൽ വാക്കുതർക്കത്തിലേർപ്പെട്ടു.

ഇതിനിടെ അഫ്സലിന്റെ കൈപിടിവലിക്കിടെ മുറിഞ്ഞു. പ്രകോപിതനായ അഫ്‌സൽ കത്തി ഉപയോഗിച്ച് ആഷിഫിന്റെ വയറിൽ കുത്തുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. നിലവിളികേട്ടു നാട്ടുകാരാണ് ആഷിഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലിസും സ്ഥലത്തെത്തിയിരുന്നു. തലശേരിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് ആഷിഫ് മരിച്ചത്. അഫ്‌സലിനെ ധർമടം പൊലിസ് അറസ്റ്റുചെയ്തു.

അഫ്‌സൽ കുത്താൻ ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കുത്തിപ്പരുക്കേൽപ്പിച്ചതിനെ തുടർന്ന് രാത്രി തന്നെ അഫ്‌സലിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ആഷിഫ് പംബ്ലർ തൊഴിലാളിയാണ്. വീട്ടിൽ നിന്നു അധികദിവസവും ബഹളം കേൾക്കാറുണ്ടെന്നു പരിസരവാസികൾ പറഞ്ഞതായി പൊലിസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ആഷിഫ് സ്ഥിരമായി ബഹമുണ്ടാക്കുക പതിവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ധർമടം പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. ഇതേ ചൊല്ലി ആഷിഫും അഫ്സലും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഈ വൈരാഗ്യമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പരേതനായ അഷ്‌റഫിന്റെയും എംപി ഫൗസിയുടെയും മകനാണ് ആഷിഫ്. മറ്റുസഹോദരങ്ങൾ: അർഷാദ്, അജിനാസ്, ഫാത്തിമ.