- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഡല്ലൂരിൽ വാട്ടർമീറ്റർ മോഷ്ടിച്ചു തുടക്കം; നഗ്‌നനായി യാത്ര ചെയ്തു മോഷണം നടത്തുന്നത് ശീലമാക്കി; സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യം തെളിവായി; കണ്ണൂരുകാരുടെ ഉറക്കം കെടുത്തിയ ഗുഡല്ലൂരുകാരൻ കള്ളനെ പിടികൂടിയത് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ
കണ്ണൂർ: ഒരു മാസത്തോളം കണ്ണൂർ നിവാസികളുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ പൊലീസ് കുരുക്കിയത് വീടുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ. രാത്രികാലങ്ങളിൽ മോഷണം പതിവാക്കിയ തമിഴ്‌നാട് ഗുഡല്ലൂർ ബിതർകാഡ് സ്വദേശി അബ്ദുൽ കബീറിനെ(വാട്ടർ മീറ്റർ കബീർ 56)യാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നിന്നു കണ്ണൂരിലേക്കു വരുന്ന വഴി കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അബ്ദുൾ കബീറിനെ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ബിനു മോഹനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. കണ്ണൂർ നഗര പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പതിഞ്ഞ ഇയാളുടെ ദൃശ്യം ആളെ തിരിച്ചറിയാൻ എളുപ്പമാക്കി. കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ ഗ്രിൽ കുത്തിത്തുറക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽ പതിഞ്ഞിരുന്നു.
പകൽ സമയങ്ങളിൽ താമസമില്ലാത്ത വീടുകൾ കൃത്യമായി നിരീക്ഷിച്ച് രാത്രി ആ വീടുകളിൽ മോഷണത്തിനെത്തുകയാണ് ഇയാളുടെ രീതി. ശനി, ഞായർ അവധി ദിവസങ്ങളിൽ മാത്രം വീട്ടിൽ വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റും വീടുകളാണ് ഇയാൾ സ്ഥിരമായി മോഷണത്തിന് തിരഞ്ഞെടുക്കുന്നത്. രണ്ട് വീടുകളിൽ ഇയാൾ മോഷണം നടത്തുന്നതിന്റെയും നഗ്‌നനായി നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ഇയാൾ ബസ് മാർഗം വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ ശ്രമകരമായ ദൗത്യത്തിലാണ് ശനിയാഴ്ച രാവിലെ പ്രതി വലയിലായത്. പ്രാഥമിക ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.
ഒരു മാസമായി നഗരത്തിൽ വിലസിയ കള്ളനെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, എടക്കാട് പൊലീസ് സ്റ്റേഷനുകളിലും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുമായി ഇയാൾക്കെതിരേ മോഷണത്തിനു കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. അബ്ദുൽ കബീറിനേയും കൊണ്ടു മോഷണം നടന്ന പ്രദേശങ്ങളിൽ പൊലീസ് തെളിവെടുത്തു.
ഗൂഡല്ലൂരിൽ വാട്ടർമീറ്റർ മോഷ്ടിച്ചായിരുന്നു ഇയാളുടെ മോഷണത്തിലേക്കുള്ള തുടക്കമെന്ന് പൊലീസ് പറഞ്ഞു. നഗ്‌നനായി യാത്ര ചെയ്തു മോഷണം നടത്തുകയായിരുന്നു പിന്നീട് ഇയാളുടെ രീതി. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. പൂർണ നഗ്‌നനായും മറ്റു ചിലപ്പോൾ അർധ നഗ്‌നനായുമാണ് ഇയാൾ മോഷണത്തിന് ഇറങ്ങാറുള്ളത്. കഴിഞ്ഞ ഒരു മാസമായി ഇയാൾ നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട്. പ്രായമുള്ളവർ മാത്രമുള്ളതോ അല്ലെങ്കിൽ സ്ത്രീകൾ മാത്രമുള്ളതോ അല്ലെങ്കിൽ അംഗങ്ങൾ വളരെ കുറഞ്ഞ വീടുകളിലോ ആണ് ഇയാൾ മോഷണം നടത്താറുള്ളത്.
പൂർണ നഗ്‌നമായി തലയിൽ തുണി മറച്ചു മോഷണത്തിനു എത്തുന്ന ഇയാളുടെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആൾപെരുമാറ്റം കേട്ടാൽ ഇരുട്ടിൽ ഓടിമറയും. ഹൈസ്‌കൂൾ വിദ്യാഭ്യാസം ഉള്ള ഇയാൾക്കു ഭാര്യയും 2 മക്കളുമുണ്ട്. പൊതുവെ ശാന്തസ്വഭാവമാണ്. മോഷണത്തിനിടെ ആരേയും അക്രമിക്കാറില്ല. മോഷ്ടിച്ചു കിട്ടുന്ന മുതൽ വിൽപന നടത്തി ആർഭാട ജീവിതം നയിക്കുന്നതാണു രീതി. ഒറ്റയ്ക്കാണ് ഇയാൾ മോഷണത്തിനെത്താറുള്ളത്.
കഴിഞ്ഞമാസം 20നാണ് താവക്കര ഭാഗത്തെ വീട്ടുപരിസരങ്ങളിൽ മോഷ്ടാവ് എത്തിയ വിവരം ആദ്യം അറിയുന്നത്. അന്നു തന്നെ ഇയാളുടെ സിസിടിവി ദൃശ്യം സഹിതം താവക്കര റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ടൗൺ പൊലീസിൽ പരാതി നൽകിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. ഇതോടെ നാട്ടുകാരുടെ ആശങ്കയിലുമായി.
കണ്ണൂക്കര, താവക്കര എന്നിവിടങ്ങളിലെ വീടുകളിൽ നിന്നു പണവും സാമഗ്രികളും മോഷ്ടിക്കുകയും ചെയ്തു. അടുത്ത ദിവസം മോഷ്ടാവ് ഇരുട്ടിന്റെ മറവിൽ നഗരത്തിലെ മിക്ക വീട്ടുമുറ്റങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ആശങ്കയിലായിരുന്നു നാട്ടുകാർ. അഴീക്കോട് കടപ്പുറം റോഡ് പരിസരങ്ങളിലും നഗ്‌നമോഷ്ടാവ് എത്തി. താളിക്കാവ്, മാണിക്കക്കാവ് പരിസരം, താണ എന്നിവിടങ്ങളിലെ സിസിടിവികളിലും ഇയാളുടെ ദൃശ്യം കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ