കണ്ണൂര്‍: പയ്യാമ്പലത്തെ പരീക്ഷാ സെന്ററില്‍ നിന്നും ചെറിയ ക്യാമറ ഉപയോഗിച്ചു യുവാവ് പി. എസ്. സി പരീക്ഷയില്‍ ഹൈടെക് സംവിധാനങ്ങളോടെ കോപ്പിയടിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പരീക്ഷാ സെന്ററിന് പുറത്തു നിന്നും മൊബൈല്‍ ഫോണ്‍ വഴി യുവാവിന് ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തയാള്‍ക്കു വേണ്ടിയാണ് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

കണ്ണൂര്‍ പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കണ്ണൂര്‍ പെരളശേരി സ്വദേശി പി. മുഹമ്മദ് സഹദാ (27) ണ് പി.എസ്.സി വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്. ഷര്‍ട്ടിന്റെ കോളറിന് സമീപം വളരെ ചെറിയ ക്യാമറ ഉപയോഗിച്ചു ചോദ്യ പേപ്പറിലെ ചോദ്യങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തു ചെവിയില്‍ തിരുകി വെച്ച ഇയര്‍ഫോണ്‍ വഴിയാണ് ഉത്തരങ്ങള്‍ കേട്ട് ഇയാള്‍ എഴുതിയിരുന്നത്.

നേരത്തെ സഹദിനെ കുറിച്ചു പി. എസ്. സി വിജിലന്‍സ് സ് ക്വാഡിന് സംശയങ്ങളുണ്ടായിരുന്നു. രഹസ്യ വിവരമനുസരിച്ചാണ് റെയ്ഡ് നടത്തിയത്. സ്‌ക്വാഡ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍, ക്യാമറ, ഇയര്‍ഫോണ്‍ എന്നിവ പൊലിസ് പിടികൂടിയിട്ടുണ്ട്.

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലിസിന് വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. സഹദ് നേരത്തെ എഴുതിയ പരീക്ഷകളെ കുറിച്ചു പി. എസ്. സി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 30 ന് എഴുതിയ പരീക്ഷകള്‍ ഉള്‍പ്പെടെ മുഴുവന്‍ പരിശോധിക്കും. സഹദിനെ ഡീബാര്‍ ചെയ്യാനാണ് തീരുമാനം. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.