കണ്ണൂർ: കണ്ണൂർ ജില്ലയിൽ പൊലിസിനെതിരെ പിതാവ് വെടിയുതിർക്കുന്നതിനിടെ ഒളിവിൽ പോയ വധശ്രമ കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. ചിറയ്ക്കൽ ചിറയുടെ സമീപത്തെ വീട്ടിൽ നിന്നും, പൊലീസിനെതിരെ വെടിവെച്ച ഡോക്ടറുടെ മകനായ റോഷ (46) നാണ് അറസ്റ്റിലായത്.

വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിൽ ചിറയ്ക്കൽ ചിറയ്ക്കു സമീപമുള്ള വീട്ടിൽ നിന്നും റെയ്ഡിനിടെ പൊലീസിനെതിരെ വെടിവെച്ച ഡോ.ബാബു ഉമ്മൻ തോമസിന്റെ മകനും നിരവധി കേസുകളിലെ പ്രതിയുമായ ചിറക്കൽ സ്വദേശി റോഷനെ(46) യാണ് കൊച്ചിയിൽ നിന്ന് വളപട്ടണം പൊലിസ് അറസ്റ്റുചെയ്തത്.

വധശ്രമ കേസുകളിൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ റോഷൻ സംഭവത്തിന് ശേഷം കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് നാട്ടിലേക്ക് മടങ്ങും വഴി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് വളപട്ടണം പൊലീസ് ബുധനാഴ്ച റോഷനെ കൊച്ചിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഒരുക്കത്തിനിടെ അറസ്റ്റു ചെയ്തത്. ഇയാളെ വ്യാഴാഴ്ച ഉച്ചയോടെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറക്കൽ ചിറയിലെ വീട്ടിൽ നവംബർ മൂന്നിന് രാത്രി പത്തരയോടെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ ചെന്നപ്പോൾ റോഷന്റെ പിതാവ് ഡോ.ബാബു ഉമ്മൻ തോമസ് വളപട്ടണം എസ്‌ഐ ക്കും സംഘത്തിനുമെതിരെ വെടിയുതിർത്തിരുന്നു. തുടർന്ന് കണ്ണൂർ സിറ്റി എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് വീടു വളഞ്ഞ് ബാബു ഉമ്മൻ തോമസിനെ കീഴടക്കിയത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

നവംബർ മൂന്നിനായിരുന്നു പ്രതിയെ തപ്പി പൊലീസ് ചിറക്കൽ ചിറയ്ക്കു സമീപം താമസിക്കുന്ന ഡോ: ബാബു ഉമ്മൻ തോമസിന്റെ വീട്ടിലെത്തുന്നത്. പൊലീസ് എത്തിയപ്പോൾ വീടാക്രമണത്തിനെത്തിയ സംഘമാണെന്ന് കരുതി ഡോ. ബാബു ഉമ്മൻ തോമസ് വെടിവയ്ക്കുകയായിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡോ.ബാബു ഉമ്മൻ തോമസിനെ അറസ്റ്റു ചെയ്തത്.

ഇതിനിടെയിൽ വീട്ടിലെ മുറിയിൽ ഒളിച്ചിരുന്ന വധശ്രമ കേസിലെ പ്രതിയായ റോഷൻ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 22 ന് തമിഴ് നാട് കല്ലുക്കുറിച്ചി സ്വദേശിയായ പി.പി ബാലാജിയെ ചിറയ്ക്കൽ ചിറയ്ക്കു സമീപമുള്ള താമസസ്ഥലത്തു നിന്നും വധിക്കാൻ ശ്രമിച്ചതിനാണ് റോഷനെതിരെ വളപട്ടണം പൊലിസ് കേസെടുത്തത്.

എൽ.എൽ.ബി കഴിഞ്ഞ റോഷൻ വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് പൊലീസ് പിടികൂടുന്നതിനായി രാത്രിയിൽ വീട്ടിലെത്തിയത്. കോളിങ് ബെൽ അടിച്ചിട്ടും മുൻ വശത്തെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പുറകു വശത്തെ ഗോവണി വഴി ഒന്നാം നിലയിൽ കയറി റോഷൻ ഒളിച്ചിരിക്കുന്ന മുറിയുടെ വാതിലിൽ മുട്ടി വിളിക്കുകയും ചെയ്യുന്നതിനിടെയാണ് വളപട്ടണം എസ്. ഐ നിഥിനും സംഘത്തിനുമെതിരെ ബാബു ഉമ്മൻ തോമസ് മൂന്നുതവണ വെടി വെച്ചത്. എസ് ഐ യും സംഘവും തറയിൽ കിടന്നതു കാരണമാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.