- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണ്ണൂർ സ്ക്വാഡ്' പിടികൂടിയത് നഗരത്തെ മോഷണപരമ്പരകളിലൂടെ വിറപ്പിച്ച ഷാജഹാനെ; സോഷ്യൽമീഡിയയിൽ അഭിനന്ദനപ്രവാഹം., പ്രതിയെ പിടികൂടിയത് രണ്ടുവർഷത്തെ അന്വേഷണത്തിനൊടുവിൽ; കുടുക്കിയത് ജയിലിൽ നിന്നുലഭിച്ച സൂചനകൾ
കണ്ണൂർ: മോഷണ പരമ്പരകളിലൂടെ കണ്ണൂർ നഗരവാസികളുടെ ഉറക്കംകെടുത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ രണ്ടുവർഷത്തെ നിരന്തര അന്വേഷണത്തിലൂടെ കണ്ണൂർ നഗരത്തിലെ പൊലിസുകാരുടെ ടീം വർക്കിൽ പിടികൂടി. നഗരവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയ പൊലീസ് സംഘത്തെ മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്‌ക്വാഡായി വിശേഷിപ്പിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പലരും അഭിനന്ദിക്കുന്നത്.
നഗരത്തിലും മറ്റിടങ്ങളിലും രാത്രികാലങ്ങളിൽ മാസ്‌കണിഞ്ഞ് അർധനഗ്നായെത്തി വീടുകൾ കുത്തിതുറന്ന് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷടാവിനെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയത്. കോട്ടയം ജില്ലക്കാരനും കഴിഞ്ഞ ഇരുപതു വർഷമായി തളിപറമ്പ് കുറ്റിക്കോലിലെ ഭാര്യവീട്ടിൽ താമസിച്ചുവരുന്ന ബൈജുവെന്നറിയപ്പെടുന്ന ഷാജഹാനാ(58)ണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി കണ്ണൂർ നഗരത്തിൽ മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് കണ്ണൂർ ടൗൺസി. ഐ ബിനു മോഹൻ പറഞ്ഞു. പൊലിസ് നടത്തിയ രാത്രികാല പട്രോളിങിനിടെയാണ് നഗരത്തിൽ അസ്വാഭാവിക സാഹചര്യത്തിൽ ഷാജഹാനെ കണ്ടെത്തുന്നത്.
കാഞ്ഞങ്ങാട്ടെ ഒരുവീട്ടിൽ നിന്ന് 35-പവൻ കവർന്ന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു. 2020-ൽ പുറത്തിറങ്ങിയ പ്രതി കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തിവരികയായിരുന്നു. ആലപ്പുഴ, കാഞ്ഞങ്ങാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. പകൽ മുഴുവൻ കറങ്ങി നടന്ന് ആൾതാമസമുള്ള വീടുകൾ നിരീക്ഷിച്ചു കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. ആൾ താമസമുള്ള വീടുകളിൽ മാത്രം മോഷണം നടത്തുന്ന ഇയാൾ അർധനഗ്നനായാണ് കവർച്ചയ്ക്കായി കയറിയിരുന്നത്. ചിലവീടുകളിൽ നിന്നും ലഭിച്ച സി.സി.ടി. വിദൃശ്യങ്ങളിൽ നിന്നും ഇയാളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും പ്രായം 30-35 വയസു തോന്നുന്നതിനാൽ ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. വീടുകളിലെ പിന്നാമ്പുറത്തെ വാതിലുകളും ജനലുകളും തകർത്താണ് ഇയാൾ അകത്തേക്കു കയറിയിരുന്നത്. കണ്ണൂർതാണയിലെ ഡോക്ടറുടെവീട്ടിലും മുഴത്തടം,തോട്ടട, കുറുവ,തുളിച്ചേരി എന്നിവിടങ്ങളിലും ഇയാൾ കവർച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
കണ്ണൂർ താണയിലെ വീട്ടിൽ നിന്നും 35- പവനും പണവും മോഷണം നടത്തിയ കേസിലാണ് പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഇരുപതുവർഷമായി തളിപറമ്പ് കുറ്റിക്കോലിലെ ഭാര്യവീട്ടിൽ ഇയാൾ താമസിച്ചു വരികയായിരുന്നു. രണ്ടുവർഷത്തോളമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതിക്കായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലും സബ്ജയിലിലും ഇയാളെ തിരിച്ചറിയുന്നതിനായി അന്വേഷണം നടത്തി. ഒടുവിൽ തടവുകാരിൽ ചിലർ സി.സി.ടി.വി ദൃശ്യങ്ങൾ തിരിച്ചറിഞ്ഞതോടെയാണ്ഷാജഹാനെ പൊലിസ് അറസ്റ്റു ചെയ്തത്.നല്ലമഴയുള്ള ദിവസങ്ങളിലാണ് ഇയാൾ മിക്ക കവർച്ചകളും നടത്തിയിരുന്നത്.
വീട്ടുകാർ നല്ല ഉറക്കത്തിലാകുന്ന സമയത്താണ് ഇയാൾ ശബ്ദുമുണ്ടാക്കാതെ വീടുകുത്തിതുറന്ന് കവർച്ച നടത്തിയിരുന്നത്. മോഷണം നടത്തിയതിനു ശേഷം തളിപറമ്പിലെ താമസസ്ഥലത്തേക്ക് മുങ്ങുന്നതാണ് ഇയാളുടെ പതിവെന്നു പൊലിസ് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിക്കുകയോ മറ്റുതെളിവുകൾ അവശേഷിപ്പിക്കുകയോ ചെയ്യാതെ അതിവിദഗ്ദ്ധമായാണ് ഷാജഹൻ മോഷണം നടത്തിയിരുന്നത്.
വീടുകളിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ കൈവശപ്പെടുത്തിയും തകർത്തുമായിരുന്നു മോഷണം നടത്തിവന്നിരുന്നത്. മുഖത്ത് മാസ്‌കണിഞ്ഞുകൊണ്ടുള്ള മോഷണമായതിനാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഇയാളെ വ്യക്തമായിരുന്നില്ല. മോഷണ സമയത്ത് മെയ്‌ക്കപ്പണിഞ്ഞും മുടികറുപ്പിച്ചും പൊലിസിനെ കബളിപ്പിച്ചാണ് ഷാജഹാൻ കവർച്ച നടത്തിയത്. യഥാർത്ഥത്തിൽ അൻപത്തിയെട്ടുവയസുണ്ടെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയത് യുവാവിന്റെ ദൃശ്യങ്ങളായിരുന്നു. ഇതാണ് പൊലിസിനെ വട്ടംകറക്കിയത്.
തുളിച്ചേരിയിൽ ഉറങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ മാല കവർന്നു രക്ഷപ്പെടുന്നതിനിടെയാണ് ഇയാൾ സി.സി.ടി.വി ദൃശ്യങ്ങളിൽ കുടുങ്ങിയത്. ഇതാണ് കേസിലെ വഴിത്തിരിവായത്. പൂട്ടിയിട്ട വീടുകൾ കുത്തിതുറന്ന് മോഷണം നടത്തുന്ന സ്വർണാഭരണങ്ങൾ വിറ്റിരുന്നത് തളിപ്പറമ്പിലെ ഒരു ജൂവലറിയിലാണെന്ന് ഷാജഹാൻ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഭാര്യയുടെയും ബന്ധുക്കളുടെയും സ്വർണാഭരണങ്ങൾ വിൽക്കുകയാണെന്നാണ് ഇയാൾ ജൂവലറി ഉടമയെ വിശ്വസിപ്പിച്ചിരുന്നത്.
ഇതു പ്രകാരം ഇവിടെ നടത്തിയ റെയ്ഡിൽ ആഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഷാജഹാനിൽ നിന്നും സ്വർണം വാങ്ങിയ ഒരാളെ പൊലിസ് തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലെ ചില ക്ഷേത്രകവർച്ചയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടാൻ അപേക്ഷ നൽകും. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കണ്ണൂർ ടൗൺ പൊലിസ് അന്വേഷണം നടത്തിയത്. മോഷണത്തിനിറങ്ങുമ്പോൾ ഷാജഹാന് കൂട്ടാളികളാരുമില്ലെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. എന്നാൽ മോഷണമുതലുകൾ വിൽക്കാൻ ഇയാൾ പലരുടെയും സഹായം തേടിയിരുന്നു. ഇതുവിറ്റുകിട്ടുന്ന പണംകൊണ്ടാണ് സുഖകരമായി ജീവിച്ചിരുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളാണ് ഇയാൾ പലവീടുകളിൽ നിന്നായി കവർന്നെടുത്തത്. ഇതിന്റെകൂടെ ലഭിക്കുന്ന പണമെടുക്കാറുണ്ടെങ്കിലും മറ്റുവിലപിടിപ്പുള്ള സാധനങ്ങളും അപഹരിക്കാറില്ലെന്നാണ് പൊലിസ് പറയുന്നത്. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ സ്‌ക്വാഡ്അംഗങ്ങളായ ഇൻസ്പെക്ടർ ബിനുമോഹൻ, എസ്. ഐമാരായ ഷമീൽ, സവ്യസാചി, ഹാരിസ്, അനീഷ്, എ. എസ്. ഐ അജയൻ, രഞ്ചിത്ത്, സീനിയർ സിവിൽ പൊലിസ് ഓഫീസർ നാസർ, ഷൈജു, രാജേഷ്, സി.പി.ഒ മാരായ ഷിനോജ്, രമീസ്, ധനേഷ്, ബാബു എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്