കണ്ണൂര്‍: കൂത്തുപറമ്പിന് സമീപം നീര്‍വേലിയില്‍ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍വേലി നിമിഷ നിവാസില്‍ ഇ.കിഷന്‍ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷന്‍ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതില്‍ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം.

കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടില്‍ താമസം. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുനിലാണ് കിഷന്റെ പിതാവ് (പികെഎസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്). മാതാവ്: നിമിഷ. സഹോദരന്‍: അക്ഷയ് (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി, മയ്യില്‍).

കൃഷന്‍ നേരത്തെ പോക്‌സോ കേസില്‍ പ്രതിയാണ് എന്ന് പൊലീസ് പറയുന്നു. ഒരാഴ്ച്ചക്കിടെ കണ്ണൂരിനെ നടുക്കുന്ന കൂട്ട ആത്മഹത്യയാണ് ഉണ്ടായിരിക്കുന്നത്. രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം പുറത്തുവന്നത് നാല് ദിനം മുമ്പാണ്. വടക്കുമ്പാടം സ്വദേശി കലാധരനും അമ്മ ഉഷയും കലാധരന്റെ രണ്ടു മക്കളുമാണ് മരിച്ചത്.

കലാധരന്റെ ഭാര്യ അന്നൂര്‍ സ്വദേശി നയന്‍താര കലാധരനും കുടുംബത്തിനുമെതിരെ നിരന്തരം കേസുകള്‍ നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. വിവാഹമോചന ക്കേസും നിലവിലുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളെ നയന്‍താരക്കൊപ്പം വിടാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മനസ് മടുത്താണ് കടുംകൈ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.