കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷൻ എട്ടാം നമ്പർ യാർഡിൽ നിന്നും കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിൽ തീവെച്ചയാളുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തിയതായി ഉത്തര മേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.കൊൽക്കത്ത 24 നോർത്ത് ഫർഗാന സ്വദേശി പ്രസൂൺജിത്ത് സിദ്ഗറാണ് അറസ്റ്റിലായത്.

മൂന്ന് ദിവസം മുൻപാണ് തലശേരിയിൽ നിന്നും പ്രതിയായ ഇയാൾ കണ്ണൂരിലേക്ക് നടന്നത്. എന്നാൽ ഭിക്ഷാടനം നടത്താൻ കണ്ണൂരിൽ റെയിൽവെ പൊലിസും ബി.പി.സി. എൽ ജീവനക്കാരും അനുവദിക്കാതെ ആട്ടിയോടിച്ചുവെന്നും ഇതിന്റെ വൈരാഗ്യവും നിരാശയുമാണ് ട്രെയിനിന് തീയിടാൻ പ്രേരിപ്പിച്ചുവെന്നാണ് പ്രതിയുടെ മൊഴി. പൊതുവെ മലയാളികൾക്ക് ഭിക്ഷ നൽകാനുള്ള മടിയും ആട്ടിയോടിക്കലും കാരണം തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നാണ് പ്രതിയുടെ മൊഴി.

നേരത്തെ കൊൽക്കൊത്തയിലെ ഇലക്ട്രീഷ്യനായിരുന്ന പ്രതി പിന്നീട് ജോലി തേടി കൊൽക്കൊത്ത വിടുകയായിരുന്നു. പിന്നീട് ഡൽഹി, അഗ്ര ,എറണാകുളം, എന്നിവിടങ്ങളിലുണ്ടായിരുന്ന ഇയാൾ ഭിക്ഷാടനം നടത്താനാണ് കണ്ണുരിലേക്ക് എത്തിയത്. സ്ഥിരമായി ബീഡി വലിക്കുന്നയാളാണെന്നും അതിനായി ഉപയോഗിക്കുന്ന തീപ്പെട്ടി കൊണ്ടാണ് തീ വെച്ചതെന്നും സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്നും ഐ.ജി. പറഞ്ഞു.

പ്രതിയുടെ ചോദ്യം ചെയ്യൽ, വൈദ്യ പരിശോധന എന്നിവ നടത്തിയിട്ടുണ്ട്. ഇതിനു ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു രേഖപ്പെടുത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കും.കണ്ണൂർ ടൗൺ പൊലിസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊൽക്കത്ത സ്വദേശിയായ ഇയാൾ നേരത്തെ മറ്റു കേസുകളിൽ പ്രതിയാണോയെന്ന കാര്യം ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും ഐജി പറഞ്ഞു. കണ്ണൂർ സിറ്റി സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ ജീവിത സാഹചര്യമറിയുന്നതിനായി കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്. കൈയിൽ പണമില്ലാത്തതിന്റെ മാനസികപ്രയാസമാണ് പ്രതിയെ അക്രമത്തിന് പ്രേരിപിച്ചത്. തീവയ്പിനെ കുറിച്ച് മറ്റു എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കണ്ണൂർ എ.സി.പി. ടി.കെ രത്‌നകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ ആൾ മുമ്പ് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് മുമ്പ് തീയിട്ടയാളാണ്. റെയിൽവേ അധികൃതർ പൊലീസിൽ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. എലത്തൂർ തീവെപ്പ് കേസിൽ കണ്ണൂർ റയിൽ വേ സ്റ്റേഷനിലടക്കം ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിരുന്നെങ്കിലും കാര്യമായ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

പ്രതി തീവെപ്പിന് തൊട്ട് മുമ്പ് ട്രാക്ക് പരിസരത്ത് ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ബി.പി.സി.എൽ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയും പ്രതിയിലേക്ക് എത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ട്രെയിനിന്റെ ബോഗിക്ക് തീയിട്ടത്. ബുധനാഴ്ച രാത്രി 11ഓടെ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ശേഷം മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാം യാർഡിൽ നിർത്തിയിട്ട ട്രെയിനിന്റെ പിന്നിൽനിന്ന് മൂന്നാമത്തെ ജനറൽ കോച്ചിനാണ് തീയിട്ടത്. മറ്റു കോച്ചുകൾ പെട്ടെന്ന് വേർപെടുത്തിയതിനാൽ തീപടരുന്നത് തടയാനായി. പുലർച്ചെ രണ്ടരയോടെ തീയണച്ചു. ട്രെയിനിന്റെ ശുചിമുറിയുടെ ചില്ലുകൾ തകർത്ത നിലയിലാണ്. ക്ലോസറ്റിൽനിന്ന് വലിയ കല്ല് കണ്ടെത്തിയിരുന്നു.

അതേസമയം ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നത് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകീട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു. ഇതിന്ടെ ഫലം കൂടി ലഭിച്ചാലേ കൂടുതൽ നടപടി ഉണ്ടാകൂ. ഔട്ടർ ട്രാക്കിനോട് ചേർന്ന സ്ഥലം കാടു കയറി കിടക്കുകയാണ്. രാത്രിയായാൽ ഈ പ്രദേശത്ത് ലഹരി മാഫിയയും തമ്പടിക്കുന്നതായി പരാതിയുണ്ട്. സുരക്ഷാ മതിലുകളില്ലാത്തതിനാൽ ആർക്കും ഈ വഴി റയിൽവേ സ്റ്റേഷന്റെ അകത്തേക്ക് കടക്കാമെന്ന അവസ്ഥയാണുള്ളത്.