- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ കോടികൾ ഒഴുകിയത് വിദേശത്തേക്കോ? പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നയാ പൈസയില്ല; നേരറിയാൻ ആന്റണിയെ അറസ്റ്റു ചെയ്യണമെന്ന നിഗമനത്തിൽ അന്വേഷണ സംഘം; നിക്ഷേപകർക്ക് ഉയർന്ന പലിശ വാഗ്ധാനം ചെയ്തു പ്രതികൾ സമാഹരിച്ചത് 500 കോടി
കണ്ണൂർ: കണ്ണൂർ അർബൻനിധി നിക്ഷേപതട്ടിപ്പിൽ കോടികൾ എങ്ങോട്ടെക്കാണ് മറിഞ്ഞു പോയതെന്നു ഇതുവരെ കണ്ടെത്താൻ കഴിയാതെ അന്വേഷണസംഘം. ഈ കേസിൽ മുഖ്യപ്രതിയായ ആന്റണിയാണ് കോടികൾ തിരിമറി നടത്തിയതെന്നു വ്യക്തമായിട്ടും ഈയാളെ അറസ്റ്റു ചെയ്യാൻ കഴിയാത്തത് അന്വേഷണത്തെ വഴിമുട്ടിച്ചിരിക്കുകയാണ്. എർണാകുളം സ്വദേശിയായ ആന്റണി സംസ്ഥാനത്തു നിന്നും പുറത്തേക്ക് കടന്നുവെന്നാണ് പ്രാഥമിക നിഗമനം. അഞ്ഞൂറു കോടിയുടെ വെട്ടിപ്പു നടന്ന കണ്ണൂർ അർബൻ നിധി, എനി ടൈം വെട്ടിപ്പു കേസിൽ പ്രതികൾ തട്ടിയെടുത്ത കോടികൾ വിദേശബാങ്കുകളിലേക്കൊ, ധനകാര്യ സ്ഥാപനങ്ങളിലെക്കോ മാറ്റിയിട്ടുണ്ടാകാമെന്ന സംശയം ഉയർന്നിട്ടുണ്ടെങ്കിലും ഇതേ കുറിച്ചു ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
നിക്ഷേപകർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്തു പ്രതികൾ സമാഹരിച്ച കോടികൾ എങ്ങോട്ടുപോയെന്നു ക്രൈംബ്രാഞ്ച് സാമ്പത്തികകുറ്റാന്വേഷണവിഭാഗമാണ് അന്വേഷിച്ചു വരുന്നത്. അഞ്ഞൂറുകോടിയോളം രൂപ നിക്ഷേപകരിൽ നിന്നും പ്രതികൾ തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഈ തുക എങ്ങോട്ടാണ് കടത്തിയതെന്നു നേരത്തെ കേസ് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനിയിട്ടില്ല. വിദേശ ബാങ്കുകളിലെ ബിനാമി അക്കൗണ്ടുകളിലേക്ക് പണമൊഴുകിയോയെന്ന കാര്യത്തിലാണ് ഇനി അന്വേഷിക്കാനുള്ളത്. ഇതിനായി എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായം ആവശ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
കമ്പിനിക്കും ഡയറക്ടർക്കുമായി 42 ബാങ്ക് അക്കൗണ്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അർബൻ നിധിയിൽ നിന്നും എനി ടൈം മണിയിൽ നിന്നും ഒഴുകിയ കോടികൾ ആരുടെ അക്കൗണ്ടിലാണ് എത്തിയതെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പലതിലും കാലിയാണ്. നാമമാത്രമായ തുക മാത്രമേ ഇതിൽ പലതിലുള്ളൂ. എന്നാൽ ഈക്കാര്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പ്രതികളോട് ചോദിച്ചപ്പോൾ എല്ലാം എർണാകുളം സ്വദേശിയും മുഖ്യപ്രതികളിലൊരാളുമായ ആന്റണി വകമാറ്റിയെന്ന മൊഴിയാണ് നൽകിയത്.
അതുകൊണ്ടു തന്നെ ഇനി ആന്റണിയെ അറസ്റ്റു ചെയ്താൽ മാത്രമേ കോടികളുടെ കുംഭകോണത്തെ കുറിച്ചുള്ള വ്യക്തതകൈവരികയുള്ളൂ. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റന്വേഷണ വിഭാഗം കണ്ണൂർ റെയ്ഞ്ച് എസ്. പി എം. പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം ഇനി നടത്തുക. കണ്ണൂർ, കാസർകോട് ഡി.വൈ. എസ്. പി ടി.മധുസൂദനൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇതിനിടെ അർബൻ നിധി നിക്ഷേപ തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലിസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
കമ്പിനി ഡയറക്ടർമാരും ഒന്നും മൂന്നും പ്രതികളുമായ തൃശൂർ വരവൂരിലെ കുന്നത്ത് പീടികയിൽ കെ. എം ഗഫൂർ(46) മലപ്പുറം ചങ്ങരംകുളം മേലെടത്ത് ഷൗക്കത്തലി(43) എന്നിവരാണ് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനിടെ കേസിലെ നാലാം പ്രതിയും അർബൻ നിധി മാനേജരുമായ പി.വി പ്രഭീഷ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് കോടതിയിൽ ചൊവ്വാഴ്‌ച്ച കീഴടങ്ങിയിട്ടുണ്ട്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ ആന്റണി നേരത്തെ തലശേരിയിലെ പ്രമുഖ അഭിഭാഷകൻ മുഖേനെ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.
ഇയാൾ ഹൈക്കോടതി മുഖെനെ ജാമ്യത്തിന് ശ്രമിക്കുന്നതായുള്ള വിവരമുണ്ട്. ഇതിനിടെ അർബൻ നിധിതട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടിരജിസ്റ്റർ ചെയ്തു. പാപ്പിനിശേരി ചൈതന്യയിലെ ടി. ചന്ദ്രന്റെ പരാതിയിൽ വളപട്ടണം പൊലിസാണ് കേസെടുത്തത്. ചന്ദ്രനിൽ നിന്നും 2022-ഫെബ്രുവരിയിൽ 59,58,000 രൂപ നിക്ഷേപമായി സ്വീകരിച്ചു മുതലോ പലിശയോ തിരിച്ചു നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്.




