കൊച്ചി: കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. ബാങ്കുമായി ഇടപാടുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പിൽ കോടികൾ എങ്ങോട്ടെക്കാണ് മറിഞ്ഞു പോയതെന്നു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇഡി ഇടപെടൽ.

കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിനു സമാനമാണ് കണ്ണൂരിൽ നടന്നതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നേതൃത്വത്തിൽ പരിശോധന. സംസ്ഥാനത്തെ ഇരുപതിലേറെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. കണ്ണൂരിൽ നിക്ഷേപകർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്തു പ്രതികൾ സമാഹരിച്ച കോടികൾ എങ്ങോട്ടുപോയെന്നു ക്രൈംബ്രാഞ്ച് സാമ്പത്തികകുറ്റാന്വേഷണവിഭാഗത്തിന് കണ്ടെത്താനായിട്ടില്ല.

അഞ്ഞൂറുകോടിയോളം രൂപ നിക്ഷേപകരിൽ നിന്നും പ്രതികൾ തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഈ തുക എങ്ങോട്ടാണ് കടത്തിയതെന്നു നേരത്തെ കേസ് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനിയിട്ടില്ല. വിദേശ ബാങ്കുകളിലെ ബിനാമി അക്കൗണ്ടുകളിലേക്ക് പണമൊഴുകിയോയെന്ന കാര്യത്തിലാണ് ഇനി അന്വേഷിക്കാനുള്ളത്. ഇതിനായി എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായം ആവശ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. പിന്നാലെയാണ് ഇഡി അന്വേഷണത്തിന് എത്തിയത്.

കമ്പിനിക്കും ഡയറക്ടർക്കുമായി 42 ബാങ്ക് അക്കൗണ്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അർബൻ നിധിയിൽ നിന്നും എനി ടൈം മണിയിൽ നിന്നും ഒഴുകിയ കോടികൾ ആരുടെ അക്കൗണ്ടിലാണ് എത്തിയതെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പലതിലും കാലിയാണ്. നാമമാത്രമായ തുക മാത്രമേ ഇതിൽ പലതിലുള്ളൂ. എന്നാൽ ഈക്കാര്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പ്രതികളോട് ചോദിച്ചപ്പോൾ എല്ലാം എറണാകുളം സ്വദേശിയും മുഖ്യപ്രതികളിലൊരാളുമായ ആന്റണി വകമാറ്റിയെന്ന മൊഴിയാണ് നൽകിയത്.

കണ്ണൂർ ജില്ലയിൽ 350 ഓളം പരാതികളാണ് അർബൻനിധിക്കെതിരെ നിക്ഷേപകർ നൽകിയിട്ടുള്ളത്. നേരത്തെ കണ്ണൂർ അർബൻനിധി നിക്ഷേപതട്ടിപ്പു കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറിയത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. തൃശൂർ സ്വദേശികളായ ഗഫൂർ, ഷൗക്കത്തിലി, കണ്ണൂർ ആദികടലായി സ്വദേശിനി കെ.വി ജീന, ആന്റണി എന്നിവരുടെ പേരിൽ സ്വത്തുക്കളില്ലെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ ബന്ധുക്കളുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടാമെന്നാണ് പൊലിസ് പറയുന്നത്.

കണ്ണൂർ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി മുന്നൂറിലേറെ കേസുകളാണ് പൊലിസ് അർബൻ ബാങ്ക്, എനി ടൈം ഡയറക്ടർമാർക്കെതിരെ പൊലിസ് രജിസ്റ്റർ ചെയ്തത്. ഏകദേശം അഞ്ഞൂറു കോടിരൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അർബൻ നിധിയുടെ 17-കോടിരൂപ എനി ടൈംമണിയിലേക്ക് വകമാറ്റുകയും ആ പണം വകമാറ്റുകയും ചെയ്തത് ആന്റണിയാണെന്നു ഷൗക്കത്തലി, ഗഫൂർ, ജീനഎന്നിവർ പൊലിസിന് മൊഴിനൽകിയിട്ടുണ്ട്. ഇതോടെയാണ് സ്ഥാപനത്തിന്റെ തകർച്ച തുടങ്ങിയതെന്നാണ് ഇവരുടെ വാദം. ആന്റണിയും കീഴടങ്ങിയിരുന്നു.

കണ്ണൂർ കോർപറേഷൻ പരിധയിലെ ഒരു സ്ത്രീയുടെ ഒരുകോടിരൂപ അർബൻനിധിയിൽ നിക്ഷേപമായി നൽകിയതിനു ശേഷം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് സാധാരണക്കാർ മുതൽ ഉന്നത ശ്രേണിയിലുള്ളവരുടെയടക്കം പണം ഏജന്റുമാർ മുഖേനെ സമാഹരിച്ചത്. കണ്ണൂർ സ്വദേശിനിയും അർബൻ നിധി അസി.മാനേജരുമായി ജീനയുടെ നേതൃത്വത്തിലാണ് ഏജന്റുമാർ മുഖേനെയാണ് ഓരോരുത്തരിൽ നിന്നും ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചത്. പന്ത്രണ്ടു മുതൽ പതിനാലു ശതമാനം വരെയാണ് ഇവർ നിക്ഷേപത്തിന് പലിശയായി വാഗ്ദാനം ചെയ്തിരുന്നത്.

ഇതിനു പുറമെ വൻതുക നിക്ഷേപമായി നൽകുന്നവർക്ക് ഉയർന്ന പലിശയും അതിനൊപ്പം അവർക്കോ ബന്ധുക്കൾക്കോ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇങ്ങനെ കെണിയിൽ വീണവരിൽ അധികവും വീട്ടമ്മമാരാണ്. എന്നാൽ കോടികളുടെ വെട്ടിപ്പുനടന്ന അർബൻനിധിക്കേസിൽ നിക്ഷേപകരിൽ നിന്നും സമാഹരിച്ച കോടികൾ എങ്ങോട്ടുപോയെന്നതിനെ കുറിച്ചുള്ളവിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.