- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ അർബൻ നിധി തട്ടിപ്പ് കേസിലെ പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധം; പ്രമുഖ പാർട്ടി നേതാക്കളുമായി അടുപ്പവും കൈയയച്ച് സഹായവും; കേരളത്തിൽ നിധി ശൃംഖല ഉണ്ടാക്കാൻ സഹായം തേടി; രാഷ്ട്രീയ പാർട്ടി ഫണ്ടിലേക്ക് കൈമാറിയത് ലക്ഷങ്ങൾ; 100 കോടിയുടെ തട്ടിപ്പിൽ കണ്ണൂരിലെ ആസ്ഥാനത്ത് റെയ്ഡ് നടത്തി പ്രത്യേക അന്വേഷണ സംഘം; രേഖകൾ പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂരിൽ നൂറുകോടിയുടെ നിക്ഷേപവുമായി മുങ്ങിയ അർബൻ നിധിയെന്ന സ്വകാര്യ സ്ഥാപനത്തിലെ ഡയറക്ടർമാർക്ക് കേരളത്തിലെ ഉന്നത നേതാക്കളുമായി ബന്ധമെന്നു വിവരം. ഇതു സംബന്ധിച്ചുള്ള സൂചന പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെ കുറിച്ചുള്ള അന്വേഷണമൊന്നും ഇതുവരെ നടത്തിയിട്ടില്ല.
സംസ്ഥാനത്തെ ചില പ്രമുഖ നേതാക്കളുമായി ഇവർ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും ചില പാർട്ടികൾക്ക് കൈ അയച്ചു സംഭാവന നൽകിയിരുന്നുവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തൃശൂർ ജില്ലക്കാരായ പ്രതികൾ, വ്യവസായ സംരഭകരെന്ന നിലയ്ക്കു ഭരണകക്ഷിയിലെ ഒരു ഉന്നത നേതാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. പലപ്പോഴായി പ്രതികൾ ഈ നേതാവിനെ വിവിധ പരിപാടികൾക്കിടെ കണ്ടുമുട്ടിയിട്ടുണ്ട്. കേരളമാകെ അർബൻനിധിയുടെ ശൃംഖലയുണ്ടാക്കുന്നതിനായി ചില രാഷ്ട്രീയ നേതാക്കൾ തങ്ങളെ സഹായിച്ചതായാണ് പ്രതികളുടെ മൊഴി.
കേന്ദ്രസർക്കാരിന്റെ സഹകരണ വകുപ്പിന്റെ രജിസട്രേഷനുള്ള സ്ഥാപനമാണെന്നു വിശ്വസിപ്പിച്ചാണ് ഇപ്പോൾ അറസ്റ്റിലായ ഷൗക്കത്തലിയും ഗഫൂറും ഭരണ, പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ നൂറുകോടിയോളം തട്ടിയെടുത്തിട്ടും രാഷ്ട്രീയ നേതൃത്വങ്ങൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്.
കണ്ണൂരിലെ നിക്ഷേപതട്ടിപ്പിൽ നൂറുകണക്കിനാളുകൾ വഞ്ചിതരായ സംഭവത്തിൽ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ മാത്രമേ പേരിനെങ്കിലും നടപടിയെടുക്കണമെന്നു പറഞ്ഞിട്ടുള്ളൂ. നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാൻ പൊലിസ് നടപടിയെടുക്കണമെന്നാണ് എം.വി ജയരാജൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇതിനിടെ കോടികളുടെ നിക്ഷേപതട്ടിപ്പു നടത്തിയ താവക്കരയിലെ അർബൻ നിധി ഓഫീസിൽ കണ്ണൂർ ടൗൺ പൊലിസ് റെയ്ഡു നടത്തി.
കണ്ണൂർ ടൗൺ ഇൻസ് പെക്ടർ പി. എ ബിനുമോഹന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച വൈകുന്നേരം റെയ്ഡ് നടത്തിയത്. പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിൽ നിന്നും നിരവധി ഫയലുകൾ പിടിച്ചെടുത്തു. നിക്ഷേപകരുടെ അക്കൗണ്ടുവിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കംപ്യൂട്ടർ അടക്കം വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിൽ എട്ടംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിനിടെ കോടികളുടെ നിക്ഷേപതട്ടിപ്പു കേസിൽ കണ്ണൂർ അർബൻ നിധി സ്ഥാപനത്തിനെതിരെ പുതുതായി മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ഇന്നലെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം നാലായി. ഏച്ചൂർ കമാൽ പീടികയിലെ പി.വി വേണുഗോപാലന്റെ എൺപതു ലക്ഷം, പള്ളിക്കുന്ന് വനിതാ കോളേജിനു സമീപത്തെ സി. എം നമിത്തിന്റെ 25.25 ലക്ഷം, കക്കാട് ലക്ഷ്മണൻ കടയിലെ ഇംദാദ് നസീറിന്റെ 15 ലക്ഷം എന്നിവരുടെ തുകയും നഷ്ടമായി. ഇവരുടെ പരാതികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
59.5 ലക്ഷം രൂപ നഷ്്ടപ്പെട്ട തലശേരി സ്വദേശിയായ ഡോ. ദീപക്കിന്റെ പരാതിയിൽ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ അർബൻ നിധിയുടെ അസി. ജനറൽ മാനേജരും കണ്ണൂർ സ്വദേശിയായ ജീന, ജനറൽ മാനേജർ ഷൈജു, എനി ടൈംമണിയുടെ ഡയറക്ടർ ആന്റണി എന്നിവരും പ്രതികളാണ്. ഏഴുഡയറക്ടർമാരാണ് അർബൻ നിധിക്കുള്ളത്. ഡയറക്ടർ തൃശൂർ കുന്നത്ത് പീടികയിൽ കെ. എം ഗഫൂർ (46) സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർ മലപ്പുറം ചങ്ങരം കുളം മേലെപ്പാട്ട് വളപ്പിൽ ഷൗക്കത്ത് അലി(43) എന്നിവരെ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) റിമാൻഡ് ചെയ്തു.
നൂറുകോടി രൂപയുടെതെങ്കിലും തട്ടിപ്പു നടന്നതായാണു സൂചന. എന്നാൽ ഇനിയും സംഖ്യ കൂടുമെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തെ കുറിച്ചു സിറ്റി പൊലിസ് കമ്മിഷണർ അജിത് കുമാറിന്റെ മേൽനോട്ടത്തിൽ എസി.പി ടി.കെ രത്‌നകുമാർ, ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ വിനുമോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
കണ്ണൂർ, കാസർകോട്,, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി നൂറ്റി നാൽപതോളം പരാതികളാണ് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത്. പണം നഷ്ടപ്പെട്ടവരിൽ പലരും രേഖാമൂലം പരാതി നൽകാനോ, പലരും മൊഴി നൽകാനോ ആരും തയ്യാറാകുന്നില്ല. ടൗൺ സ്റ്റേഷനു പുറത്തുള്ളവരുടെ പരാതി അതത് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുക്കുകയും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്യുമെന്ന് സി. ഐ വിനുമോഹൻ അറിയിച്ചു.




