കണ്ണൂർ: കണ്ണൂർ അർബൻനിധി നിക്ഷേപതട്ടിപ്പു കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറിയത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സംസ്ഥാന പൊലിസ് മേധാവി അനിൽകാന്താണ് ഉത്തരവിറക്കിയത്.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂർ റെയ്ഞ്ച് എസ്‌പി. എം പ്രദീപ് കുമാറിന് മേൽനോട്ടചുമതല നൽകിയത്. ഇതിനിടെ അർബൻനിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വളപട്ടണത്ത് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വളപട്ടണം സ്വദേശി ചന്ദ്രന്റെ 59.88 ലക്ഷം നഷ്ടപ്പെട്ട സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബഡ്സ്(ബാനിങ് ഓഫ് അൺ റഗുലേറ്റഡ് ഡെപോസിറ്റ് സ്‌കീം)നിയമപ്രകാരമാണ് അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ;റ്റിലായ തൃശൂർ സ്വദേശികളായഗഫൂർ, ഷൗക്കത്തിലി, കെ.വി ജീന, ആന്റണി എന്നിവരുടെ പേരിൽ സ്വത്തുക്കളില്ലെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ ബന്ധുക്കളുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടാമെന്നാണ് പൊലിസ് പറയുന്നത്.

കണ്ണൂർ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി മുന്നൂറിലേറെ കേസുകളാണ് പൊലിസ് അർബൻ ബാങ്ക്, എനി ടൈം ഡയറക്ടർമാർക്കെതിരെ പൊലിസ് രജിസ്റ്റർ ചെയ്തത്. ഏകദേശം അഞ്ഞൂറു കോടിരൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ കേസിലെ മുഖ്യപ്രതികളായ ഗഫൂർ, ഷൗക്കത്തലി, കെ.വി ജീന എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

എന്നാൽ കേസിലെ മുഖ്യപ്രതിയായ എറണാകുളം സ്വദേശി ആന്റണിയെ പിടികൂടാൻ കഴിയാത്തത് അന്വേഷണത്തിന് തടസമായിട്ടുണ്ട്. ഇയാൾ ചെന്നൈ വഴി മുങ്ങിയെന്നാണ് പൊലിസ് പറയുന്നത്. അർബൻ നിധിയിലെ നിക്ഷേപങ്ങളിൽ നിന്നും 17-കോടിരൂപ എനി ടൈംമണിയിലേക്ക് വകമാറ്റുകയും ആ പണം അടിച്ചുമാറ്റുകയും ചെയ്തത് ആന്റണിയാണെന്നു ഷൗക്കത്തലി, ഗഫൂർ എന്നിവർ പൊലിസിന് മൊഴിനൽകിയിട്ടുണ്ട്. ഇതോടെയാണ് സ്ഥാപനത്തിന്റെ തകർച്ച തുടങ്ങിയതെന്നാണ് ഇവരുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുന്നതിനായി ആന്റണിയുടെ അറസ്റ്റു അനിവാര്യമാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. നേരത്തെ തലശേരി സെഷൻസ് കോടതിയിൽ ആന്റണി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിക്കളയുകയായിരുന്നു.