കണ്ണൂർ: നിക്ഷേപകരിൽ നിന്നും കോടികൾ തട്ടി മുങ്ങിയ കണ്ണൂർ താവക്കരയിലെ അർബൻനിധിനിക്ഷേപ സമാഹരസ്ഥാപനവും എനി ടൈം മണിയെന്ന സമാന്തര സ്ഥാപനവും പൊളിയുമെന്ന് അസി. മാനേജർ ആദികടലായിയിലെ സി.വി ജീനയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അർബൻനിധി സ്ഥാപനത്തിന് സമാനമായ സാമ്പത്തിക നിക്ഷേപ കമ്പിനി തുടങ്ങാൻ അസി.മാനേജരായ സി.വി ജീന പദ്ധതിയിട്ടിരുന്നതായി പൊലിസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിലാണ് ഈക്കാര്യം ഇവർ അന്വേഷണ സംഘത്തോട് സമ്മതിച്ചത്. ഇതേ തുടർന്ന് റിമാൻഡിലുള്ള ജീനയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാനായ പൊലിസ് കോടതിയെ സമീപിച്ചിട്ടുണ്ട്. പതിനേഴുവർഷം കണ്ണൂരിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ജീന. ഒന്നര വർഷം മുൻപാണ് അതേ കമ്പിനിയിൽ നിന്നും മുഴുവൻ ജീവനക്കാരെയും കൂട്ടി അർബൻ നിധിയിലെത്തിയത്. അതുകൊണ്ടു തന്നെ പുതുതായി എത്തിയ ജീവനക്കാർക്ക് പ്രത്യേകപരിശീലനവും വേണ്ടിവന്നിരുന്നില്ല. ജീനയുടെ വാക്സമാർത്ഥ്യവും പ്രൊഫഷനിലിസവും അതിവിപുലമായ ബന്ധങ്ങളും ഉപയോഗിച്ചു കോടികളുടെ നിക്ഷേപമാണ് ഒരുവർഷം കൊണ്ടു കമ്പിനിയിലേക്ക് ഒഴുകിയെത്തിയത്.

തന്റെ നെറ്റ്‌വർക്ക് ഉപയോഗിച്ചു ജില്ലയിലെ എല്ലാഭാഗങ്ങളിൽ നിന്നും ഏജന്റുമാരെ കണ്ടെത്താനും അവർക്ക് കഴിഞ്ഞു. എന്നാൽ താൻ ഇത്രമാത്രം അധ്വാനിച്ചും വേണ്ടത്രപരിഗണന ഡയറക്ര്മാരിൽ നിന്നും ലഭിക്കുന്നില്ലെന്ന പരാതി ജീനയ്ക്കുണ്ടായിരുന്നു. ഈക്കാര്യം ഇവർ തന്റെ സഹജീവനക്കാരോടും പങ്കുവച്ചിരുന്നു. കമ്പിനിയുടെ ലാഭവിഹിതത്തിൽ നിന്നുള്ള ചെറിയൊരു തുക മാത്രമേ ഇൻസെന്റീവായി ഇവർക്ക് ലഭിച്ചിരുന്നുള്ളൂ. അതിനാൽ കൂടുതൽ പണം മോഹിച്ചു തന്റെ നേതൃത്വത്തിൽ ഒരു പുതിയ കമ്പനി തുടങ്ങാൻ ഇവർ പ്ളാൻ ചെയ്തിരുന്നതായി പൊലിസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെ പണം കൈക്കാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും ചട്ടങ്ങളും അർബൻ നിധിയും അനുബന്ധസ്ഥാപനമായ എനി ടൈം മണിയും പാലിക്കുന്നില്ലെന്ന് അറിയാമായിരുന്നിട്ടും സി.വി ജീന കമ്പിനി പൊളിയുമെന്ന് അറിയാമായിരുന്നിട്ടും മനഃപൂർവ്വംതട്ടിപ്പിനു കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണമാണ് പ്രത്യേക അന്വേഷണസംഘം ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. തട്ടിപ്പിന്റെ ആണിക്കല്ലായി ജീന പ്രവർത്തിച്ചുവെന്നാണ് ഇതേ കുറിച്ചു അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികരിച്ചത്. എന്നാൽ താൻ നിരപരാധിയാണെന്നും ആന്റണിയും ഷൗക്കത്തലിയും ഗഫൂറുമാണ് പണം തട്ടിയതെന്ന നിലപാടിലാണ് ജീന ഉറച്ചു നിൽക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കർമാത്രമായ തനിക്കും സഹപ്രവർത്തകർക്കും അർബൻനിധിയുടെയും എനി ടൈം മണിയുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചു അറിയില്ലായിരുന്നുവെന്നാണ് ഇവരുടെ നിലപാട്.

ഇതിനിടെ അർബൻനിധി നിക്ഷേപതട്ടിപ്പുകേസിലെ രണ്ടാം പ്രതിയും എനി ടൈം മണി ഡയറക്ടറുമായ എർണാകുളം സ്വദേശി ആന്റണിക്കായുള്ള അന്വേഷണം പൊലിസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ മുൻകൂർ ജാമ്യത്തിനായി ആന്റണി തലശേരി കോടതിയിൽ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. ആന്റണിയെ അറസ്റ്റു ചെയ്താൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അർബൻ നിധി സ്ഥാപനത്തിൽ ആന്റണി പങ്കാളിയല്ല. എന്നാൽ സമാന്തര സ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർമാരിലൊരാളാണ്.

അർബൻ നിധിയിൽ ഒഴുകിയെത്തിയ കോടികൾ ആന്റണി എനി ടൈം മണിയിലേക്ക് മാറ്റിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ സ്ഥാപനത്തിന്റെ മറ്റൊരു ഡയറക്ടറായ മലപ്പുറം ചങ്ങരംകുളം സ്വദേശി ഷൗക്കത്തലി നിരവധി തട്ടിപ്പുകേസിൽ പ്രതിയാണ്. ഇയാൾക്കെതിരെ നേരത്തെ 15-കോടിയുടെ കള്ളനോട്ടു കേസും ചെക്കുകേസുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.