കണ്ണൂർ: കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ കണ്ണൂരിലെ അർബൻനിധി എനി ടൈംസ്ഥാപന ഉടമകൾക്കെതിരെ ജോലിതട്ടിപ്പ് നടത്തിയതിനും പൊലിസ് കേസെടുത്തു. സഥാപനത്തിൽ ജോലിനൽകാമെന്ന് പറഞ്ഞ് ആലക്കോട്ടോ യുവാവിന്റെ പതിനാറുലക്ഷം തട്ടിയെടുത്തതിന് അർബൻ നിധി ഉടമകളും ജീവനക്കാരും അടക്കം ഏഴുപേർക്കെതിരെയാണ് ആലക്കോട് പൊലിസ് കേസെടുത്തത്.

ആലക്കോട് ചെറുപാറ സ്വദേശി കല്ലൻചിറ അലക്സ് സെബാസ്റ്റ്യന്റെ പരാതിയിൽ കണ്ണൂർ താവക്കരിലെ അർബൻ നിധി സ്ഥാപനത്തിന്റെ ഡയറക്ടർമാരായ ഗഫൂർ, ആന്റണി, ഷൗക്കത്തലി, അസി.ജനറൽ മാനേജർജീന എന്നിവർക്കെതിരെയാണ് കേസെടുത്തത്. നാൽപത്തിയഞ്ചായിരം രൂപ മാസ ശമ്പളത്തിൽ സ്ഥാപനത്തിൽ ജോലി നൽകാമെന്നു വിശ്വസിപ്പിച്ചു 2021- സെപ്റ്റംബർ ഒന്നു മുതൽ 2022ജനുവരി 25വരെയുള്ള കാലയളവിൽ പതിനഞ്ചുലക്ഷം രൂപ ഡെപോസിറ്റ് വാങ്ങിയ ശേഷം നാളിതുവരെ ജോലിയോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസെടുത്തത്.

അലക്സിനെപ്പോലെ നിരവധിയാളുകൾ ജോലിതട്ടിപ്പിനിരയായതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതിനിടെ
അർബൻ നിധി നിക്ഷേപ തട്ടിപ്പിന്റെ ആഴവും പരപ്പും ദിവസവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കേസന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

നൂറ്റി അൻപതോളം കോടിരൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തുവെന്നു പൊലിസ് തന്നെ പറയുന്ന സാഹചര്യത്തിൽ നിലവിലുള്ള സംഘത്തിന് കേസ് അന്വേഷണത്തിനായി ലോക്കൽ പൊലിസിന് പരിമിതികളുണ്ടെന്നാണ് വിലയിരുത്തൽ. ഇതുവരെയായി അർബൻനിധി ഡയറക്ടർമാർ കോടികൾ എങ്ങോട്ടാണ് മാറ്റിയതെന്ന ചോദ്യത്തിന് പൊലിസിന് മറുപടി നൽകാൻ കഴിയാത്തത് നിക്ഷേപകരെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് അന്വേഷണം കേന്ദ്ര ഏജൻസിയായ എൻഫോഴ്സ് ഡയറക്ടറേറ്റിനെ ഏൽപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്.

ഇതിനായി ചില ബിജെപി നേതാക്കളുമായും കേന്ദ്രമന്ത്രിമാരുമായും പണം നഷ്ടപ്പെട്ടവരിൽ ചിലർ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ വിനു മോഹനും സംഘവുമാണ് നിലവിൽ കേസ് അന്വേഷണം നടത്തുന്നത്. എന്നാൽ മുന്നൂറ്റി അൻപതിലേറെ പരാതികൾ ലഭിച്ച സാഹചര്യത്തിൽ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറുമെന്നും സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

അർബൻനിധിയുടെ തട്ടിപ്പിനിരയായവർ അവരുടെ പരിധിയിലെ പൊലിസ് സ്റ്റേഷനുകളിൽ പരാതി നൽകിയാൽ മതിയെന്ന നിർദ്ദേശവും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചിരുന്നു. എന്നാൽ ഇതേ തുടർന്ന് പരാതികൾ കുന്നുകൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു ചില പൊലിസ് സ്റ്റേഷനുകളുടെ ദൈനം ദിന പ്രവർത്തനങ്ങളെപ്പോലും അ വതാളത്തിലാക്കുന്നുവെന്ന് പൊലിസ് സേനയിൽ നിന്നും തന്നെ അഭിപ്രായമുയരുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. അർബൻനിധിയുടെ തട്ടിപ്പിന്റെ വേരുകൾ സംസ്ഥാനമാകെ പടർന്നതിനാൽ പൊലിസിലെ എക്കണോമിക് ഒഫൻസ് വിഭാഗത്തിന് കേസുകൾ കൈമാറുമെ വിവരമുണ്ടായിരുന്നുവെങ്കിലും അതും നടന്നിട്ടില്ല.

നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികൾ കോഡ്രീകരിച്ചു പ്രത്യേക അന്വേഷണസംഘത്തിന് നൽകാനുള്ള സമയം പൊലിസുകാർക്ക് ലഭിക്കുന്നില്ല. ഇതിനിടെ കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ രണ്ടു കേസുകൾ കൂടി പൊലിസ് രജിസ്റ്റർ ചെയ്തു. പയ്യന്നൂർകാനത്തെ പി.വി സിദ്ധാർത്ഥിന്റെ പരാതിയിലും ആരാധനാ തീയേറ്ററിനു സമീപത്തെ ശേഖര പൊതുവാളുടെ ഭാര്യ സത്യഭാമയുടെ പരാതിലുമാണ് കേസെടുത്തത്. പതിമൂന്നര ശതമാനം പലിശവാഗ്ദാനം ചെയ്താണ് സിദ്ധാർത്ഥിൽനിന്നും പത്തുലക്ഷം രൂപയും സമാനമായ രീതിയിൽ സത്യഭാമയിൽ നിന്നും രണ്ടുലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നുമാണ് കേസ്.

അതേ സമയം ചൊക്ളി സ്വദേശിനിയായ കെ.പി ശ്രീലയയുടെ പരാതിയിൽ പതിനഞ്ചു ലക്ഷം നഷ്ടപ്പെട്ടതിനും കണ്ണൂർ ടൗൺ സ്റ്റേഷനിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതിനു സമാനമായി ചൊവ്വസ്വദേശി അരുൺകുമാറിന്റെ എട്ടുലക്ഷം തട്ടിയെടുത്തതിനും കേസെടുത്തിട്ടുണ്ട്. വളപട്ടണം പൊലിസ് സ്റ്റേഷനിൽ ചിറക്കൽ രാജാസ് യു.പി സ്‌കൂളിനു സമീപം താമസിക്കുന്ന കുഞ്ഞികൃഷ്ണമാരാരുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്.