കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അർബൻ നിധി ലിമിറ്റെഡെന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ കോടികൾ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും അക്കൗണ്ടിലുള്ള പണവും കണ്ടെത്താനുള്ള നീക്കം പ്രത്യേക അന്വേഷണ സംഘം ഊർജ്ജിതമാക്കി. ഇവരിൽ ഇന്നും വസ്തുവകകളും സ്വത്തുക്കളും കണ്ടുകെട്ടിയതിനു ശേഷം നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. അറസ്റ്റിലായവരുടെ സ്വത്തുവിവരങ്ങളെ കുറിച്ചു കൃത്യമായ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അർബൻനിധി തട്ടിപ്പിനു പിന്നിൽ മുഖ്യസൂത്രധാരനായി പ്രവർത്തിച്ചത് സ്ഥാപനത്തിന്റെ ഡയറക്ടറായ ഷൗക്കത്തിലിയാണെന്നു തെളിഞ്ഞിട്ടുണ്ട്.

അപഹരിക്കപ്പെട്ട പണം കൂടുതൽ കൊണ്ടുപോയത് ഷൗക്കത്തലിയാണെന്ന വിവരം പുറത്തുവന്നതോടെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഷൗക്കത്തലിയുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.വിദേശരാജ്യങ്ങളിൽ വരെ നിക്ഷേപം നടത്തിയ വൻസമാന്തര സാമ്പത്തിക സാമ്രാജ്യമാണ് ഷൗക്കത്തലി ചതിയുടെ അടിത്തറയിൽ കെട്ടിപൊക്കിയത്. ജപ്തി നടപടികൾ തുടങ്ങിയാൽ
ആദ്യം കണ്ടുകെട്ടുക ഒന്നാം പ്രതിയും സ്ഥാപനത്തിന്റെ ഡയറക്ടറുമായ തൃശൂർ ചങ്ങരംകുളം സ്വദേശിയായ ഷൗക്കത്തലിയുടെതാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

അർബൻ നിധി തട്ടിപ്പിൽ നിക്ഷേപമായി സ്വീകരിച്ച കോടികളിൽ വലിയ ശതമാനം തുകയും വകമാറ്റി ചെലവഴിച്ചു റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഭൂമിവാങ്ങുകൂട്ടുകയായിരുന്നു ഒന്നാംപ്രതിയും സ്ഥാപന ഡയറക്ടറുമായ ഷൗക്കത്തലി.
കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാറിന്റെ ഓഫീസിൽ കീഴടങ്ങിയ കേസിലെ രണ്ടാംപ്രതി ആന്റണി സണ്ണിയെയും ഷൗക്കത്തലിയെയും മൂന്നാം പ്രതി ഗഫൂറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഷൗക്കത്തലിയാണെന്ന് വ്യക്തമായത്.

നേരത്തെ ചെക്കുകേസിൽ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് ഷൗക്കത്തലി. അർബൻ നിധി ലിമിറ്റഡിൽ നിന്നും തന്റെ ബിനാമി ഇടപാടുകളിലേക്ക് വൻതുക വകമാറ്റിയാൽ സ്ഥാപനം പൊളിയുമെന്ന് ഇയാൾക്ക് അറിയാമായിരന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. എന്നാൽ തന്റെ തട്ടിപ്പുമറച്ചു പിടിക്കാൻ ആസൂത്രിതമായ നീക്കമാണ് ഇയാൾ നടത്തിയത്. അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചു.

ആന്റണിയാണ് അർബൻ നിധിയിലേക്കും സഹോദര സ്ഥാപനമായ എനി ടൈം മണിയിലേക്കും നിക്ഷേപമായി സ്വീകരിച്ച തുക വകമാറ്റി ചെലവഴിച്ചതെന്നാണ് ഷൗക്കത്തലിയും ഗഫൂറും നേരത്തെ പൊലീസിനോട് പറഞ്ഞത്. അർബൻ നിധിയിൽനിന്നും എട്ട് കോടി രൂപയാളം ആന്റണിയുടെ അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. തന്റെ തകർന്നുപോയ ബിസിനസ്സിനെ പുനരുജ്ജീവിപ്പിക്കാനാണ് താൽക്കാലികമായി ഇടപാടുകാരുടെ തുക വകമാറ്റി ചിലവഴിച്ചതെന്ന് ആന്റണി ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അൻപതു കോടിയോളം രൂപയുടെ കടബാധ്യത തനിക്കുണ്ടെന്നും ആന്റണി പറയുന്നു.

അതേസമയം ഷൗക്കത്തലിയാവട്ടെ കോടികൾ ബിനാമി അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇടപാടുകാരിൽനിന്ന് നിക്ഷേപമായി സ്വീകരിച്ച തുക ഉപയോ?ഗിച്ചാണ് ഷൗക്കത്തലിയും ഗഫൂറും ആഡംബര ജീവിതം നയിച്ചത്. ഗഫൂറും വലിയ തുക വകമാറ്റി ചെലവഴിച്ചതായി പൊലീസ് കണ്ടെത്തിട്ടുണ്ട്. ഷൗക്കത്തലിയും ഗഫൂറും നേരത്തെ തന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് സ്വന്തം പേരിലുള്ള സ്വത്തുക്കൾ മാറ്റിയിരുന്നു.

വിദേശത്തടക്കം കൂടുതൽ ബിസിനസ്സുകൾ ആരംഭിക്കാനായും ഷൗക്കത്തലി ഇടപാടുകാരുടെ പണം ഉപയോഗിച്ചതായും കണ്ടെത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം ടൗൺ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് ആന്റണിയാണ് പണം വകമാറ്റിയതെന്ന് പ്രതികൾ പറഞ്ഞിരുന്നു. രണ്ട് തവണ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴും ആന്റണിയാണ് പണം ചെലവഴിച്ചതെന്ന മൊഴിയിൽ ഷൗക്കത്തലിയും ഗഫൂറും ഉറച്ചു നിന്നിരുന്നു. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാ?ഗവും പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പ്രതികളെ ചോദ്യം ചെയ്തത്.

ആന്റണിയെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇതിൽ ആന്റണിയെ വീണ്ടും ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്തുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്നും പൊലിസ് അറിയിച്ചു.