- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴുത്തിൽ നിന്ന് ആട് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല: അയൽവാസിയെ വിളിച്ചത് പച്ചത്തെറി; തിരിച്ചും തെറി വന്നപ്പോൾ സഹിച്ചില്ല; അയൽവീട്ടിലെ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കാപ്പാക്കേസ് പ്രതി അറസ്റ്റിൽ
പത്തനംതിട്ട: അയൽ വീട്ടിലെ തൊഴുത്തിൽ നിന്ന് ആട് നിർത്താതെ കരഞ്ഞത് തീർത്തും പിടിച്ചില്ല. അവിടേക്ക് നോക്കി പച്ചത്തെറി വിളിച്ചു. ആടിന്റെ പേരിൽ കേട്ട തെറി അവിടെ നിന്ന് തിരിച്ച് വിളിച്ചത് പ്രകോപനമായി. അയൽവീട്ടിലെ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ച കാപ്പാക്കേസ് പ്രതി അറസ്റ്റിൽ. കൊടുമൺ കിഴക്ക് രണ്ടാം കുറ്റി മഠത്തിൽ വീട്ടിൽ ഷിബു(40)വിനെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്.
എരുത്വാക്കുന്ന് സദാശിവ വിലാസം ലത(40)യെ ആണ് ഇയാൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. മുഖത്തും കൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിൽസയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന് നിയമനടപടികൾക്ക് വിധേയനുമാണ ഷിബു. ആടുകളുടെ കരച്ചിൽ കേട്ടപ്പോൾ പ്രകോപിതനായ ഇയാൾ ചീത്ത വിളിച്ചപ്പോൾ ലതയും തിരിച്ചുവിളിച്ചു. തുടർന്ന് വീട്ടിൽ നിന്നും വിളിച്ചിറക്കി മുറ്റത്തു വച്ച് ഇയാളുടെ കൈയിൽ കരുതിയ ദ്രാവകം യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ലതയുടെ അമ്മ ദേവകിയുടെ മൊഴിപ്രകാരം അതിക്രമിച്ചു കടക്കലിനും വധശ്രമത്തിനും കേസെടുത്ത കൊടുമൺ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ ചേരുവയിൽ നിന്നും പിടികൂടി. ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും ഫോട്ടോഗ്രാഫിക് യൂണിറ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. കൊടുമൺ പൊലീസ് സ്റ്റേഷനിൽ 2018 മുതൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ആളാണ് ഷിബു.
കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, അബ്കാരി നിയമപ്രകാരമുള്ള കുറ്റം ചെയ്യൽ, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം, മോഷണം, കാപ്പ വ്യവസ്ഥകളുടെ ലംഘനം തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വിലക്ക് ലംഘിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന പ്രതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പൊലീസ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകി. കൊടുമൺ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി ഷിബു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ രതീഷ്, എസ് സി പി ഓമാരായ പ്രമോദ്, ശിവപ്രസാദ്, വിനീത്, സി പി ഓമാരായ അഭിജിത്, അജിത്, ഷിജു, നഹാസ്, ബിജു എന്നിവരാണ് ഉണ്ടായിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്