തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയിൽ നിന്നാണ് ഷാഡോ സംഘം മൂന്നാമത്തെ പ്രതി സുമേഷിനെ പിടികൂടിയത്. അഖിൽ അപ്പു, വിനീത് രാജ്, സുമേഷ് എന്നിവരാണ് അഖിലിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികൾ. ഇവരിൽ അഖിൽ അപ്പുവും വിനീത് രാജും ഇന്ന് രാവിലെ പിടിയിലായിരുന്നു.

മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന് പുലർച്ചെയോടെയാണ് തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറിൽ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്ത വാഹനമെത്തിച്ച് നൽകിയ, മുഖ്യപ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച നാല് പേർ കൂടി പിടിയിലായിട്ടുണ്ട്. കുട്ടപ്പൻ എന്ന അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

വോട്ടെടുപ്പ് ദിനം പാപ്പനംകോട് ബാറിൽ വച്ചുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ പക വീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകൽ വീടിന് സമീപത്ത് വച്ച് അഖിലിനെ ക്രൂരമായി മർദ്ദിച്ച് കൊന്നത്.

കിരൺ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം 2019ൽ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച അനന്തു വധക്കേസിലെ പ്രതികളാണ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 19കാരനായ അനന്തുവിനെ ഈ സംഘം അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനന്തു വധക്കേസിലെ വിചാരണ നീളുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊന്നത്.

കജിഎഫ് പാർട്ട് 1 സിനിമയിലെ നായകൻ റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയ്തത്. കൊലയ്ക്കിടയിൽ കെ ജി എഫിലെ ' കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ ' എന്ന ഡയലോഗ് പറയുന്നതും പ്രതികൾ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഈ കൊലപാതക ദ്യശ്യങ്ങൾ കാമുകിക്കും പിതാവിനും അയച്ചുകൊടുത്തു. 20 കാരനായ ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി മൃഗീയമായി കൊലപ്പെടുത്തിയ മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളായ പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്ന് 2019 ഏപ്രിലിൽ കേസിലെ 14 പ്രതികൾക്ക് ജാമ്യം നിരസിച്ച ഉത്തരവിൽ മുൻ ജഡ്ജി കെ. ബാബു വിലയിരുത്തിയിരുന്നു. പിന്നീട് പക്ഷേ ഇവർക്ക് ജാമ്യം കിട്ടി.

കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്‌ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. വിനീഷ് രാജ്, അഖിൽ,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികൾ എന്ന് മനസ്സിലാക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. ഇതോടെ 2019ൽ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലെന്നും വ്യക്തമായി. 2019 മാർച്ചിൽ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്തവും പ്രതികളും തമ്മിൽ തർക്കമുണ്ടായത്. ദിവസങ്ങൾക്ക് ശേഷം പ്രതികളിൽ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ആഘോഷം പാതിവഴിയിൽ നിർത്തി പ്രതികൾ അനന്തുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയിൽ നിൽക്കുകയായിരുന്നു അനന്തുവിനെ ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്.അതിക്രൂരമായി അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു.

മരണത്തോടനുബന്ധില്ലിടുമ്പോൾ പ്രതികൾ പാട്ടു പാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ പിടിയിലായിരുന്നു. അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്.