തിരുവനന്തപുരം: കരമനയിൽ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയത് അതിക്രൂരമായി. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കരമന സ്വദേശി അഖിൽ (22) ആണ് കൊല്ലപ്പെട്ടത്. ബാറിൽവെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ഇതിന്റെ പ്രതികാരമായിരുന്നു കൊല. കൃത്യമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടായി എന്ന് വെളിപ്പെടുത്തുന്നതാണ് സിസിടിവി ദൃശ്യം. അതിക്രൂരമായാണ് കൊല നടത്തിയത്. ലഹരി സംഘങ്ങളാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

തലയ്ക്ക് അടിച്ച വീഴ്‌ത്തിയ ശേഷം ശരീരത്തിൽ പലതവണ കല്ലെടുത്തിട്ടു. അങ്ങനെയാണ് കൊല നടത്തിയത്. കഴിഞ്ഞയാഴ്ച ബാറിൽവെച്ച് അഖിലും കുറച്ചാളുകളുമായി തർക്കവും സംഘർഷവുമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അക്രമികൾ ഹോളോബ്രിക്സ് അടക്കം കരുതിയിരുന്നു. ഇതുപയോഗിച്ചായിരുന്നു ആക്രമണം.

മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. ഹോളോബ്രിക്സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളർന്ന നിലയിലാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്. മത്സ്യക്കച്ചടവം നടത്തിവരുന്ന ആളാണ് അഖിൽ. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. കരമന അനന്തു വധക്കേസ് പ്രതിയുടെ നേതൃത്വത്തിലാണു ആക്രമണം നടന്നതെന്നു പൊലീസ് പറയുന്നു. കരമന അനന്തു ഗിരീഷ് വധക്കേസിൽ പൊലീസ് കുറ്റംപത്രം സമർപ്പിച്ചിരുന്നു. കരമന അരശുമൂട് നിന്ന് പട്ടാപ്പകലാണ് പ്രതികൾ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയത്. ബൈക്കിൽ ഒരു കടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മർദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ നടുവിൽ ഇരുത്തി ക്കൊണ്ടുപോവുകയായിരുന്നു. ഇതിന് സമാനമായിട്ടായിരുന്നു അഖിലിനേയും കൊലപ്പെടുത്തിയത്.

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗത്തിൽപ്പെട്ട യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് അനന്തുവിന്റെ കൊലപാതകത്തിലേക്ക് നീങ്ങിയത്. പ്രതികളായ അരുൺ ബാബു, വിജയരാജ് എന്നിവരെ കൊല്ലപ്പെട്ട അനന്തു ഗിരീഷും സംഘവും ചേർന്നാണ് മർദ്ദിച്ചത്. ഇതിന് പ്രതികാരം തീർക്കാൻ പ്രതികൾ തീരുമാനിച്ചു, ബൈക്കിൽ സഞ്ചരിച്ചിരുന്ന അനന്തു ഗിരീഷിനെ പ്രതികൾ തളിയിൽവച്ച് തട്ടിക്കൊണ്ടുപോയി നേമത്തുള്ള കുറ്റിക്കാട്ടിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി.