തിരുവനന്തപുരം: പങ്കാളിയെ ഭയപ്പെടുത്താൻ ഇൻസ്റ്റഗ്രാം പേജ് വഴി വ്യാജ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി സകലരേയും മണ്ടന്മാരാക്കി. ആത്മഹത്യാ ഭീഷണി സത്യമെന്നു ധരിച്ച് ഇൻസ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണു പൊലീസിൽ വിവരമറിയിച്ചത്. ആലപ്പുഴ സ്വദേശിയായ യുവതിയും നെയ്യാറ്റിൻകര സ്വദേശിയായ യുവാവും 3 വർഷമായി കരമനയിൽ ഒരുമിച്ചു താമസിക്കുകയാണ്. ഫോൺ എടുക്കാതെ പോയ യുവാവ് തിരിച്ചെത്താൻ വൈകിയതോടെയാണ് യുവതി 'നാടകം' കളിച്ചത്. പൊലീസ് ഇരുവരെയും താക്കീതു നൽകി വിട്ടയച്ചു.

ഞരമ്പു മുറിച്ചെന്നു കാണിക്കാനായി കൈത്തണ്ടയിൽ ടൊമാറ്റോ സോസ് പുരട്ടി. തെറ്റിദ്ധരിച്ച ഇൻസ്റ്റഗ്രാം അധികൃതർ കൊച്ചി സിറ്റി പൊലീസിനു വിവരം കൈമാറി. സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ലൊക്കേഷൻ കണ്ടെത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കരമന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയെയാണ് പൊലീസ് സമയോചിതമായി ഇടപെട്ട് 'രക്ഷിച്ചത്'.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇൻസ്റ്റഗ്രാമിൽ ലൈവ് ദൃശ്യങ്ങൾ പങ്കുവച്ചായിരുന്നു യുവതിയുടെ ആത്മഹത്യാനാടകം. ഫാനിൽകുരുക്കിട്ട് രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു യുവതിയുടെ ദൃശ്യം. ദൃശ്യങ്ങൾ പരിശോധിച്ച ഇൻസ്റ്റഗ്രാം അധികൃതർ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ച് മിനിട്ടിനുള്ളിൽ തിരുവനന്തപുരത്ത് നിന്നും യുവതിയെ കണ്ടെത്താനായത്. യുവതി എവിടെയാണെന്ന വിവരം ആദ്യമുണ്ടായിരുന്നില്ല.

കേരളത്തിലുള്ള ആളാണെന്ന വിവരം മാത്രമാണുണ്ടായിരുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ട കമീഷണർ ഇത് എത്രയും പെട്ടെന്ന് അന്വേഷിക്കാൻ സൈബർ സെല്ലിനോട് നിർദ്ദേശിച്ചു. അന്വേഷണത്തിൽ യുവതി ചേർത്തലയാണെന്നാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് യുവതി കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായി. തുടർന്ന് വിവരം കരമന പൊലീസിന് കൈമാറുകയും മിനിട്ടുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തി യുവതിയെ കണ്ടെത്തുകയായിരുന്നു. എന്നാൽ യുവതിയെ കണ്ടതോടെ പൊലീസ് അക്ഷരാർഥത്തിൽ ഞെട്ടി.

യുവതിക്ക് ഒരു പരിക്കും ഇല്ലായിരുന്നു. മൂന്ന് വർഷത്തോളമായി പരിചയമുള്ള തിരുവനന്തപുരം മാമ്പഴക്കര സ്വദേശിയായ യുവാവുമായി മേലാറന്നൂരിന് സമീപം വാടകക്കുള്ള വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു യുവതി. വിവാഹിതയും ആറ് വയസുള്ള ഒരു കുട്ടിയുടെ മാതാവുമാണ് യുവതി. വിവാഹമോചന കേസ് നടക്കുകയാണ്. അതിനിടെയാണ് യുവാവുമായി ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. യുവാവിന്റെ വീട്ടുകാർ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല.

തിങ്കളാഴ്ച യുവതിയും സുഹൃത്തും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. ഫോണും എടുത്തില്ല. വൈകുന്നേരമായിട്ടും യുവാവ് മടങ്ങിയെത്താതിനെ തുടർന്ന് അയാളെ ഭയപ്പെടുത്താനാണ് ആത്മഹത്യ നാടകം നടത്തിയത്. രക്തം ഒഴുകുന്നതായി കാണിക്കുന്നതിന് സോസാണ് യുവതി ഉപയോഗിച്ചത്. പൊലീസ് എത്തി അൽപസമയത്തിനുള്ളിൽ യുവാവും എത്തി. ഇരുവരും തമ്മിൽ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.തുടർന്ന് യുവതിയെ ഒരു ബന്ധുവിനൊപ്പം അയച്ചു.

കേരളാ പൊലീസിന്റെ സമയോചിത ഇടപെടലിന്റെ ഭാഗമായി യുവതിയുടെ ജീവൻ രക്ഷിച്ചെന്ന നിലയിലായിരുന്നു ഈ സംഭവം ആദ്യം പ്രചരിക്കപ്പെട്ടത്. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കിയതോടെ പൊലീസിനും നാണക്കേടായി.