- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്; കരീലക്കുളങ്ങരയിൽ ചർച്ച!
കായംകുളം: പാനൂരിനൊപ്പം കരീലക്കുളങ്ങരയിലെ ആ പഴയ കൊലയും ചർച്ചകളിൽ. 2001 ജൂൺ 20-നാണ് സത്യനു വെട്ടേറ്റത്. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാപ്പഞ്ചായത്ത് അംഗമായ ബിപിൻ സി. ബാബുവിന്റെ വെളിപ്പെടുത്തലാണ് സത്യൻ കൊലയിൽ ചർച്ച തുടങ്ങിയത്. കൊലപാതകം പാർട്ടി ആസൂത്രണം ചെയ്തതാണെന്നും നിരപരാധിയായ തന്നെ അതിലുൾപ്പെടുത്തിയെന്നും ബിപിൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. ബിപിൻ പാർട്ടിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു. ബിപിന്റെ മൊഴി എടുത്ത് കേസ് പുനരന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അങ്ങനെ പാനൂരിലെ ബോംബ് നിർമ്മാണത്തിനും സ്‌ഫോടനത്തിനുമൊപ്പം ഇതും അക്രമ രാഷ്ട്രീയത്തിൽ ചർച്ചയ്ക്ക് പുതുമാനം നൽകുന്നു.
കരീലക്കുളങ്ങരയിൽ സത്യൻ എന്ന ഓട്ടോറിക്ഷക്കാരനെ 2001-ൽ സിപിഎം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന ആരോപണം നിഷേധിച്ച് സിപിഎം രംഗത്തുവന്നു. കരീലക്കുളങ്ങരയിൽ 2001-ൽ നടന്ന കളീക്കൽ സത്യന്റെ കൊലപാതകം ആലോചിച്ചുനടത്തിയതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം. ജില്ലാസെക്രട്ടറി ആർ. നാസർ പറഞ്ഞു. സിപിഎം. പ്രവർത്തകർ കുറ്റവിമുക്തരാക്കപ്പെട്ട കേസിൽ തിരഞ്ഞെടുപ്പുസമയത്ത് വസ്തുതകൾക്കു നിരക്കാത്ത പ്രചാരണം അഴിച്ചുവിടുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യമാണ്. 2001-ൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തു നടന്ന കൊലപാതകത്തിൽ സംഭവവുമായി ബന്ധമില്ലാത്ത സിപിഎം. നേതാക്കളെ പൊലീസ് രാഷ്ട്രീയപ്രേരിതമായി പ്രതിയാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കേസ് തള്ളിപ്പോയി-അദ്ദേഹം പറഞ്ഞു.
ബിപിന്റെ രാഷ്ട്രീയവും കുടുംബ പ്രശ്‌നവുമെല്ലാം ചർച്ചയാക്കി പ്രതിരോധം തീർക്കാനാണ് നീക്കം. കുറച്ചുനാളായി പാർട്ടിയോടു നീരസത്തിൽ നിൽക്കുന്ന ഇദ്ദേഹം തിരഞ്ഞെടുപ്പു കാലത്തുണ്ടാക്കുന്ന സമ്മർദതന്ത്രമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കായംകുളം കൃഷ്ണപുരം ഡിവിഷനിൽനിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് ബിപിൻ ജയിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പാർട്ടിക്കുടുംബത്തിൽനിന്ന് മിശ്രവിവാഹമായിരുന്നു. അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബുവും ഈ വിവാഹത്തിന് എല്ലാ പിന്തുണയും നൽകി.
പിന്നീട് കുടുംബ ജീവിതത്തിൽ താളപ്പിഴയുണ്ടായി. ഗാർഹികപീഡനം ആരോപിച്ച് ഭാര്യയും ഭാര്യാപിതാവും പാർട്ടിക്കു പരാതി നൽകിയതോടെയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്സ്ഥാനം രാജിവെപ്പിച്ചതും ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതും. നടപടി വരുമ്പോൾ സിപിഎം. കായംകുളം ഏരിയ കമ്മിറ്റിയംഗമായിരുന്നു ബിപിൻ. പിന്നീട് ബ്രാഞ്ചിലേക്കാണ് തിരിച്ചെടുത്തത്. ഇതിൽ ബിപിൻ അസ്വസ്ഥനായിരുന്നു. പാർട്ടി ഏരിയ കമ്മിറ്റിയംഗമായ ബിപിന്റെ അമ്മ കെ.എൽ. പ്രസന്നകുമാരി കഴിഞ്ഞദിവസം പാർട്ടി വിട്ടിരുന്നു. ബിപിനെ ബ്രാഞ്ചിലേക്കു മാത്രം തിരിച്ചെടുത്തത് ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഇടപെടൽ മൂലമാണെന്നാണ് അവർ ആരോപിച്ചത്. ബിപിൻ ഔദ്യോഗികമായി പാർട്ടി വിട്ടിട്ടില്ലെന്നതാണ് വസ്തുത. ഇതെല്ലാം ചർച്ചയാക്കി സത്യൻ കൊലയിലെ ആരോപണത്തെ പ്രതിരോധിക്കാനാണ് നീക്കം.
അതിനിടെ തന്റെ ഭർത്താവ് സത്യനെ സിപിഎം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് അന്നുതന്നെ അറിയാമായിരുന്നെന്ന് ഭാര്യ ശകുന്തള പ്രതികരിച്ചു. കരീലക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായിരുന്നു സത്യൻ. രാവിലെ എനിക്കും മക്കൾക്കും അഞ്ചുരൂപ വീതം കൈനീട്ടം തന്നിട്ടു പോയതാണ്. പിന്നെ കാണുന്നത് ആശുപത്രിയിലാണ്. അന്ന് സത്യനു 39 വയസ്സായിരുന്നു. മകൻ സജേഷിന് 14-ഉം മകൾ സജിനിക്ക് എട്ടരയും. ആദ്യം ആർഎസ്എസ്. പ്രവർത്തകനായിരുന്നു. പിന്നീട് ഐ.എൻ.ടി.യു.സി.യിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്ത് എം.എം. ഹസൻ ജയിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സത്യൻ സജീവമായിരുന്നു. അന്ന് അട്ടിമറി വിജയമാണ് കായംകുളത്ത് ഹസൻ നേടിയത്. സമീപത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടും സിപിഎമ്മുമായി തർക്കങ്ങളുണ്ടായിരുന്നു.
സത്യൻ സ്റ്റാൻഡിൽ നിൽക്കുമ്പോൾ 14 വയസ്സു തോന്നിക്കുന്ന ഒരു കുട്ടിവന്ന് മറ്റൊരാൾക്ക് ആശുപത്രിയിൽ പോകാനാണെന്നു പറഞ്ഞ് ഓട്ടംവിളിച്ചു. സ്ഥലവും പറഞ്ഞുകൊടുത്തു. പയ്യൻ വണ്ടിയിൽ കയറിയില്ല. സമീപവാസിയായ ഒരാൾ ഇതു കാണുകയും ചെയ്തു. കോട്ടയ്ക്കത്ത് ജങ്ഷനു സമീപത്തെ കാവിന്റെ അടുത്തുവച്ചാണ് സത്യനെ ആക്രമിച്ചത്. ഓട്ടോ തടഞ്ഞുനിർത്തി പതിമ്മൂന്നോളം പേർ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽവെച്ച് പറഞ്ഞിരുന്നു. പ്രതികളുടെ പേരും വ്യക്തമാക്കി. എന്നാൽ, ബിപിൻ സി. ബാബുവിന്റെ പേര് പറഞ്ഞിട്ടില്ല. മുളകുപൊടി കണ്ണിലേക്കു വിതറിയശേഷം വെട്ടുകയായിരുന്നു. ഇരുകൈകൾക്കും കാലിനും വെട്ടേറ്റു. കൂർപ്പിച്ച കമ്പു കൊണ്ട് വയറ്റിൽ കുത്തി. മൂക്കിലും മുറിവിലും മുളകുപൊടി ഇട്ടു. 25 ദിവസത്തോളം ചികിൽസ. അതിന് ശേഷം മരണം.
കേസ് നടന്നെങ്കിലും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല. കോൺഗ്രസ് ഇടപെട്ട് ഭാര്യയ്ക്ക് സ്പിന്നിങ് മില്ലിൽ ജോലി നൽകി. സിബിഐ. പോലുള്ള ഏജൻസികൾ കേസന്വേഷിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും ശകുന്തള പറഞ്ഞു.
പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും
കരീലക്കുളങ്ങര കളീക്കൽ സത്യന്റെ കൊലപാതകത്തിൽ പുനരന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു തന്നെ യഥാർത്ഥ പ്രതികൾ വേറെയാണെന്ന് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ നിരപരാധികളെ ബലിയാടാക്കുന്ന സിപിഎമ്മിന്റെ ക്രൂരമുഖമാണ് ഇവിടെ വെളിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കളീക്കൽ സത്യന്റെ കൊലപാതകത്തിൽ സിപിഎം നേതാക്കളടക്കമുള്ള എല്ലാ യഥാർത്ഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സത്യൻ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.ഇ.സമീർ ആവശ്യപ്പെട്ടു.