മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഇൻഡിഗോ ജീവനക്കാരുടെ സഹായത്തോടെ സ്വർണകടത്ത്. രണ്ട് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. സീനിയർ എക്‌സിക്യൂട്ടീവ് റാമ്പ് സൂപ്പർവൈസർ സാജിദ് റഹ്‌മാൻ, കസ്റ്റമർ സർവീസ് ഏജന്റ് സാമിൽ എന്നിവർ എന്നിവരെയാണ് സ്വർണകടത്തുമായി ബന്ധപ്പെട്ട് പിടികൂടിയിരിക്കുന്നത്. 4.9 കിലോഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചെടുത്തിരിക്കുന്നത്. സ്വർണവുമായി എത്തിയ വയനാട് സ്വദേശി അഷ്‌കറലിക്ക് സമൻസ് അയച്ചതായും കസ്റ്റംസ് അറിയിച്ചു.

കരിപ്പൂരിൽ വിമാനജീവനക്കാരുടെ സ്വർണം കടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില ജീവനക്കാർ നിരീക്ഷണത്തിലായിരുന്നു. വിമാനകമ്പനി സുരക്ഷാസംഘത്തിന്റെ സഹായത്തോടെയായിരുന്നു നിരീക്ഷണം. സെപ്റ്റംബർ 12ന് ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം കരിപ്പൂരിലെത്തിയപ്പോൾ സാജിദ് എയർ സൈഡിലേക്ക് സംശയാസ്പദമായി നീങ്ങുന്നതായി വിവരം ലഭിച്ചു. തുടർന്ന് വിമാനത്തിൽ നിന്നും ഇറക്കിയ ബാഗേജ് ട്രാക്ടർ ട്രോളിയിൽ നിന്ന് നേരിട്ട് ശേഖരിക്കാൻ ശ്രമിക്കുകയും ടാഗിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയും ചെയ്തു.

സുരക്ഷ സംഘത്തിന്റെ ഇടപെടലോടെ കസ്റ്റംസ് പരിശോധനക്കായി കൺവെയർ ബെൽറ്റിൽ ടാഗ് ഒട്ടിച്ച ബാഗേജുകൾ സാജിദിന് വെക്കേണ്ടി വന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എയർ സൈഡിൽ എത്തുകയായിരുന്നു. ഈ ബാഗേജ് കസ്റ്റംസ് സംഘം പ്രത്യേകം രേഖപ്പെടുത്തി പരിശോധിച്ചതിലാണ് സ്വർണം കണ്ടെത്തിയത്. യാത്രക്കാരനെ തിരിച്ചറിയാനും ഇയാൾ ബാഗേജ് എടുക്കുന്നതിനുമായി കാത്തിരുന്നെങ്കിലും ഉണ്ടായില്ല.

യാത്രക്കാരൻ വരാത്തതിനാൽ ഇൻഡിഗോ ജീവനക്കാരുടെ അടക്കം സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ബാഗേജിനകത്ത് തുണിയിൽ പൊതിഞ്ഞും തുണികൊണ്ടുള്ള ബെൽറ്റിലും സോക്സിലുമായിരുന്നു സ്വർണം ഒളിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വയനാട് സ്വദേശിയുടേതാണ് ബാഗേജെന്ന് കണ്ടെത്തിയത്. അതേ സമയം കരിപ്പൂരിൽ വിമാനത്തവളത്തിൽനിന്നും ജീവനക്കാരുടെ സഹായത്തോടെ സ്വർണ്ണ കടത്ത് വ്യാപകവുമാകുന്നു.

ഇൻഡിഗോ എയർലൈൻസ് ജീവനക്കാരുടെ ഒത്താശയോടെയാണ് സ്വർണം കടത്തിയത്. ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി അഷ്‌കർ അലിയുടെ ബാഗിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.റൺവേയിൽ എത്തി സാജിദ് റഹ്‌മാൻ ബാഗ് വാങ്ങുകയായിരുന്നു. സാജിദും സാമിലും മുൻപും സ്വർണം കടത്തിയതിന്റെ തെളിവ് കസ്റ്റംസിന് ലഭിച്ചു. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിനടുത്ത് റൺവേയിൽ എത്തി സാജിദ് റഹ്‌മാൻ ബാഗ് വാങ്ങിയതാണ് സംശയമുണ്ടാക്കിയത്. ഇൻഡിഗോയിലെ ഇതേ ജീവനക്കാർ മുൻപ് പുറപ്പെടൽ ഗേറ്റ് വഴി സ്വർണം പുറത്ത് എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചു. അതേസമയം, വിമാനത്താവളത്തിൽ നിന്ന് രക്ഷപെട്ട അഷ്‌കർ അലിക്കു വേണ്ടി അന്വേഷണം ശക്തമാണ്.

കഴിഞ്ഞ മാസം അനധികൃത സ്വർണം കസ്റ്റംസ് സുപ്രണ്ട് പുറത്തെത്തിച്ചത് 25,000രൂപക്കായിരുന്നു. പിടിച്ചെടുത്ത സ്വർണം പുറത്തെത്തിച്ചു നൽകാമെന്ന ധാരണയുണ്ടാക്കിയതും ഈ ഉദ്യോഗസ്ഥൻതന്നെയായിരുന്നു. എയർപോർട്ടിന് പുറത്ത് വെച്ച് കള്ളകടത്ത് സ്വർണം കൈമാറാനായി കാത്തു നിന്ന കസ്റ്റംസ് സുപ്രണ്ട് മുനിയപ്പണെ തൊണ്ടി സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തത്.

എയർ ഇന്ത്യ എക്സ്‌പ്രസ്സിൽ കാലികറ്റ് ഇന്റർ നാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ രണ്ട് കാസർഗോഡ് സ്വദേശികൾ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വർണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയർപോർട്ടിന് പുറത്ത് എത്തിച്ച ശേഷം കടത്തികൊണ്ട് വന്ന യാത്രക്കാർക്ക് 25000/രൂപ പ്രതിഫലത്തിന് കൈമാറാൻ ശ്രമിച്ചത്.