കരിപ്പൂർ: സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനും യാത്രക്കാരന്റെ അറിവോടെ സ്വർണം തട്ടാനെത്തിയ സംഘാംഗങ്ങളും ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിലാകുമ്പോൾ ചർച്ചയാകുന്നത് കരിപ്പൂരിൽ തുടരുന്ന മാഫിയകളുടെ സാന്നിധ്യം. ദുബായിൽനിന്നെത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി നടുവിൽ എ.മുഹമ്മദ് അനീസ് (19), സ്വർണം തട്ടാനെത്തിയ കണ്ണൂർ ധർമടം സ്വദേശി കെ.വി.നിയാസ് (26), കണ്ണൂർ നടുവിലിലെ എം വിഗിരീഷ് (31), തലശ്ശേരി കതിരൂരിലെ കെ.പ്രസാദ് (43), തലശ്ശേരി സ്വദേശി കിരൺ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അനീസ് മറ്റൊരാൾക്കുവേണ്ടി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് മറ്റു നാലുപേർ അനീസിന്റെ അറിവോടെ വിമാനത്താവളത്തിൽ എത്തിയതെന്ന് സിഐ പി.ഷിബു പറഞ്ഞു. 54 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപ വിലയുള്ള രണ്ടു ഫോണുകളും പൊലീസ് അനീസിൽനിന്നു കണ്ടെടുത്തു. സ്വർണം തട്ടിയെടുക്കുന്നതിന് പിന്നിൽ കണ്ണൂരിലെ കടത്തുകാരാണ്. അർജുൻ ആയങ്കിയെ സംശയനിഴലിൽ നിർത്തിയ വാഹനാപകടത്തിന് ശേഷവും കടത്ത് സജീവമായി തുടരുന്നു. ഇവരെ പൂർണ്ണമായും തടയാൻ ആർക്കും കഴിയുന്നില്ല.

കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന കണ്ണൂർ സംഘത്തലവനെ എല്ലാവർക്കും അറിയാം. എന്നാൽ ആ നിലയിലേക്ക് അന്വേഷണം പോകുന്നില്ല. ഇതാണ് കഴിഞ്ഞ ദിവസവും കടത്തിന് കാരണമായത്. സ്വർണം കൊടുത്തയച്ചവരുടെ ആളുകൾക്കു കൈമാറുന്നതിനു മുൻപേ തട്ടിയെടുക്കാനായിരുന്നു പദ്ധതി. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരിപ്പൂർ പൊലീസ് നടത്തിയ നീക്കത്തിലൂടെ അഞ്ചു പേരെയും വിമാനത്താവള കവാടത്തിനു സമീപം പിടികൂടുകയായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ 5 പേരെയും റിമാൻഡ് ചെയ്തു.

ദുബായിൽ നിന്നെത്തിയ കാരിയർ മുഹമ്മദ് അനീസും, ഇയാളുടെ അറിവോടെ കണ്ണൂരിൽ നിന്നെത്തിയ നാലംഗ സംഘവുമാണു വലയിലായത്. പുതിയ ഐഫോണുകളും 54 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രണ്ടര ലക്ഷം രൂപ മൂല്യമുള്ള ഐഫോണുകളും 54 ഗ്രാം സ്വർണവും അടക്കമുള്ള വസ്തുക്കൾ അനീസിന്റെ കൈവശമുണ്ടായിരുന്നു. തട്ടിക്കൊണ്ടു പോകാൻ എത്തിയവർ സഞ്ചരിച്ച രണ്ടു കാറുകളും പിടിച്ചെടുത്തു. കാരിയർമാരുടെ സമ്മതത്തോടെ സമാനമായ രീതിയിൽ ഇതേ സംഘം മുൻപും കള്ളക്കടത്തു സ്വർണം തട്ടിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

മൂന്നു മാസം മുൻപും കാരിയറിന്റെ സമ്മതത്തോടെ താനൂരിൽ നിന്നുള്ള സംഘം സ്വർണം തട്ടാൻ എത്തിയിയിരുന്നു. ഇവരെ പിന്തുടർന്ന് അന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ ആയങ്കി അടക്കമുള്ള പ്രതികൾ അറസ്റ്റിലായത്. ഇതേ മോഡലാണ് ഇപ്പോഴും തുടരുന്നത്. കാരിയർമാരുടെ സഹായത്തോടെ സ്വർണം വാങ്ങി കൊടുത്തു വിടുന്നവരേയും ഇവിടെ സ്വർണം വാങ്ങാൻ നിൽക്കുന്നവരേയും കബളിപ്പിക്കാണ് ലക്ഷ്യം. സ്വർണം കൊടുത്തയച്ചവർ തന്നെ ചതി മനസ്സിലാക്കി പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നാണ് സൂചന. ചതിയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് കാരയറെ ചതിക്കുകയായിരുന്നു പണം മുടക്കിയവർ.

അതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വർണക്കടത്തു നടത്തിയ കേസിൽ സ്വർണം എത്തിച്ച യാത്രക്കാരൻ പിടിയിലായിരുന്നു. വയനാട് സ്വദേശി അഷ്‌കർ അലിയാണ് കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസിനു മുൻപിൽ കീഴടങ്ങിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ അഷ്‌കർ അലിയെ റിമാൻഡ് ചെയ്തു. സെപ്റ്റംബർ 15ന് ആയിരുന്നു സ്വർണക്കടത്ത് പിടികൂടിയത്. വിമാനക്കമ്പനി ജീവനക്കാരായ കെ.വി.സാജിദ് റഹ്‌മാൻ, സാമിൽ ഖൈസ് എന്നിവർ പിടിയിലായിരുന്നു. 2.25 കോടി രൂപയുടെ 4.9 കിലോഗ്രാം സ്വർണം കടത്താനായിരുന്നു ശ്രമം.

വയനാട് സ്വദേശി അഷ്‌കർ അലിയുടേതായിരുന്നു സ്വർണം ഒളിപ്പിച്ച ബാഗ്. ഈ ബാഗിൽ രാജ്യാന്തര ടാഗ് മാറ്റി ആഭ്യന്തര ടാഗ് വച്ച് പരിശോധനയില്ലാതെ പുറത്തെത്തിക്കാനായിരുന്നു ജീവനക്കാരുടെ ശ്രമം എന്നാണു കേസ്. സംഭവത്തിൽ മുഖ്യ സൂത്രധാരനായ കോഴിക്കോട് കരുവൻതിരുത്തി സ്വദേശി റിയാസിനെ പിടികൂടാനായിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുംവിധം വാഹനമോടിച്ചു പോയെന്ന കേസും റിയാസിനെതിരെയുണ്ട്. ഇയാൾ ഓടിച്ചിരുന്ന കാർ പിന്നീട് കണ്ടെത്തിയിരുന്നു. റിയാസ് കടത്തിലെ പ്രധാന കണ്ണിയാണെന്നും സംശയമുണ്ട്.