- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്ത്: 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സിബിഐ കുറ്റപത്രം; പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥർ 70.08 ലക്ഷം രൂപ മൂല്യമുള്ള ബാഗേജുകൾ പരിശോധന കൂടാതെ പുറത്തുവിട്ടെന്ന് കണ്ടെത്തൽ
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്തിന് കൂട്ടുനിന്ന 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സിബിഐ.യുടെ കുറ്റപത്രം സമർപ്പിച്ചു. ഇവരും കാസർകോട് സ്വദേശികളായ 17 പേരടങ്ങുന്ന കള്ളക്കടത്തു സംഘവുമുൾപ്പെടെ 30 പേർക്കെതിരേയാണ് സിബിഐ. കോടതിയിൽ കുറ്റപത്രം നൽകിയത്.
കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.എം. ജോസ്, ഇ. ഗണപതി പോറ്റി, സത്യമേന്ദ്ര സിങ്, എസ്. ആശ, കസ്റ്റംസ് ഇൻസ്പെക്ടർമാരായ യാസർ അറാഫത്ത്, നരേഷ്, സുധീർകുമാർ, വി സി. മിനിമോൾ, സഞ്ജീവ് കുമാർ, യോഗേഷ്, കസ്റ്റംസ് ഹെഡ് ഹവിൽദാർമാരായ സി. അശോകൻ, പി.എം. ഫ്രാൻസിസ്, കരിപ്പൂർ വിമാനത്താവളം സബ് സ്റ്റാഫ് ആയ കെ. മണി എന്നീ ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് സിബിഐ. ഇൻസ്പെക്ടർ എൻ.ആർ. സുരേഷ്‌കുമാർ എറണാകുളം സിബിഐ. കോടതി മൂന്നിൽ കുറ്റപത്രം നൽകിയിട്ടുള്ളത്.
കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസുദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് 2021 ജനുവരിയിലാണ് സിബിഐ. കൊച്ചി സംഘവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ചേർന്ന് മിന്നൽ റെയ്ഡ് നടത്തിയത്. കള്ളക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി റെയ്ഡിൽ ബോധ്യപ്പെട്ടു.
കസ്റ്റംസ് പരിശോധന കഴിഞ്ഞ കള്ളക്കടത്തുകാരിൽനിന്ന് 70 ലക്ഷം രൂപയിലേറെ വിദേശ കറൻസിയും ഇന്ത്യൻരൂപയും മറ്റ് വിദേശനിർമ്മിത വസ്തുക്കളും കണ്ടെടുത്തു. കുറ്റാരോപിതരായ കസ്റ്റംസുദ്യോഗസ്ഥരിൽനിന്ന് 2.86 ലക്ഷം രൂപയും 6.28 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങളും കണ്ടെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. ഇവരുടെ ഒത്താശയോടെ സ്വർണം, വിദേശ കറൻസി, മദ്യക്കുപ്പികൾ, വിദേശനിർമ്മിത ഉൽപന്നങ്ങൾ അടക്കം 70 ലക്ഷം രൂപയുടെ തൊണ്ടി മുതലാണു അന്വേഷണ സംഘം കണ്ടെത്തിയത്.
കള്ളക്കടത്തിനു കൂട്ടുനിന്നതായി കണ്ടെത്തിയ സൂപ്രണ്ടുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ കസ്റ്റംസ് സസ്‌പെൻഡ് ചെയ്തിരുന്നു. സിബിഐ കൊച്ചി യൂണിറ്റിലെ ഇൻസ്‌പെക്ടർ എൻ.ആർ.സുരേഷാണ് അന്വേഷണം നടത്തി സിബിഐ പ്രത്യേക കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ