- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്‍ ഒരു ബന്ദിയെപ്പോലെ ജീവിക്കുകയാണ്; ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാന്‍ നടക്കുകയാണ്; കര്‍ണാടക മുന്‍ ഡിജിപിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഭാര്യയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍; ഓം പ്രകാശ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗമെന്നും പല്ലവിയുടെ വാദം
താന്‍ ഒരു ബന്ദിയെപ്പോലെ ജീവിക്കുകയാണ്
ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. ഓംപ്രകാശിന്റെ ഭാര്യ പല്ലവി വളരെ അസ്വസ്ഥയായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. ഭാര്യ പല്ലവി പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കും ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നതായി പരാതിപ്പെട്ടു കൊണ്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ അടക്കം കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്.
ഭര്‍ത്താവ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഏതാനും മാസങ്ങളായി ഇവര്‍ ആരോപിക്കുന്നുണ്ട്. തനിക്കും മകള്‍ക്കും വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കുന്നതായി പല്ലവി സന്ദേശങ്ങള്‍ അയച്ചിരുന്നു. വീട്ടുജോലിക്കാരും ഇത് ചെയ്യുന്നതായി അവര്‍ ആരോപിച്ചു. തന്റെയും മകളുടെയും ആരോഗ്യത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്, ഓരോ തവണ വിഷം നല്‍കിയപ്പോഴും നെയ്യും നാരങ്ങയുമൊക്കെ കഴിച്ചാണ് രക്ഷപ്പെടുന്നതെന്നാണ് അവര്‍ പറഞ്ഞത്.
ഭര്‍ത്താവിന്റെ ഏജന്റുമാരുടെ നിരന്തരമായ നിരീക്ഷണത്തില്‍ അവര്‍ ഒരു ബന്ദിയെപ്പോലെ ജീവിക്കുകയാണെന്നും വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ പല്ലവി ആരോപിച്ചിരുന്നു. ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാന്‍ നടക്കുകയാണെന്ന് കുടുംബക്കാരോട് ഇവര്‍ പരാതിപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ശാരീരിക ആക്രമണങ്ങളെ കുറിച്ചും അവര്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. തന്റെ ഭര്‍ത്താവ് ഒരു വലിയ അഴിമതി ശൃംഖലയുടെ ഭാഗമാണെന്നും അദ്ദേഹത്തെ പിഎഫ്ഐ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) അംഗമാണെന്നാണ് പല്ലവിയുടെ മറ്റൊരു ആരോപണം.
ഭര്‍ത്താവ് ഡിജിപി ആയിരുന്ന കാലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ ആത്മഹത്യകളുടെ കാര്യവും അവര്‍ ചൂണ്ടിക്കാണിച്ചു. ഓം പ്രകാശിന്റെ പ്രവര്‍ത്തനങ്ങളെ മകള്‍ എതിര്‍ത്തു തുടങ്ങിയപ്പോഴാണ് മകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. തനിക്കോ മകള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഓം പ്രകാശിനായിരിക്കുമെന്നും പല്ലവി പറഞ്ഞിരുന്നു.
ഓം പ്രകാശിനോട് മാറി താമസിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. പിന്നീട് പല്ലവി നിലവിലെ ഡിജിപിയില്‍ നിന്നും താല്‍ക്കാലിക സുരക്ഷിത താമസസ്ഥലവും തേടിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. എന്നാല്‍, 12 വര്‍ഷമായി പല്ലവി സ്‌ക്രീസോഫീനിയയ്ക്ക് ചികിത്സയിലാണെന്നും കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നതെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. അതിനാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഓം പ്രകാശിന്റെ മുഖത്തു ആദ്യം മുളകുപൊടിയെറിഞ്ഞതിനു ശേഷം കത്തി ഉപയോഗിച്ചു കുത്തിയും ചില്ലു കുപ്പി ഉപയോഗിച്ചു ആക്രമിച്ചും കൊലപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മകന്‍ കാര്‍ത്തിക രംഗത്തുവന്നിരുന്നു. കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന ഓം പ്രകാശിന്റെ ഭാര്യയും തന്റെ അമ്മയുമായ പല്ലവി 12 വര്‍ഷമായി സ്‌ക്രീസോഫീനിയയ്ക്ക് ചികിത്സയിലാണെന്നും കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നതെന്നും കാര്‍ത്തിക് പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വവും അസാധാരണവുമായ കാര്യങ്ങള്‍ എല്ലാം തന്നെ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതാണെന്ന് തെറ്റിദ്ധരിക്കുന്ന മാനസികാവസ്ഥയാണ് സ്‌ക്രീസോഫീനിയ. താന്‍ ആക്രമിക്കപ്പെടുമെന്നും തനിക്ക് വധഭീഷണി ഉണ്ടെന്നും പല്ലവി ഭയന്നിരുന്നതായും ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാന്‍ നടക്കുകയാണ് എന്ന് പലതവണ പറഞ്ഞിരുന്നതായും കുടുംബാഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. വാട്‌സാപ് ഗ്രൂപ്പുകളിലടക്കം ഭര്‍ത്താവ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി കൊലയ്ക്ക് 5 ദിവസം മുന്‍പും പല്ലവി ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പല്ലവിയുടെ രോഗാവസ്ഥ കൊണ്ടുണ്ടായ തോന്നലാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി പല്ലവിക്ക് തോന്നിയിരുന്നുവെന്നും ഇതിന്റെ പേരില്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകീട്ടാണ് ഓം പ്രകാശിനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 6 കുത്തേറ്റിട്ടുണ്ടെന്നും മുഖത്ത് അടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കുടുംബത്തിന് ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും സൂചനയുണ്ട്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം, ഇന്നലെ വൈകുന്നേരം തന്നെ ഔദ്യോഗിക ബഹുമതികളോടു കൂടി ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ ഗ്രൗണ്ടില്‍ ഓം പ്രകാശിന്റെ മൃതദേഹം സംസ്‌കരിച്ചു. മകനാണ് അച്ഛന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നതിനാല്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് സംസ്‌കാരത്തിന് ശേഷം കാര്‍ത്തികേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കാര്‍ത്തികേഷ് പറഞ്ഞു. ഓം പ്രകാശ് കൊല്ലപ്പെട്ട സംഭവത്തില്‍ മകന്റെ പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് കര്‍ണാടക പൊലീസും അറിയിച്ചിട്ടുണ്ട്. നിലവില്‍, ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെയും മകള്‍ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.