ബെംഗളൂരു: കർണാടകയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഭർത്താവ് തന്റെ സ്വന്തം ഭാര്യയെ കൊന്ന് സ്യൂട്ട്കെയ്സിലാക്കുകയായിരുന്നു. രാത്രി അത്താഴത്തിനിടെ ആദ്യം ചെറിയ തർക്കത്തിൽ തുടങ്ങിയത് അവസാനം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ഒടുവിൽ ഭർത്താവിന്റെ തിരിച്ചുള്ള ആക്രമണത്തിൽ ഭാര്യ അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു.ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കൊലപാതകിയായ ഭർത്താവിനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കേസിൽ പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടിനുള്ളിലായിരുന്നു രാകേഷിന്റെ ഭാര്യ ഗൗരി അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ബാത്ത് റൂമിൽ കൊണ്ടുവെച്ചിരുന്ന സ്യൂട്ട്കെയ്സിലായിരുന്നു മൃതദേഹം. രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഭാര്യയുമായി തർക്കം ഉണ്ടായെന്നും ഇയാൾ പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഒരുമാസം മുമ്പാണ് ഇരുവരും മഹാരാഷ്ട്രയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ബുധനാഴ്ച രാത്രി ഭക്ഷണം ഒരുക്കിയ ശേഷമാണ് തങ്ങൾ തമ്മിൽ തർക്കമുണ്ടാകുന്നതെന്നാണ് രാകേഷ് പറഞ്ഞത്. ചോറും ഗ്രേവിയുമാണ് ഗൗരി ഉണ്ടാക്കിയത്. രാത്രി ഒൻപത് മണിയോടെയാണ് ഇരുവർക്കുമിടയിൽ വഴക്ക് ഉണ്ടാകുന്നത്. വഴക്കിനിടയിൽ രാകേഷ് ഗൗരിയുടെ ചെകിട്ടത്ത് അടിച്ചു. ഇതിന് പ്രതികാരമായി അടുക്കളയിൽ നിന്ന് കത്തിയുമായി ഗൗരി എത്തി. ഇത് രാകേഷിന് നേരെ എറിഞ്ഞു. കത്തിയേറിൽ ചെറുതായി പരിക്കേറ്റ രാകേഷ് രോഷാകുലനായി അതേ കത്തിയെടുത്ത് ഗൗരിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കഴുത്തിൽ രണ്ടുതവണയും വയറ്റിൽ ഒരുതവണയുമാണ് ഗൗരിയ്ക്ക് വെട്ടേറ്റത്.

രാകേഷിന്റെ ശരീരത്തിൽ ഗൗരിയുടെ നഖപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കുത്തേറ്റ ഗൗരിയുടെ ബോധം മറയുന്നതിന് മുമ്പേ വലിയൊരു സ്യൂട്ട്കേയ്സ് വലിച്ചിഴച്ച് കൊണ്ട് വന്ന് രാകേഷ് അവരെ അതിലാക്കിയതായാണ് വിവരം. ജീവനോടെ ഗൗരിയെ സ്യൂട്ട്കേയ്സിലാക്കിയെന്നാണ് ഫൊറൻസിക് വിദഗ്ദരും കരുതുന്നത്. ഇതിനുള്ള തെളിവും ലഭിച്ചതായാണ് വിവരങ്ങൾ.

മൃതദേഹം പുറത്തേക്ക് കൊണ്ടുപോകാൻ ഒരുങ്ങിയപ്പോൾ ഭാരം കൊണ്ട് സ്യൂട്ട്കേയ്സിന്റെ കൈ പൊട്ടിപ്പോകുകയായിരുന്നു. ഇതെത്തുടർന്ന് തന്റെ ആദ്യത്തെ പ്ലാൻ അദ്ദേഹം മാറ്റി. സ്യൂട്ട്കേയ്സ് ബാത്ത്റൂമിലേക്ക് മാറ്റി. ശേഷം വീട് പുറത്ത് നിന്ന് പൂട്ടി തന്റെ കാറിൽ പുറത്തേക്ക് പോയി. അർധരാത്രി 12.45-ഓടെയായിരുന്നു ഇയാൾ പുറത്തേക്ക് പോകുന്നത്. നഗരം വിടുന്നതിന് മുമ്പ് ഇയാൾ ഫോൺ ഓഫാക്കാനും മറന്നില്ല. മുംബൈയിലുള്ള രക്ഷിതാക്കളുടെ അടുക്കലേക്ക് പോകുകയായിരുന്നു രാകേഷിന്റെ ഉദ്ദേശ്യം. പുണെയിലേക്കുള്ള വഴിയിൽ വെച്ച് രാകേഷ് ഫോൺ ഓണാക്കി ഗൗരിയുടെ സഹോദരൻ ഗണേഷ് അനിൽ സംഭരേക്കറെ വിളിച്ചു. താൻ ഗൗരിയെ കൊലപ്പെടുത്തി എന്ന കാര്യം പറഞ്ഞ് വീണ്ടും ഫോൺ ഓഫ് ആക്കുകയായിരുന്നു.

ഇതേസമയം തന്നെ, തന്റെ ഭാര്യ തൂങ്ങി മരിച്ചുവെന്ന് താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലെ വാടകക്കാരനോട് രാകേഷ് പറഞ്ഞിരുന്നു. ഇക്കാര്യം കെട്ടിട ഉടമയെ അറിയിക്കണമെന്നും രാകേഷ് പറഞ്ഞിരുന്നു. ഇയാൾ പോലീസിൽ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്ന നിലയിലാണ് ഉണ്ടായിരുന്നത്. അകത്ത് സംശയാസ്പദമായി ആരേയും കാണാനും സാധിച്ചില്ല. വിശദമായി പരിശോധിച്ച പോലീസ് സ്യൂട്ട്കേയ്സിലാക്കിയ ഗൗരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഭാര്യ തന്നിൽ ആധിപത്യം സ്ഥാപിക്കുന്നുവെന്നും മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും രാകേഷ് സമ്മതിച്ചതായാണ് വിവരം. വീട്ടിൽ നിന്നും മാറിത്താമസിക്കാൻ ആഗ്രമുള്ളതുകൊണ്ടായിരുന്നു ഗൗരിയേയും കൊണ്ട് ബെംഗളൂരുവിൽ എത്തിയത്. എന്നാൽ അവൾക്കനുയോജ്യമായ ജോലി കണ്ടെത്തിക്കൊടുക്കാൻ സാധിച്ചില്ല. ഇതിൽ രാകേഷിനെ ഗൗരി കുറ്റപ്പെടുത്തിയിരുന്നതായും റിപ്പോർട്ട്.

ഗൗരിയെ കൊലപ്പെടുത്തി രാവിലെ വരെ മൃതദേഹവുമായി സംസാരിച്ചുവെന്നാണ് രാകേഷ് പോലീസിനോട് പറഞ്ഞത്. എന്നാൽ ഇത് സത്യമല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ മണിക്കൂർ വീട്ടിൽ ചെലവഴിച്ചിട്ടുണ്ടാകാം. ഈ സമയം വീട് വൃത്തിയാക്കാൻ വേണ്ടി ഇയാൾ ഉപയോഗിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. മഹാരാഷ്ട്രയിലേക്കുള്ള യാത്രയ്ക്കിടെ ഫിനൈയിലും പാറ്റയെ കൊല്ലുന്ന മരുന്നും വാങ്ങിക്കഴിച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. എന്നാൽ നിലവിൽ അപകടനിലതരണം ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു.