കൊച്ചി: അന്യ മതസ്ഥനായ ആൺകുട്ടിയെ പ്രണയിച്ചെന്നാരോപിച്ചു പിതാവ് പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദിച്ച് കളനാശിനി നൽകി കൊലപ്പെടുത്തിയത് കേട്ട് ഞെട്ടി മലയാളികൾ. പത്ത് ദിവസം ആശുപത്രിയിൽ ജീവന് വേണ്ടി പൊരുതിയാണ് കുട്ടിയുടെ മരണം. അച്ഛന്റെ ആക്രമത്തിൽ ഗുരുതരാവസ്ഥയിലായ ഒൻപതാം ക്ലാസുകാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാക്ഷര കേരളമെന്ന അവകാശപ്പെടുന്ന കേരളത്തിന് അപമാനമാണ് ഈ സംഭവം.

കുട്ടി ആശുപത്രിയിലായപ്പോൾ തന്നെ പരാതിയെ തുടർന്ന് കുട്ടിയുടെ പിതാവിനെ ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 29നു രാവിലെയാണു കേസിനാസ്പദമായ സംഭവം. കമ്പിവടി കൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേൽപിച്ചു. അതിന് ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടി പ്രണയത്തിൽ നിന്നു പിന്മാറാതെ വന്നതാണ് അച്ഛനെ പ്രകോപിപ്പിച്ചത്. അത്യാസന്ന നിലയിൽ 10 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ കരുമാലൂർ സ്വദേശിനിയായ പെൺകുട്ടി. 43 വയസ്സുകാരനാണ് അറസ്റ്റിലായത്. പ്രണയത്തിൽ നിന്ന് പിന്മാറാൻ പെൺകുട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തയാറാകാത്തതിനെ തുടർന്നാണ് ക്രൂര ആക്രമണം.

കളനാശിനി ഉള്ളിൽച്ചെന്ന കുട്ടി ഛർദിച്ച് അവശ നിലയിലായപ്പോഴാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. ഇതോടെയാണ് കേസായത്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ആന്തരികാവയവങ്ങൾക്കു ക്ഷതം സംഭവിച്ചു. അച്ഛനെതിരെ വധശ്രമത്തിനാണു പൊലീസ് കേസെടുത്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടി മരിച്ചതോടെ അച്ഛൻ കൊലക്കേസിൽ പ്രതിയാകും. കേരളത്തിലെ പ്രധാന പത്രങ്ങൾ അടക്കം ഇത് പ്രധാന്യത്തോടെ വാർത്തയാക്കിയിട്ടുണ്ട്.

കരുമാലൂർ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ ഫാത്തിമ (14) ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. പിതാവ് അബീസാണ് ക്രൂരതയ്ക്ക് പിന്നിൽ എന്ന് ദേശാഭിമാനിയും റിപ്പോർട്ട് ചെയ്യുന്നു. പ്രണയം ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമെന്നാണ് ദേശാഭിമാനിയും പറയുന്നത്. കുട്ടിയുടെ മരണമൊഴിയും ഇതു തന്നെയാണ്. മർദ്ദിച്ചവശയാക്കി നിർബന്ധപൂർവം വിഷം വായിലൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കുട്ടിയുടെ മൊഴിയിലാണ് പിതാവിനെ അറസ്റ്റു ചെയ്തത്. മകൾ പ്ളസ്ടുവിന് പഠിക്കുന്ന കുട്ടിയുമായി പ്രണയത്തിലാണെന്ന വിവരമറിഞ്ഞ പിതാവ് ഒരു മാസം മുമ്പ് ഇരുവരേയും വിലക്കിയിരുന്നു. മകളുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഇത് അടുപ്പക്കാരനായ വിദ്യാർത്ഥി നല്കിയതാണെന്ന ധാരണയിൽ പിതാവ് ആൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചിരുന്നു.

അതിന് ശേഷം വീട്ടിലെത്തി മകളുമായി ഇതേച്ചൊല്ലി വഴക്കായി. കുട്ടിയുടെ മാതാവിനേയും ഇളയ മകനേയും വീടിന് പുറത്താക്കി പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദ്ദിച്ച ശേഷം മകനുമായി പുറത്തേക്കു പോയി. മാതാവ് അകത്തു കയറി നോക്കിയപ്പോൾ പെൺകുട്ടിയുടെ വായിൽ വിഷം ചെന്നതായി മനസിലാക്കി. ഉടനെ വായ കഴുകിച്ചെങ്കിലും പെൺകുട്ടി തുടരെ ഛർദിച്ചു. തുടർന്ന് ആരോഗ്യ നില വഷളായി.

ഉടനെ പിതാവിനെ വിളിച്ചു വരുത്തി ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മകൾ വിഷക്കുപ്പി കടിച്ചു തുറന്നപ്പോൾ വായിൽപ്പോയതാണെന്നാണ് പിതാവ് ഡോക്ടർമാരോട് പറഞ്ഞത്. ഇതനുസരിച്ചുള്ള വിവരം ആശുപത്രി അധികൃതർ ആലുവ പൊലീസിന് കൈമാറി. എന്നാൽ പൊലീസ് ചോദിച്ചപ്പോൾ പെൺകുട്ടി സത്യം പറഞ്ഞു. പിന്നീട് ആലുവ പൊലീസ് അന്വേഷണച്ചുമതല ആലങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു.

ഇവരും ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി എടുത്തു. അപ്പോഴാണ് പിതാവ് കമ്പി വടിക്ക് അടിച്ച ശേഷം തന്റെ വായിലേക്ക് പുല്ലിനടിക്കുന്ന വിഷം ഒഴിച്ചതായി പെൺകുട്ടി മൊഴി നൽകിയത്. പിന്നാലെ മജിസ്‌ട്രേട്ടും മൊഴി എടുത്തു. ആദ്യം കമ്പി വടികൊണ്ട് അടിക്കുകയും പിന്നീട് വീട്ടിൽ സൂക്ഷിച്ചിരുന്ന കളനാശിനി വായിൽ നിർബന്ധിച്ച് ഒഴിക്കുകയുമായിരുന്നു. പെൺകുട്ടി കളനാശിനി തുപ്പിക്കളയാൻ ശ്രമിച്ചെങ്കിലും പിന്നീട് ഛർദിച്ച് അവശയാവുകയായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. അന്നു മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അച്ഛൻ ബലംപ്രയോഗിച്ച് വിഷം വായിൽ ഒഴിക്കുകയായിരുന്നെന്നാണ് പെൺകുട്ടി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയും. മാതാവിന്റെയും ബന്ധുക്കളുടെയും മൊഴിയുമെടുത്തിരുന്നു.

നവംബർ ഒന്നിനു കേസ് രജിസ്റ്റർ ചെയ്ത ആലങ്ങാട് പൊലീസ് അന്നു തന്നെ അച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്തുവരുമ്പോഴാണ് പെൺകുട്ടിയുടെ അന്ത്യം സംഭവിച്ചത്. കളനാശിനി വലിയ അളവിൽ അകത്ത് ചെന്നതോടെ കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.