- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർദ്ദങ്ങൾ ഫലിച്ചില്ല; കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കം നാല് പേരെ സസ്പെന്റ് ചെയ്തു; ഉത്തരവിറക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ; അഭിഭാഷക സമ്മർദ്ദത്തിന് വഴങ്ങിയുള്ള നടപടിയെന്ന് വിമർശിച്ചു ഐപിഎസ് അസോസിയേഷൻ; സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യം
കൊല്ലം: അഭിഭാഷകനെ കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതി ഉയർന്ന കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കം നാല് പൊലീസുകാർക്കെതിരെ ഒടുവിൽ നടപടി. നാല് പേരെയും സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു ഉത്തരവിറങ്ങി. പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിറക്കിത്. ഡിജിപിയുടെയും ഐപിഎസ് അസോസിയേഷന്റെയും എതിർപ്പു തള്ളിയാണ് സസ്പെൻഡു ചെയ്തത്. അഭിഭാഷകരുടെ സമ്മർദ്ദത്തിന് വഴങ്ങി സി ഐ ഗോപകുമാറിനെതിരെ നടപടി എടുക്കരുതെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. എന്നാൽ, നിയമ മന്ത്രി പി രാജീവ് ബാർ അസോസിയേഷന് ഉറപ്പു നൽകിയതു പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു സർക്കാർ.
അതേസമയം സസ്പെൻഷൻ നടപടിക്കെതിരെ ഐപിഎസ് അസോസിയേഷൻ പരസ്യമായി രംഗത്തെത്തി. നടപടി പിൻവലിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. നേരത്തെ മന്ത്രി നൽകിയ വാഗ്ദാന പ്രകാരം സസ്പെൻഷൻ നടപടി വൈകുന്നതിലും അഭിഭാഷകരിലും പ്രതിഷേധം ശക്തമായിരുന്നു. മൺറോൺതുരുത്ത് സ്വദേശിയായ അഡ്വ. പനമ്പിൽ എസ് ജയകുമാറിനാണ് മർദ്ദനമേറ്റത്. ഈ സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ കോടതി ബഹിഷ്ക്കരണ സമരവുമായി രംഗത്തുവന്നതോടെയാണ് പി രാജീവ് ഇടപെട്ട് ചർച്ച നടത്തിയതും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് ഉറപ്പു നൽകിയതും.
പി രാജീവ് അഭിഭാഷകർക്ക് നൽകിയ ഉറപ്പ് അട്ടിമറിക്കാൻ വേണ്ടി ഉന്നതരും രംഗത്തുണ്ട്. സിഐ ഗോപകുമാറുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടട് നീക്കങ്ങൾ നടത്തിയിരുന്നു. ഇതോടെയാണ് ഇന്നലെ സസ്പെൻഷൻ ഓർഡർ പുറത്തിറക്കാതിരുന്നത്. എന്നാൽ, സസ്പെൻഷൻ നടപടി നീണ്ടതിൽ പ്രതിഷേധത്തിനിടെയാണ് ഇന്ന് ഓർഡർ ഇറങ്ങിയത്. അതേസമയം വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട് അടക്കം പൊലീസുകാരും പുറത്തു വിട്ടിരുന്നു.
അഭിഭാഷകൻ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തി വിടുകയൂണ്ടായി. അതേസമയം പൊലീസ് വ്യാജരേഖ ചമച്ചെന്നാണ് അഭിഭാഷകർ ആരോപിച്ചത്. എഫ്ഐആർ തന്നെ തെറ്റാണെന്ന കാര്യമാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. എഫ്.ഐ.ആർ പ്രകാരം സംഭവം നടന്നത് 8.15നും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത് പത്ത് മണിക്ക് ശേഷമാണ് എന്നുമാണ്.
അതേസമയം പൊലീസുകാർ പുറത്തുവിട്ട അക്രമ വീഡിയോയിൽ അഭിഭാഷകൻ ലോക്കപ്പിലുള്ള സമയം 8.34നാണ്. ഡോക്ടർ പരിശോധിച്ചെന്ന രേഖയിലുള്ളത് ഒമ്പത് മണിക്കാണ്. ഇത് അഭിഭാഷകന് കസ്റ്റഡിയിൽ മർദ്ദനമേറ്റു എന്നതിന്റെ തെളിവാണെന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനെ കസ്റ്റഡിയിൽ മർദ്ദിച്ച കാര്യം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അഭിഭാഷകർ ആവർത്തിച്ചത്. സെപ്റ്റംബർ 5ന് നടന്ന സംഭവത്തിന്റെ പേരിൽ അഭിഭാഷകർ കൊല്ലത്ത് കോടതി ബഹിഷ്കരണം തുടങ്ങിയതോടെ കോടതി നടപടികൾ തടസ്സപ്പെട്ടിരുന്നു. സമരം ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കും എന്ന പ്രഖ്യാപിനത്തിന് പിന്നാലെയാണ് കൊച്ചിയിൽ ബാർ കൗൺസിൽ ചെയർമാന്റെ സാന്നിധ്യത്തിലും അതിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് നിയമമന്ത്രിയുടെ സാന്നിധ്യത്തിലും ചർച്ചകൾ നടന്നത്.
അതേസമയം സസ്പെൻഷൻ തടയുമെന്ന നിലപാടിലാണ് പൊലീസുകാരും. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട പ്രതികാരമാണ് തന്നെ ലോക്കപ്പിൽ മർദ്ദിച്ചതിന് പിന്നിലെന്നാണ് അഡ്വ. ജയകുമാർ ആരോപിച്ചത്. കൊല്ലം സബ് കോടതി പരിഗണിക്കുന്ന ഒരു കേസിൽ ആരോപണ വിധേയനായ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രിതമായി മർദ്ദിച്ചെന്നായിരുന്നു ആരോപണം. മണൽക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെയാണ് ക്രൂരമായി മർദ്ദിച്ചത്. ഒട്ടേറെ കേസുകളിൽ ആരോപണ വിധേയനാണ് ഈ ഉദ്യോഗസ്ഥനെന്ന് അഭിഭാഷകർ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ