കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണ് ഇതെന്നും ഇഡി വ്യക്തമാക്കി. അസി ഡയറക്ടർ സുരേന്ദ്ര ജി കാവിത്കർ ഹൈ സത്യവാങ്മൂലം നൽകി. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലാണ് വിശദീകരണം.

2012 മുതൽ 2019 വരെ ഒട്ടേറെപ്പേർക്ക് ബാങ്കിൽനിന്ന് വായ്പ അനുവദിച്ചു. ഒമ്പതാം പ്രതി പി.പി. കിരൺ ഉൾപ്പെടെ ബാങ്ക് പരിധിക്ക് പുറത്ത് താമസിക്കുന്നവർക്കടക്കം 51 പേർക്ക് 24.56 കോടി രൂപ നിയമവിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചു. 2021 ജൂലൈ 21ന് ക്രൈംബ്രാഞ്ചും 2022 ഓഗസ്റ്റ് 10ന് ഇ.ഡിയും അന്വേഷണവും ആരംഭിച്ചു. 2022 ഓഗസ്റ്റ് 20നാണ് രേഖകൾ പിടിച്ചെടുത്തത്. ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ക്രൈംബ്രാഞ്ചിന് നേരത്തേതന്നെ രേഖകൾ പിടിച്ചെടുക്കാൻ കഴിയുമായിരുന്ന സാഹചര്യത്തിൽ ഇപ്പോൾ രേഖകൾ ആവശ്യപ്പെടാനാകില്ല.

ഈ രേഖകൾ പി.എംഎ‍ൽഎ കോടതിയുടെ പരിഗണനയിലാണ്. കേസുകളുടെ തുടർനടപടികൾക്ക് ഇവ ആവശ്യമാണ്. ഒരു അന്വേഷണ ഏജൻസി പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ രേഖകൾ മറ്റൊരു ഏജൻസിക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാനാകില്ല. ഇ.ഡി എല്ലാ സഹായവും ക്രൈംബ്രാഞ്ചിന് നൽകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ ഹരജി ജൂൺ 19നാണ് കോടതിയുടെ പരിഗണനക്കെത്തുക.

എന്താണ് കരുവന്നൂർ തട്ടിപ്പ്?

2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തതോടെയാണ് കരുവന്നൂർ തട്ടിപ്പ് പുറത്തുവരുന്നത്. ഇതോടെ പതിറ്റാണ്ടുകളായി സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പരാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തു.

300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. വിശദ പരിശോധനക്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി. 2011-12 മുതൽ തട്ടിപ്പ് നടന്നെന്നാണ് പരാതി. വ്യാജരേഖകൾ ചമച്ചും മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങൽ എന്നിവയിൽ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്. സിപിഎം മുൻ പ്രവർത്തകനും ബാങ്ക് ജീവനക്കാരനുമായ എം വി സുരേഷാണ് പരാതി നൽകിയത്. പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല. സഹകരണ വകുപ്പിനും പിന്നാലെ വിജിലൻസ്, ഇ.ഡി, സിബിഐ എന്നിവർക്കും പരാതി നൽകി.

ക്രമക്കേട് വൻ തുകയായതോടെ പൊലീസ് ക്രൈംബ്രാഞ്ച് സ്‌പെഷൽ ടീമിനെ നിയോഗിച്ചു. ഇതിൽ ആദ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻ ഭരണസമിതി അംഗങ്ങളെയും പ്രതി ചേർത്തു. ഇതോടെ പ്രതിപ്പട്ടികയിൽ 18 പേരായി. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തിൽ 125.84 കോടിയുടേതാണ് ക്രമക്കേടെന്ന് കണ്ടെത്തി. അഞ്ച് പ്രതികളുടെ സ്വത്തുക്കൾ നേരത്തേ കണ്ടുകെട്ടി. പിന്നാലെ സഹകരണ വകുപ്പ് 125.84 കോടി ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നെങ്കിലും പ്രതികളുടെ ഹരജിയിൽ കോടതി സ്റ്റേ ചെയ്തു.

ബാങ്ക് ജപ്തി നോട്ടീസിനെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. നിക്ഷേപത്തുക കിട്ടാത്തതിനെത്തുടർന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ വയോധിക മരിച്ചു. ഒടുവിലായി ബാങ്കിൽ 150 കോടിയുടെ ക്രമക്കേട് നടന്നെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീനാണ് വ്യാജലോണുകൾക്ക് പിന്നിലെന്നും ഇ.ഡി കണ്ടെത്തി.