- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂർ കേസിൽ ഒരാൾ അറസ്റ്റിൽ
തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കേ കരുവന്നൂർ വീണ്ടും ചൂടുപിടിക്കുന്നു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കേസിൽ തുടർന്നുള്ള നടപടികൾ മണ്ഡലത്തിലെ സാധ്യതകളെയും ബാധിക്കുമെന്ന വിധത്തിലാണ് നീങ്ങുന്നത്. ഇഡി കൂടുതൽ നടപടികളുമായാണ് മുന്നോട്ടു നീങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി.
തൃശ്ശൂർ സ്വദേശി കെ.ബി അനിൽകുമാറിനെയാണ് ഇ ഡി അറസ്റ്റ് ചെയ്തുകൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്. ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് വാറന്റായി. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വൻതുക ലോണെടുത്ത് കരുവന്നൂർ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കിൽ ഈ രീതിയിൽ 18 കോടി തട്ടിയെടുത്തുവെന്നുമാണ് ഇയാൾക്കെതിരായ ആരോപണം.
കേസിലെ 55 പ്രതികളുടെ കുറ്റപത്രമാണ് ആദ്യ ഘട്ടം സമർപ്പിച്ചത്. അതിൽ പതിനൊന്നാം പ്രതിയാണ് അനിൽകുമാർ. അനിൽകുമാറിന്റെ ജാമ്യാപേക്ഷ ഉച്ചതിരിഞ്ഞ് കൊച്ചിയിലെ പി എം എൽ എ കോടതി പരിഗണിക്കും. 343.6 കോടിയുടെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റുചെയ്ത ഇ.ഡി. സിപിഎമ്മിന്റെ അഞ്ചു നേതാക്കളെക്കൂടി ചോദ്യംചെയ്യാൻ തയ്യാറെടുക്കുകയാണ്. പലതവണ ചോദ്യം ചെയ്യപ്പെട്ട എ.സി. മൊയ്തീൻ എംഎൽഎ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ.,
ഇടനിലക്കാരൻ പി. സതീഷ്‌കുമാർ (വെളപ്പായ സതീശൻ), വടക്കാഞ്ചേരിയിലെ മുനിസിപ്പൽ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്കിന്റെ മുൻ അക്കൗണ്ടന്റ് സി.കെ. ലജിൽസ്, കമ്മിഷൻ ഏജന്റ് പി.പി. കിരൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു അറസ്റ്റും ഉണ്ടായിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിൽ എന്തുകൊണ്ടാണ് മറ്റു പ്രതികളുടെയും തട്ടിപ്പുകാരുടെയും അറസ്റ്റ് രേഖപ്പെടുത്താത്തത് എന്ന് ചോദിച്ചിരുന്നു.
അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുകയാണെന്നും അതിനുശേഷം നടപടിയുണ്ടാകുമെന്നും ഇ.ഡി. മറുപടിനൽകിയിരുന്നു. ഇപ്പോഴത്തെ ഇഡിയുടെ നീക്കങ്ങൾ തെരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ എത്രകണ്ട് മുന്നോട്ടു പോകുമെന്നാണ് അറിയേണ്ടത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം നേരിടുന്നവരിൽ ഒരാൾ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ. കരുവന്നൂർ ഉൾപ്പെടെ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ നടന്ന കോടികളുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി തവണ ഇഡി ചോദ്യം ചെയ്ത എം.കെ.കണ്ണനാണ് തൃശ്ശൂരിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ.
കണ്ണൻ പ്രസിഡണ്ടായ തൃശ്ശൂർ സഹകരണ ബാങ്കിലും കരുവന്നൂരിലെ മുഖ്യപ്രതി സതീഷ് കുമാർ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. കണ്ണന്റെ അറിവോടെയാണ് ഇടപാടുകൾ നടന്നതെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് നിരവധി തവണ ഇദ്ദേഹത്തെ എറണാകുളത്ത് ഇഡി ഓഫീസിൽ വിളിപ്പിച്ച് ചോദ്യം ചെയ്തു. ഇനിയും വിളിപ്പിക്കുമെന്നും കണ്ണൻ കേസിൽ പ്രതിയാകുമെന്നുമുള്ള സൂചനയാണ് ഇഡി നല്കുന്നത്.
കേരള ബാങ്കിന്റെ വൈസ് ചെയർമാൻ കൂടിയാണ് കണ്ണൻ. കേരള ബാങ്കിലും തൃശ്ശൂർ സഹകരണ ബാങ്കിലും വായ്പകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് നിരവധി പേരുടെ ആധാരങ്ങൾ കൈക്കലാക്കി സതീഷ് കുമാറും കണ്ണനും ചേർന്ന് തട്ടിപ്പ് നടത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട് . ഈ കേസുകളും ഇഡി അന്വേഷിച്ചു വരികയാണ്. നോട്ട് നിരോധന കാലത്ത് വൻതോതിൽ കള്ളപ്പണം കണ്ണൻ പ്രസിഡണ്ട് ആയ തൃശ്ശൂർ സഹകരണ ബാങ്കിൽ എത്തിച്ചു വെളുപ്പിച്ചെടുത്തുവെന്നാണ് ഇഡി കണ്ടെത്തിയത്.