- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂർ തട്ടിപ്പു കേസിൽ പുതിയ നിർദേശവുമായി ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളിൽ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് കൈമാറാൻ അവസരം ഒരുങ്ങുന്നു. കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് കൈമറുന്നതിൽ എതിർപ്പില്ലെന്ന് ഇഡി അറിയിച്ചു. 54 പ്രതികളുടെ പക്കൽ നിന്നും കണ്ടുകെട്ടിയ 108 കോടിയുടെ സ്വത്തുക്കൾ നിക്ഷേപകർക്ക് വിട്ടുനൽകുന്നതിൽ എതിർപ്പില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.
നിക്ഷേപകരിൽ ചിലർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഇഡി പിഎംഎൽഎ കോടതിയിൽ നിലപാട് അറിയിച്ചത്. പിടിച്ചെടുത്ത തുക, ശരിയായ നിക്ഷേപകർ തന്നെയെന്ന് കോടതിക്ക് ബോധ്യപ്പെടുന്നവർക്ക് പണം തിരിച്ചു നൽകാനുള്ള നടപടിക്രമങ്ങൾ കോടതിക്ക് സ്വീകരിക്കാമെന്നും ഇഡി അറിയിച്ചു.
പ്രതികളിൽ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാൻ പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം അവസരമുണ്ട്. പ്രതികളിൽ നിന്നും കണ്ടുകെട്ടിയ തുകയിൽ നിന്നും തങ്ങളുടെ നിക്ഷേപതുക അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്.
കരുവന്നൂർ തട്ടിപ്പുക്കാരെ ഉടൻ പിടികൂടുമെന്നും കണ്ടെടുത്ത വസ്തുവകകളിൽ നിന്ന് നിക്ഷേപകർക്ക് തുക തിരിച്ച് നൽകുമെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിയുടെ തീരുമാനം. കാലാവധി അവസാനിച്ച സ്ഥിരം നിക്ഷേപ അക്കൗണ്ട് ഉടമകൾക്ക് പണം തിരികെ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അതിൽ കാര്യമായ നടപടി ഉണ്ടായിട്ടില്ല.
കരുവന്നൂർ ബാങ്കിൽ ആകെ 23,688 സ്ഥിരം നിക്ഷേപ അക്കൗണ്ടുകളാണുള്ളത്.തെരഞ്ഞെടുപ്പ് സമയത്ത് ഇഡി നടത്തുന്ന നീക്കം ശ്രദ്ധേയമാണ്. അതിനിടെ കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെ അടക്കമുല്ല സിപിഎം നേതാക്കളെ ഇഡി ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, പാർട്ടി അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്നീ വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി നീക്കം.
കേസിലെ മുഖ്യപ്രതി സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. പണം വാങ്ങിയ കാര്യം ബിജു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആർസി ബുക്ക് പണയം വച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നൽകിയിട്ടില്ലെന്നും ബിജു മൊഴി നൽകി.
അതേസമയം, തൃശ്ശൂരിൽ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ടീം മരവിപ്പിച്ച ബാങ്ക് ഓഫ് ഇന്ത്യയിലെ രണ്ട് അക്കൗണ്ടിന് പുറമെ മറ്റ് സഹകരണ ബാങ്കുകളിലടക്കമുള്ള 81 അക്കൗണ്ടുകൾ കൂടി ഇഡി പരിശോധിക്കുന്നുണ്ട്. 101 ഇടങ്ങളിൽ കെട്ടിടവും ഭൂമിയുമുണ്ട്. ഇതിൽ ആറിടത്തെ സ്വത്തുകൾ വിറ്റഴിച്ചു.