- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് അസാധുവാക്കൽ കാലത്ത് മാറ്റിയെടുത്ത 100 കോടിയും തട്ടിപ്പിന്റെ കണക്കിൽപ്പെടുത്തി ഇ.ഡി; ബെനാമി വായ്പകളടക്കം സംശയകരമായ എല്ലാ ഇടപാടുകളിലും ബാങ്ക് അധികൃതർ തെളിവു സഹിതം വിശദീകരണം നൽകേണ്ടിവരും; കരുവന്നൂർ സഹകരണ ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കലിലും വിശദ അന്വേഷണം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് അധികൃതർക്ക് മേൽ കുരക്കു മുറുക്കാൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ സഹകരണ ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കലെന്നു സംശയിക്കുന്ന എല്ലാ ഇടപാടുകളിലും വിശദീകരണം തേടാൻ ബാങ്ക് അധികൃതരെ വിളിച്ചുവരുത്താനൊരുങ്ങുകയാണ് ഇഡി. ബാങ്കിൽ നടന്നിരിക്കുന്ന കാര്യങ്ങളെല്ലാം അടിമുടി സംശയത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് വിശദമായ പരിശോധനക്ക് ഇ ഡി ഒരുങ്ങുന്നത്.
ബെനാമി വായ്പകളടക്കം സംശയകരമായ എല്ലാ ഇടപാടുകളിലും ബാങ്ക് അധികൃതർ തെളിവു സഹിതം വിശദീകരണം നൽകേണ്ടിവരുമെന്നാണ് സൂചനകൾ. മിക്ക ഇടപാടുകളിലും ക്രമക്കേടില്ലെന്നു തെളിയിക്കാൻ പാകത്തിനു രേഖകൾ ബാങ്കിന്റെ കൈവശമില്ലാത്തതിനാൽ അധികൃതർ വിയർക്കുമെന്നാണു സൂചന. ഉടൻ വിളിപ്പിക്കുമെന്നും ഹാജരാകാൻ തയാറായിരിക്കണമെന്നും ഇഡി ബാങ്ക് അധികൃതരെ അറിയിച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയ്ക്കു പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചതോടെയാണ് ഇഡി അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കാനൊരുങ്ങുന്നത്. ബാങ്കിൽ നടന്ന രണ്ടു റെയ്ഡുകളിലായി പിടിച്ചെടുത്ത രേഖകൾ പഴുതടച്ചു പരിശോധിച്ചതിൽ നിന്നു കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നു. ബെനാമി പേരുകളിൽ കോടികൾ വായ്പ അനുവദിച്ചതും ഈ പണം എവിടേക്കു പോയെന്നതും സംബന്ധിച്ച കൂടുതൽ അന്വേഷണത്തിനു വേണ്ടിയാണു ബാങ്ക് അധികൃതരെ വിളിപ്പിക്കുന്നത്. എന്നാൽ, ഈ വായ്പകൾക്ക് ഈടായി വാങ്ങിയതടക്കം മിക്ക രേഖകളും വ്യാജമാണെന്നതിനാൽ തൃപ്തികരമായ വിശദീകരണം നൽകാൻ ബാങ്കിനു കഴിഞ്ഞേക്കില്ല.
റെയ്ഡുകളിൽ ഇഡി പിടിച്ചെടുത്തു മുദ്രവച്ച ആയിരക്കണക്കിനു രേഖകൾ കഴിയുന്നത്ര വേഗത്തിൽ തിരികെ നൽകണമെന്നു ബാങ്ക് അഭ്യർത്ഥിച്ചിരുന്നെങ്കിലും ഇഡി ഇക്കാര്യം പരിഗണിച്ചില്ല. ക്രമക്കേടുകൾക്കു തെളിവു ലഭിച്ചതിനാൽ അന്വേഷണം പൂർത്തിയാകും വരെ രേഖകൾ തിരികെ നൽകാൻ കഴിയില്ലെന്നാണ് ഇഡി നിലപാട്. ഇതോടെ ബാങ്ക് കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന 2 ജപ്തികൾ ബാങ്കിന് ഉപേക്ഷിക്കേണ്ടിവന്നു. ഈടുരേഖകളടക്കം ഇഡിയുടെ കസ്റ്റഡിയിലാണെന്നതാണു കാരണം. ബാങ്കിലെ ഓഡിറ്റിങ് നടപടികളും ഇതോടെ മുടങ്ങിയ നിലയിലാണ്.
അതിനിടെ നോട്ട് അസാധുവാക്കൽ കാലത്ത് കരുവന്നൂർ ബാങ്കിലെത്തി മാറ്റിയെടുത്ത 100 കോടിയും തട്ടിപ്പിന്റെ കണക്കിൽപ്പെടുത്തി ഇഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാങ്കിലെ ജീവനക്കാരും ഇടനിലക്കാരും ഭരണസമിതിയംഗങ്ങളും ചേർന്ന് നടത്തിയ 300 കോടിയുടെ തട്ടിപ്പിന് പുറമെയാണിത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയായ ഇ.ഡി. അസാധുവാക്കിയ നോട്ട് മാറ്റിയെടുക്കുന്നതും മാറ്റി നൽകുന്നതും കുറ്റങ്ങളായാണ് കണക്കാക്കുക. ഇതുപ്രകാരം അസാധുവാക്കിയ നോട്ട് മാറ്റിയെടുത്തവരും പിടിയിലാകും. ആരൊക്കെയാണ് പണം മാറ്റിയതെന്ന സൂചന ലഭിച്ചിട്ടുണ്ട്. വടക്കൻജില്ലയിൽ നിന്നെത്തി വെളപ്പായയിൽ താമസിക്കുന്ന വട്ടിപ്പലിശക്കാരൻ 30 കോടിയോളം മാറ്റിയതായാണ് സൂചന.
ബാങ്കിന്റെ കംപ്യൂട്ടറിൽനിന്ന് മായ്ച്ചുകളഞ്ഞ വിവരങ്ങളാണ് കരുവന്നൂർ ബാങ്കിൽ രണ്ടാംവട്ടം പരിശോധനയ്‌ക്കെത്തിയ ഇ.ഡി. സംഘം ശേഖരിച്ചത്. നോട്ട് അസാധുവാക്കിയ 2016-ൽ കരുവന്നൂർ ബാങ്കിൽ ഉപയോഗിച്ചിരുന്ന വി-ബാങ്ക് സോഫ്റ്റ്‌വേർ ഒരുവർഷത്തോളം ദുരുപയോഗപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. നോട്ട് അസാധുവാക്കിയ നവംബറിൽ സോഫ്റ്റ്‌വേറിലെ ഡേ-ഓപ്പൺ, ഡേ-എൻഡ് സംവിധാനം ഇല്ലാതാക്കി. ഏതുസമയത്ത് എത്ര തുകയാണ് നിക്ഷേപിച്ചതെന്നും പിൻവലിച്ചതെന്നും ഇതോടെ മാഞ്ഞുപോയി.
2017 ജൂൺ ആറുമുതലാണ് ഡേ ഓപ്പൺ, ഡേ എൻഡ് സംവിധാനം പുനഃസ്ഥാപിച്ചത്. ഇക്കാലത്ത് നിക്ഷേപിച്ച തുകയിൽ ഭീമമായ സംഖ്യ പിൻവലിച്ചു. ഇടപാട് ആരുമറിയാതെ മായ്ച്ചും കളഞ്ഞു. ഇടപാടുകാരേയും സഹായിച്ചവരേയും കണ്ടെത്താതിരിക്കാൻ പ്യൂൺ ഉൾപ്പെടെ 18 പേരെ സോഫ്റ്റ്‌വേർ അഡ്‌മിന്മാരാക്കി. പേഴ്സണൽ ലഡ്ജറുകൾ ബാങ്ക് സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കരുതെന്ന് നിർദ്ദേശം അവഗണിച്ച് ഇത് നടത്തി നിക്ഷേപം സ്വീകരിക്കലും തിരികെ നൽകലും അറിയാത്ത രീതിയിലാക്കി.
ഓട്ടോമാറ്റിക് പാസ്വേഡ് മാറ്റുന്ന സംവിധാനവും മാേനജർതലത്തിലുള്ള ഉദ്യോഗസ്ഥൻ ഇടപാടുകളെല്ലാം പാസാക്കുന്ന രീതിയും സോഫ്റ്റ്‌വേറിൽ നിന്ന് 2017 ജൂൺ ആറുവരെ റദ്ദാക്കുകയും ചെയ്തിരുന്നു. ഇക്കാലത്തെ വിവരങ്ങളാണ് െഎ.ടി. വിദഗ്ധരുടെ സഹായത്തോടെ ഇ.ഡി. േശഖരിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ