- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റപത്രം 26000 ലധികം പേജുകൾ; അസൽ പകർപ്പ് നൽകുക അസാധ്യം; കരുവന്നൂർ തട്ടിപ്പിൽ പ്രതികൾക്ക് ഡിജിറ്റൽ കുറ്റപത്രം നൽകാം; ഹാർഡ് കോപ്പിയായി 55 പ്രതികൾക്കും കുറ്റപത്രം നൽകാൻ 13 ലക്ഷം പേപ്പറും 12 ലക്ഷം രൂപയും വേണ്ടി വരുമെന്ന് ഇഡി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ കുറ്റപത്രം ഡിജിറ്റലായി നൽകാൻ അനുമതി തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കലൂരിലെ പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്. കുറ്റപത്രത്തിന്റെ അസൽ പകർപ്പ് പ്രതികൾക്ക് നൽകാനാകില്ലെന്ന് ഇഡി വ്യക്തമാക്കി.
കേസിലെ കുറ്റപത്രത്തിന്റെ പകർപ്പ് വേണമെന്ന പ്രതികളുടെ ആവശ്യത്തിന്മേലാണ് ഇഡി രേഖാമൂലം മറുപടി നൽകിയിട്ടുള്ളത്. മൊഴികളും തെളിവുകളും അടക്കം കുറ്റപത്രത്തിന് 26000 ലധികം പേജുണ്ട്. ഇത്രയും പേജുള്ള കുറ്റപത്രത്തിന്റെ അസൽ പകർപ്പ് എടുത്ത് നൽകുക അസാധ്യമാണ്. ഡിജിറ്റൽ യുഗത്തിൽ പ്രതികൾക്ക് സോഫ്റ്റ് കോപ്പി നൽകിയാൽ മതിയെന്നാണ് ഇഡി അപേക്ഷയിൽ വ്യക്തമാക്കുന്നത്. ഹാർഡ് കോപ്പിയായി 55 പ്രതികൾക്കും കുറ്റപത്രം നൽകാനായി 13 ലക്ഷം പേപ്പറും 12 ലക്ഷം രൂപയും വേണ്ടി വരുമെന്ന് ഇഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുറ്റപത്രത്തിന്റെ പകർപ്പ് പ്രിന്റ് ചെയ്തും മറ്റു രേഖകൾ പെൻഡ്രൈവിലും നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡിജിറ്റലാക്കുന്നതു വഴി നൂറിലേറെ മരങ്ങൾ സംരക്ഷിക്കാമെന്നും ഇഡി അപേക്ഷയിൽ സൂചിപ്പിക്കുന്നു. സിആർപിസിയിൽ കുറ്റപത്രത്തിൽ ഉൾപ്പെടുന്ന പ്രതികൾക്ക് കോപ്പികൾ നൽകണമെന്ന് മാത്രമാണ് പറയുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
അതേസമയം കരുവന്നൂർ കേസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) ക്രൈംബ്രാഞ്ചും കോടതിയിൽ കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ്. കരുവന്നൂർ കേസിൽ നിക്ഷേപകർക്കും ബാങ്കിനും നഷ്ടപ്പെട്ട 350 കോടി രൂപ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎൽഎ) കണ്ടുകെട്ടി പ്രതികളിൽ നിന്നു തിരിച്ചു പിടിക്കാനുള്ള ഇ.ഡിയുടെ നീക്കത്തിനു വിലങ്ങുതടിയാവുന്നതാണു ക്രൈംബ്രാഞ്ചിന്റെ നീക്കം.
കേസന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. ബാങ്കിൽ നിന്നും പ്രതികളിൽ നിന്നും സാക്ഷികളിൽ നിന്നും പിടിച്ചെടുത്ത രേഖകളുടെ പകർപ്പു തേടിയാണ് ക്രൈംബ്രാഞ്ച് പിഎംഎൽഎ പ്രത്യേക കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുമ്പോൾ ക്രൈംബ്രാഞ്ച് കേസന്വേഷണത്തിൽ ഇടപെടുന്നതു പ്രതികളുടെ കള്ളപ്പണം കണ്ടുകെട്ടാനുള്ള നടപടിയെ മന്ദീഭവിപ്പിക്കുമെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ പറയുന്നത്.
ഇതിൽ പ്രതികളുടെ 87 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡിക്കു കണ്ടുകെട്ടാൻ കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി.ബാങ്കിൽ സമർപ്പിക്കുന്നതോടെ പണം നഷ്ടപ്പെട്ട മുഴുവൻ നിക്ഷേപകർക്കും ബാങ്കിനും കോടതിയെ സമീപിച്ച് അവരുടെ പണം തിരികെ വാങ്ങാൻ കഴിയും. ഈ നടപടിയെ തടസ്സപ്പെടുത്താൻ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതു നിക്ഷേപകർക്ക് എതിരായ നീക്കമാണെന്നാണ് ഇ.ഡി. വിശദീകരണം.




