- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനൂപ് ഡേവിഡ് കാടയും ജിജോറും മാപ്പുസാക്ഷികളാകാൻ സാധ്യത ഏറെ; സികെ ചന്ദ്രനേയും പ്രതിയാക്കാൻ സാധ്യത കുറവ്; മുതിർന്ന നേതാക്കൾക്കെതിരെ തെളിവ് നൽകിയത് കേസിൽ കുടങ്ങാതിരിക്കാൻ ആഗ്രഹിക്കുന്ന സഖാക്കൾ! കരുവന്നൂരിൽ സിപിഎം ഉന്നതർ റഡാറിൽ തന്നെ
തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ സിപിഎമ്മിനെ കുടുക്കാൻ തെളിവ് കിട്ടിയെന്ന വിലയിരുത്തലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നേതാക്കളുടെ ഇടപെടലുകളുടെയും ഇടപാടുകളുടെയും വിവരങ്ങൾ കണ്ടെത്തിയെന്നാണ് ഇഡി നൽകുന്ന സൂചന. ലഭിച്ച വിവരങ്ങൾ സമർഥിക്കാനാണ് രണ്ട് മുഖ്യപ്രതികളെ മാപ്പുസാക്ഷിയാക്കുന്നത്. മാപ്പുസാക്ഷിയാക്കിയേക്കുമെന്ന പ്രതീക്ഷയിൽ തട്ടിപ്പുമായി ബന്ധമുള്ള ചില പാർട്ടിക്കാർ, മുതിർന്ന നേതാക്കൾക്കെതിരേ എല്ലാ തെളിവുകളും വിവരങ്ങളും നൽകി. കൂടെ നിന്ന് ചതിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പ്രതികളായ ചില സഖാക്കൾ ഇത് തെറ്റിച്ചു.
ഏരിയാ കമ്മിറ്റി അംഗമായ അനൂപ് ഡേവിസ് കാടയെ അഞ്ചുതവണ ചോദ്യംചെയ്‌തെങ്കിലും ഇതുവരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല. കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി വെളപ്പായ സതീശന്റെ കൂട്ടാളി ജിജോർ നൽകിയ തെളിവുകളും മാപ്പുസാക്ഷിയാക്കുമെന്ന ധാരണയിലാണ്. സാക്ഷിയോ പ്രതിയോ ആയി ഇതേവരെ ജിജോറിനെയും ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യനില മോശമായ സി.കെ. ചന്ദ്രനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. സി.കെ. ചന്ദ്രന് കരുവന്നൂർ ബാങ്കിന്റെ ചുമതലയുണ്ടായിരുന്ന കാലത്താണ് ക്രമക്കേടും തട്ടിപ്പും കള്ളപ്പണമിടപാടും നടന്നത്. ഈ കാലയളവിൽ ചന്ദ്രന്റെ ഭാര്യ ഇവിടെ മാനേജരായിരുന്നു. ഈ സാഹചര്യത്തിലാണ് ചന്ദ്രനെ മാപ്പുസാക്ഷിക്കുന്നത് പരിഗണിക്കുന്നത്.
കരുവന്നൂർ തട്ടിപ്പുകേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറിൽ നിന്ന് സിപിഎം നേതാക്കൾക്കു പുറമേ പാർട്ടി മുഖപത്രം ദേശാഭിമാനിയും ലക്ഷങ്ങൾ വാങ്ങിയെന്നാണ് ഇഡി പറയുന്നത്. രണ്ടു ഘട്ടമായി 36 ലക്ഷം രൂപ ദേശാഭിമാനിക്കു നല്കിയെന്ന് സതീഷ്‌കുമാർ പറഞ്ഞു. സതീഷ്‌കുമാറിന്റെ മൊഴിയും അനുബന്ധ രേഖകളും ഇന്നലെ കോടതിയിൽ ഇ ഡി ഹാജരാക്കി. സതീഷ്‌കുമാറിന്റെ ജാമ്യഹർജി പരിഗണിക്കവേയാണ് തെളിവുകൾ നിരത്തിയത്. 2015ലും 2016ലുമാണ് 18 ലക്ഷം വീതം ദേശാഭിമാനി വാങ്ങിയത്. നേതാക്കളായ എ.സി. മൊയ്തീൻ, പി.കെ. ബിജു, കെ. രാധാകൃഷ്ണൻ എന്നിവരും സതീഷ്‌കുമാറിൽ നിന്നു പണം വാങ്ങിയതിന്റെ രേഖകളും കോടതിയിൽ സമർപ്പിച്ചുവെന്നാണ് സൂചന.
മൊയ്തീൻ പലവട്ടം സതീഷ്‌കുമാറിൽ നിന്നു പണം കൈപ്പറ്റി. 2016ലും 2021ലും മൊയ്തീന്റെ തെരഞ്ഞെടുപ്പിനു പണം ചെലവാക്കിയത് കരുവന്നൂർ പ്രതികളാണ്. പി.കെ. ബിജുവിന് വീടു പണിയാൻ അഞ്ചു ലക്ഷം നല്കിയത് സതീഷിന്റെ സഹോദരൻ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയെന്നും സൂചനയുണ്ട്. രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് സ്വർണമായും പണമായും സഹായം സ്വീകരിച്ചു. 30 ലക്ഷത്തിലേറെ രൂപ രാധാകൃഷ്ണൻ വാങ്ങിയെന്നാണ് ആരോപണം. ഇതിനെല്ലാം തെളിവുണ്ടെന്ന് ഇഡി പറയുന്നു. എന്നാൽ എല്ലാം സിപിഎം നിഷേധിക്കുകയാണ്.
സതീഷ്‌കുമാറിന്റെ ഉടമസ്ഥതയിൽ കോലഴിയിലുള്ള ദേവി ഫിനാൻസിയേഴ്‌സ് സിപിഎമ്മിന്റെ ഫണ്ടിങ് ഏജൻസിയായിരുന്നു. നൂറിന് മാസം 10 രൂപ കണക്കിൽ കൊള്ളപ്പലിശയാണ് ഈടാക്കിയിരുന്നത്. നിയമ വിരുദ്ധ പണമിടപാടിന് സിപിഎമ്മും പൊലീസും ഒത്താശ ചെയ്തു. പ്രവാസി വ്യവസായി ജയരാജനിൽ നിന്ന് കരുവന്നൂർ കേസിലെ 14-ാം പ്രതിയും സിപിഎം കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷൻ 77 ലക്ഷം രൂപ വാങ്ങിയെന്നും ആരോപണമുണ്ട്.
എന്നാൽ സതീഷ് കുമാറിന്റെ ധനകാര്യ സ്ഥാപനത്തിൽ നാലുകോടി രൂപ നിക്ഷേപിച്ചെന്ന മൊഴി തെറ്റാണെന്ന് പ്രവാസി വ്യവസായി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. ചില പാർട്ടി നേതാക്കളുടെ നിർദ്ദേശപ്രകാരം നാലുകോടി രൂപ നിക്ഷേപിക്കുന്നതായി കത്ത് നൽകിയതായി ദുബായിൽ വ്യവസായിയായ ജയരാജൻ സമ്മതിച്ചു.
അതല്ലാതെ പണം നൽകിയിട്ടില്ല. ഈ കത്ത് ഉപയോഗിച്ച് കരുവന്നൂർ ബാങ്കിൽനിന്ന് തട്ടിയെടുത്ത നാലുകോടി രൂപ സതീഷ് സ്വന്തം സ്ഥാപനത്തിൽ നിക്ഷേപിച്ചതായാണ് ഇ.ഡി നിഗമനം. തന്റെ പണമിടപാടു സ്ഥാപനമായ 'ദേവി ഫിനാൻസിയേഴ്‌സി'ൽ നാലുകോടി രൂപ ജയരാജൻ നിക്ഷേപിച്ചതായി സതീഷ് കുമാർ മൊഴി നൽകിയിരുന്നു.
2015 ഒക്ടോബർ 19, 2016 ജനുവരി നാല് തീയതികളിൽ ദേവി ഫിനാൻസിയേഴ്‌സിൽനിന്ന് 18 ലക്ഷം രൂപ വീതം പാർട്ടി പത്രത്തിന്റെ അക്കൗണ്ടിലേക്ക് നൽകിയതായി സതീഷ് കുമാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്ഥാപനത്തിൽനിന്ന് സിപിഎം നേതാക്കളും പാർട്ടി പത്രവും പലപ്പോഴായി പണം പറ്റിയതിന്റെ രേഖകളും സാക്ഷിമൊഴികളും ഇ.ഡി കോടതിയിൽ നൽകി.
മറുനാടന് മലയാളി ബ്യൂറോ