- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിപിഎം കരുതലിലേക്ക്; ആർബിഐ അന്വേഷണത്തിനും സാധ്യത
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് നോട്ടിസ് അയച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ കരുതലോടെ സമീപിക്കാൻ സിപിഎം.. ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചാണ് എം.എം.വർഗീസിന് ഇ.ഡി നോട്ടിസ്. എന്നാൽ സമൻസ് കിട്ടിയിട്ടില്ലെന്നാണ് വർഗീസിന്റെ നിലപാട്. പാർട്ടിയുമായി ആലോചിച്ച് ഹാജരാകുന്നതിൽ തീരുമാനം എടുക്കുമെന്നും വർഗീസ് പറഞ്ഞു.
അതിനിടെ ബുധനാഴ്ച ഹാജരാകേണ്ടതില്ലെന്ന നിർദ്ദേശം വർഗ്ഗീസിന് സിപിഎം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി ഇഡിക്ക് അവധി അപേക്ഷ നൽകും. പരമാവധി ചോദ്യം ചെയ്യൽ നീട്ടിയെടുക്കാനാകും ശ്രമിക്കുക. വോട്ടെടുപ്പ് കഴിയും വരെ കരുവന്നൂരിൽ ആരും അറസ്റ്റിലാകുന്നില്ലെന്ന് ഉറപ്പിക്കാനാകും ശ്രമം. ഇഡിയുടെ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയേയും ചോദ്യം ചെയ്യുന്നത് ഇഡി പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പങ്കുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനും ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് ഇ.ഡി കത്ത് നൽകിയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് ബാങ്കിൽ പാർട്ടി അക്കൗണ്ടുകൾ തുറന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തൃശൂരിൽ 17 ഏരിയ കമ്മിറ്റികളുടെ കീഴിൽ ഏകദേശം 25 ലേറെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തുകയും കഴിഞ്ഞ 10 വർഷത്തിനിടെ 100 കോടിക്ക് മുകളിലുള്ള ഇടപാടുകൾ ഇവയിലൂടെ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കാലത്തെ ചോദ്യം ചെയ്യൽ വിനയാകുമെന്ന് സിപിഎം കരുതുന്നു. കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണം ഡിസംബർ രണ്ടിലെ ചോദ്യംചെയ്യലിൽ വർഗീസ് തള്ളിയിരുന്നു.
വർഗ്ഗീസിനെ ആറാംതവണയാണ് ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. നാലുതവണ വർഗീസ് ഹാജരായി. അന്ന് ഈ ആരോപണങ്ങളെല്ലാം വർഗ്ഗീസ് നിഷേധിച്ചിരുന്നു. തൃശ്ശൂർ കരുവന്നൂർ സഹകരണബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും വിവരം തിരഞ്ഞെടുപ്പ് കമ്മിഷനും റിസർവ് ബാങ്കിനും കൈമാറിയെന്നും ഇ.ഡി വിശദീകരിക്കുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള സിപിഎമ്മിന്റെ 25 അക്കൗണ്ടുകളുടെ വിവരങ്ങൾ വാർഷിക ഓഡിറ്റ് സ്റ്റേറ്റ്മെന്റിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും കമ്മിഷന് കൈമാറിയ കത്തിൽ പറയുന്നു. വിവരങ്ങൾ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. നിയമവിരുദ്ധമായാണ് ഈ അക്കൗണ്ടുകൾ ആരംഭിച്ചതെന്നാണ് ആരോപണം. വിഷയത്തിൽ ആർബിഐ അന്വേഷണം ഇഡി ആവശ്യപ്പെടുന്നുണ്ട്.
കേരള സഹകരണ സംഘം നിയമവും ചട്ടങ്ങളും പ്രകാരം അക്കൗണ്ടുകൾ തുറക്കണമെങ്കിൽ സംഘത്തിൽ അംഗത്വമെടുക്കണം. എന്നാൽ, സിപിഎം. കരുവന്നൂർ ബാങ്കിൽ അംഗത്വം എടുത്തിട്ടില്ലെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ബ്രാഞ്ച്-ലോക്കൽ സെക്രട്ടറിമാരുടേതടക്കം പേരുകളിലാണ് ഈ അക്കൗണ്ടുകളെന്നാണ് കണ്ടെത്തൽ. സിപിഎം. ഓഫീസുകൾക്ക് സ്ഥലംവാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ പിരിക്കാനുമാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചത് എന്നാണ് ആരോപണം. തൃശ്ശൂർ ജില്ലയിൽ 17 ഏരിയാ കമ്മിറ്റികളുടെപേരിൽ 25 അക്കൗണ്ടുകൾ വിവിധ സഹകരണ ബാങ്കുകളിൽ പാർട്ടിക്കുണ്ടെന്നും ഇ.ഡി. പറയുന്നു.
കരുവന്നൂർ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ ഇ.ഡി നൽകിയ കത്തിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ. സഹകരണസംഘം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് അക്കൗണ്ടുകൾ ആരംഭിച്ചത്. കരുവന്നൂർ ബാങ്കിൽ അംഗത്വമില്ലാതെയാണ് അക്കൗണ്ടുകൾ തുറന്നത്. അക്കൗണ്ടെടുക്കാൻ അംഗത്വം വേണമെന്ന ചട്ടം പാലിച്ചില്ലെന്നും ഇ.ഡി പറയുന്നു.