കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ ബാങ്കിലെ 5 അക്കൗണ്ട് വിവരങ്ങൾ. പുറത്തിശ്ശേരി നോർത്ത് , സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. ജനപ്രാതിനിധ്യ നിയമപ്രകാരവും, തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടപ്രകാരവും രാഷ്ട്രീയ പാർട്ടികൾ അവരുടെ അക്കൗണ്ട് വിവരങ്ങൾ ഓഡിറ്റ് നടത്തി അതിന്റെ വിവരങ്ങൾ ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകേണ്ടതുണ്ട്. ഇതു ലംഘിക്കപ്പെട്ടുവെന്നാണ് ഇഡി കണ്ടെത്തൽ.

ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയാ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം വിശദീകരണം. കേസിൽ എംകെ കണ്ണൻ, എസി മൊയ്തീൻ അടക്കമുള്ള ഉന്നത നേതാക്കൾക്കും ഇഡി നോട്ടീസ് നൽകും. സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിനോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഹാജരാകില്ലെന്നാണഅ സൂചന. എംഎം വർഗീസ് , എസി മൊയ്തീൻ, എംകെ കണ്ണൻ അടക്കം തൃശ്ശൂർ ജില്ലായിലെ ഉന്നത് സിപിഎം നേതാക്കൾക്ക് എല്ലാ അക്കൗണ്ടുകളുടെയും വിവരം അറിയാമെന്നാണ് ഇഡിയുടെ നിലപാട്. അതുകൊണ്ടാണ് ഈ നേതാക്കളെ ചോദ്യം ചെയ്യുന്നത്.

കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്ന കാലയളവിൽ സിപിഎം പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ പേരിൽ 5 അക്കൗണ്ടുകളുണ്ട്. എന്നാൽ ഈ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നില്ല. കരുവന്നൂർ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും അക്കൗണ്ട് വിവരം സിപിഎം നേതാക്കൾ മറച്ചു വെച്ചു. രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട് പുറത്ത് വരാതിരിക്കാനാണ് ഈ നടപടിയെന്നും ഇതിന്റെ വിവരങ്ങളാണ് കൈമാറിയിട്ടുള്ളതെന്നും ഇഡി വിശദീകരിക്കുന്നു. കെവൈസി അടക്കം ഇല്ലാതെ അക്കൗണ്ട് തുറന്നത് എങ്ങനെ എന്നും ഇഡി ചോദിക്കുന്നു.

വാർഷിക ഓഡിറ്റിംഗിൽ കരുവന്നൂരിലെ എല്ലാ ക്രമക്കേടും കണ്ടെത്തിയിട്ടും അത് മൂടിവെച്ച സഹകരണ രജിസ്റ്റ്രാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ഇഡി കണ്ടെത്തൽ. 10 വർഷത്തിനിടെ ചുമതലയിലുണ്ടായിരുന്ന എല്ലാ സഹകരണ ഉദ്യോഗസ്ഥരെയും രണ്ടാം ഘട്ട കുറ്റപത്രത്തിൽ പ്രതികളാക്കും എന്നാണ് സൂചന. ഇതിനൊപ്പം കൂടുതൽ സിപിഎം നേതാക്കൾക്ക് ഇഡി ഉടൻ നോട്ടീസ് നൽകും. നിലവിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. ഇനി എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കൾക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം.

കേസിൽ സഹകരണ രജിസ്ട്രാർമാർക്കും പങ്കുണ്ടെന്നാണ് ഇഡി വാദം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂർ കേസിൽ സജീവമാവുകയാണ് ഇഡി. നേരത്തേ തന്നെ കേസിൽ ഇഡി അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതിയുണ്ട്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നതാണ്.