- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ?
തൃശ്ശൂർ: ബാങ്കിൽ നിന്ന് പിൻവലിച്ച ഒരു കോടിരൂപ ആദായനികുതി വകുപ്പിന്റെ നിർദ്ദേശം മറികടന്ന് തിരികെ നിേക്ഷപിക്കാനുള്ള സിപിഎം. തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ശ്രമത്തിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പണം തിരിച്ചടച്ച് പ്രശ്‌നം ഒഴിവാക്കാൻ സിപിഎം സംസ്ഥാന നേതൃത്വമാണ് നിർദ്ദേശിച്ചത്. ഇത് പാലിക്കുകയായിരുന്നു തൃശൂർ ജില്ലാ സെക്രട്ടറി. അത് കൂടുതൽ കുരുക്കായി മാറുകയും ചെയ്തു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമടക്കം ലംഘിച്ച് പണമായി കൊണ്ടുവന്ന ഒരുകോടി രൂപ ആദായനികുതി വകുപ്പ് അധികൃതർ 'പെട്ടിയോടെ പൊക്കി'. തുകമുഴുവൻ കണ്ടുകെട്ടിയ അധികൃതർ, ഇത് പാർട്ടിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നിേക്ഷപിച്ചു. 50,000 രൂപയിൽ കൂടുതൽ പണമായി കൊണ്ടു നടക്കുന്നതിന് വിലക്കുള്ള കാലമാണ് ഇത്. തൃശ്ശൂർ എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് തിരഞ്ഞെടുപ്പ് കാലത്ത് പണമായി പിൻവലിച്ച തുകയാണിത്. ഇതേക്കുറിച്ച് ആദായ നികുതിവകുപ്പ് അന്വേഷിച്ചിരുന്നു. എന്നാൽ, പിൻവലിച്ച തുക വിനിയോഗിച്ചില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നൽകിയ വിശദീകരണം. തിരഞ്ഞെടുപ്പ് ചെലവിനായാണ് പിൻവലിച്ചതെന്നും പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അക്കൗണ്ടുകളിൽ ഈ അക്കൗണ്ടില്ല. അതുകൊണ്ട് തന്നെ വലിയ സംശയങ്ങൾ ഇഡിക്കും ആദായ നികുതി വകുപ്പിനും ഉണ്ടായി.
അതോടെ പണം അതേപടി സൂക്ഷിക്കാൻ ആദായനികുതിവകുപ്പ് നിർദേശിച്ചു. പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയുംചെയ്തു. ഈ നിർദ്ദേശം പാലിക്കാതെ ഒരുകോടിരൂപ പെട്ടിയിലാക്കി ചൊവ്വാഴ്ച രണ്ടരയോടെ ഇതേബാങ്കിൽത്തന്നെ തിരികെ നിേക്ഷപിക്കാനായിരുന്നു ശ്രമം. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാൻ പാർട്ടി നേതാക്കളെത്തിയകാര്യം ബാങ്ക് അധികൃതർതന്നെ ആദായനികുതി വകുപ്പിനെ അറിയിച്ചു. അതോടെ വകുപ്പുദ്യോഗസ്ഥർ ബാങ്കിലെത്തി ഒരു കോടിരൂപയും കണ്ടുകെട്ടുകയായിരുന്നു. അങ്ങനെ കൈയിലുണ്ടായിരുന്ന ആ പണവും പോയി. പിൻവലിച്ച പണത്തിന്റേയും ഇപ്പോൾ കൊണ്ടു വന്ന പണത്തിന്റേയും സീരിയൽ നമ്പറും ആദായ നികുതി വകുപ്പ് പരിശോധിക്കും.
അതിനിടെ കേന്ദ്ര ഏജൻസികളെ വെല്ലുവിളിക്കാൻ വർഗീസ് തീരുമാനിച്ചിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പു കേസിൽ ഇനി ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും കണക്കുകൾ ഇനി ഒന്നും കൊടുക്കാനില്ലെന്നും വർഗീസ് അറിയിച്ചു. ഇന്ന് ഹാജരാകാൻ ഇ ഡി നിർദേശിച്ചിരുന്നു. ഇന്ന് മെയ് ദിനമായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് വർഗീസ് അറിയിച്ചു. പറഞ്ഞ കാര്യങ്ങൾക്കപ്പുറം മറ്റൊന്നും പറയാനില്ല. ഇനി വേണമെങ്കിൽ അറസ്റ്റ് ചെയ്തോട്ടെ എന്നാണ് എം.എം. വർഗീസിന്റെ നിലപാട്.
എന്നാൽ അന്വേഷണവുമായി വർഗീസ് സഹകരിക്കുന്നില്ലെന്ന് ഇ ഡി വ്യക്തമാക്കി. ജില്ലയിലെ സിപിഎമ്മിന്റെ ആസ്തി വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും വർഗീസ് തയാറായിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ സ്വത്ത് വിവരങ്ങൾ പോലും പൂർണമായും നല്കിയിട്ടില്ല. രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച ചോദ്യങ്ങൾക്കും നിഷേധ രൂപത്തിലുള്ള മറുപടിയാണ് വർഗീസ് കഴിഞ്ഞ ദിവസം നല്കിയത്. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ ഉദ്യോഗസ്ഥരോട് കയർക്കുന്ന സമീപനമാണ് വർഗീസ് സ്വീകരിച്ചത്. നിങ്ങൾ തുടർച്ചയായി വിളിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ഇനി വരാനാകില്ലെന്നും വർഗീസ് പറഞ്ഞു.
ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേ സമയം പാർട്ടിയുടെ രഹസ്യ അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളും കൈമാറാൻ കഴിയാത്തതുകൊണ്ടാണ് ഹാജരാകാൻ മടിക്കുന്നതെന്നാണ് വിലയിരുത്തൽ. കണക്കുകൾ ഹാജരാക്കേണ്ടി വന്നാൽ അത് പുതിയ നിയമക്കുരുക്കുകളിലേക്ക് വഴിതെളിക്കും. ഇത് ഭയന്നാണ് അന്വേഷണവുമായി സഹകരിക്കാത്തത്. സിപിഎം സംസ്ഥാന നേതൃത്വവും അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ്.