- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൊയ്തീനെ ഇഡി പ്രതിയാക്കും; വര്‍ഗ്ഗീസിന്റെ കാര്യത്തിലും ആലോചനകള്‍; കുറ്റപത്രം വൈകിക്കാനുള്ള തന്ത്രമോ മൊഴി നല്കാതെയുള്ള രാധാകൃഷ്ണന്റെ ഒളിച്ചുകളി; ആലത്തൂരിന്റെ എംപി മൊഴി കൊടുത്താല്‍ സത്യം തെളിയുമെന്ന ആശങ്കയും ചില നേതാക്കള്‍ക്ക്? കരുവന്നൂരില്‍ സിബിഐ എത്തിയേക്കും
തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം ആശങ്കയില്‍. കേസില്‍ സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീനെ ഇ.ഡി പ്രതിചേര്‍ക്കുമെന്ന് സൂചനയുണ്ട്. അതിനിടെ സിബിഐ അന്വേഷണത്തിന് ഇഡി ശുപാര്‍ശ ചെയ്യുമെന്നും സൂചനയുണ്ട്. എംപി കെ രാധാകൃഷ്ണന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. വീണ്ടും നോട്ടീസ് നല്‍കും. മൊഴി നല്‍കാന്‍ എത്തിയില്ലെങ്കില്‍ അറസ്റ്റിനും സാധ്യതയുണ്ട്. സത്യസന്ധമായി എല്ലാം പറയുന്ന രാധാകൃഷ്ണനെ ഇഡിക്ക് മുന്നിലേക്ക് വിട്ടാല്‍ പ്രതിസന്ധിയാകുമെന്ന് കരുതുന്ന സിപിഎം നേതാക്കളുണ്ട്. അതുകൊണ്ടാണ് രാധാകൃഷ്ണനെ ഇതുവരെ മൊഴി കൊടുക്കുന്നതിന് പാര്‍ട്ടി അനുവദിക്കാത്തതെന്ന വാദവും ശക്തമാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാകാതെ നീളുകയാണ്. ഇതിനിടെയാണ് ഇഡിയും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന സൂചനകള്‍ പുറത്തേക്ക് വരുന്നത്. സാമ്പത്തിക കുറ്റകൃത്യമാണ് ഇഡി അന്വേഷിക്കുന്നത്. കരുവന്നൂരില്‍ പലവിധ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. അതുകൊണ്ട് സിബിഐ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വലിയിരുത്തല്‍ മൊയ്തീനു പുറമേ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെയും ഇ.ഡി. പ്രതിചേര്‍ക്കുമെന്നു സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ എം.വി. സുരേഷ് ആണ് ഇ.ഡിയുടെയും സിബിഐയുടെയും അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.
കള്ളപ്പണ ഇടപാടു വ്യക്തമായതോടെ ഇ.ഡി അന്വേഷണം ആരംഭിച്ചെങ്കിലും സിബിഐ അന്വേഷണ ആവശ്യത്തില്‍ തീരുമാനം നീണ്ടുപോയി. പലവട്ടം കേസ് മാറ്റിവച്ചെങ്കിലും വൈകാതെ അന്തിമ തീരുമാനം വരും. ഈ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്. കള്ളപ്പണ ഇടപാടുകളുടെ പേരില്‍ 53 പേരെ പ്രതിചേര്‍ത്ത് ഇ.ഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിച്ചേക്കും. ബാങ്ക് ജീവനക്കാരും സിപിഎം പ്രാദേശിക നേതാക്കളുമടക്കം പ്രതിപ്പട്ടികയിലുണ്ടെങ്കിലും എ.സി. മൊയ്തീനെയോ എം.എം. വര്‍ഗീസിനെയോ പ്രതിചേര്‍ത്തിരുന്നില്ല. മൊയ്തീനെ പലവട്ടം ചോദ്യം ചെയ്തും വീടു റെയ്ഡ് ചെയ്തും അക്കൗണ്ടുകള്‍ മരവിപ്പിച്ചും ഇ.ഡി അന്വേഷണം പുരോഗമിച്ചെങ്കിലും കടുത്ത നടപടികളിലേക്കു നീങ്ങിയിരുന്നില്ല. തട്ടിപ്പു നടന്ന കാലത്തു ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടി അക്കൗണ്ടുകളുടെ കസ്റ്റോഡിയനായി പ്രവര്‍ത്തിച്ചുവെന്നതാണു വര്‍ഗീസിനെ ആരോപണവിധേയനാക്കിയത്.
ന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയിരുന്നു. ചെന്നൈയില്‍നിന്ന് സ്ഥലംമാറി വരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാറിനാണ് പകരംചുമതല. രണ്ടാംഘട്ട കുറ്റപത്രം നല്‍കാനിരിക്കെയാണ് മാറ്റം. കേസ് സിബിഐയ്ക്ക വിടാനുള്ള താല്‍പ്പര്യവും ഈ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന. കരുവന്നൂര്‍ കേസില്‍ ഈ മാസംതന്നെ രണ്ടാംഘട്ട കുറ്റപത്രം നല്‍കാന്‍ ഡല്‍ഹി ഹെഡ് ഓഫീസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണന്റെ മൊഴിയെടുക്കാനുള്ള തിരക്കിട്ട നീക്കം നടക്കുന്നത്. കൊച്ചി ഇഡി ഓഫീസില്‍ നാല് അന്വേഷണ യൂണിറ്റുകളാണുള്ളത്. ഇതില്‍ യൂണിറ്റ് രണ്ടില്‍നിന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ കേസുകളുള്ള യൂണിറ്റ് ഒന്നിലേക്കാണ് രാധാകൃഷ്ണനെ മാറ്റിയത്.
കരുവന്നൂര്‍ കേസില്‍ രണ്ടാംഘട്ട കുറ്റപത്രം നല്‍കുന്നതിന്റെ നടപടിക്രമം 95 ശതമാനം പൂര്‍ത്തിയായെന്നാണ് സൂചന. എന്നാല്‍, പുതിയ അന്വേഷണ ഉദ്യോഗസ്ഥനെത്തുന്നതോടെ കേസ് സംബന്ധിച്ച് പഠിക്കാന്‍തന്നെ സമയമെടുക്കും. ഇത് കുറ്റപത്രം നല്‍കുന്നത് നീണ്ടുപോകാന്‍ ഇടയാക്കിയേക്കും. സിബിഐ അന്വേഷണ നിഗമനങ്ങള്‍ കൂടി മനസ്സിലാക്കി കുറ്റപത്രം നല്‍കാനുള്ള ഇഡി തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തല്‍.