കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇനി നടത്തുക നിർണ്ണായക നീക്കങ്ങൾ. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്റെ മൊഴികളിൽ ഇഡി പൊരുത്തക്കേടുകൾ കണ്ടെത്തി. അന്വേഷണം രണ്ടാം ഘട്ടത്തിൽ ഉന്നത സിപിഎം നേതാക്കളിലേക്ക് നീളുമെന്ന സൂചനയാണ് ഇഡി നൽകുന്നത്. കണ്ണനെ വീണ്ടും ചോദ്യം ചെയ്തു. അറസ്റ്റിനും സാധ്യത ഏറെയാണ്.

ഒന്നാംഘട്ട കുറ്റപത്രം സമർപ്പിച്ച കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത നാലുപ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) രജിസ്റ്റർ ചെയ്ത കേസുകളിൽ ഇ.ഡി. ഉദ്യോഗസ്ഥൻ മുൻപാകെ പ്രതികളും സാക്ഷികളും നൽകുന്ന മൊഴികൾക്കു തെളിവു മൂല്യമുണ്ട്. എന്നിട്ടും ഈ കേസിൽ പ്രധാനപ്പെട്ട പല സാക്ഷികളുടെയും മൊഴികൾ ഇ.ഡി. മജിസ്‌ട്രേട്ട് മുൻപാകെ വീണ്ടും രേഖപ്പെടുത്തി. മൊഴി മാറ്റി പറയാതിരിക്കാനാണ് ഇത്. സിപിഎം ഉന്നതരിലേക്ക് അന്വേഷണം എത്താനാണ് ഇതും.

മുഖ്യപ്രതികളായ സ്വകാര്യ പണമിടപാടുകാരൻ പി.സതീഷ്‌കുമാർ, സിപിഎം പ്രാദേശിക നേതാവും ജനപ്രതിനിധിയുമായ പി.ആർ.അരവിന്ദാക്ഷൻ എന്നിവരുടെ ഫോണുകളിൽ നിന്ന് അന്വേഷണസംഘം വീണ്ടെടുത്ത ഡിജിറ്റൽ രേഖകളിലെ സൂചനകളുടെയും സാക്ഷിമൊഴികളുടെയും വിലയിരുത്തൽ ഇഡി പൂർത്തിയാക്കി. ഇതിൽ നിന്നുമാണ് കണ്ണനെ വീണ്ടും ചോദ്യം ചെയ്യണമെന്ന വിലയിരുത്തലിലേക്ക് എത്തുന്നത്. മൊഴിയിൽ നിരവധി പൊരുത്തക്കേട് കണ്ടെത്തി. 13,000 പേജും നൂറുകണക്കിനു സാക്ഷിമൊഴികളും ബാങ്ക് രേഖകളുമടങ്ങുന്നതാണു കേസിലെ പ്രാഥമിക കുറ്റപത്രം. ഇഡി കുറ്റപത്രം നൽകിയെങ്കിലും പൊലീസ് കേസ് ഇഴഞ്ഞു നീങ്ങുകയാണ്.

മുന്മന്ത്രിയും എംഎൽഎയുമായ എ.സി.മൊയ്തീനെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങളും ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. പിഎംഎൽഎ പ്രത്യേക കോടതി മുൻപാകെ കഴിഞ്ഞ ദിവസം ഇ.ഡി. സമർപ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന പൂർത്തിയാക്കി കോടതി നമ്പറിട്ടു ഫയലിൽ സ്വീകരിച്ച ശേഷം കേസിൽ തുടരന്വേഷണത്തിനു തയ്യാറെടുക്കുകയാണ് ഇ.ഡി.

നിക്ഷേപകരുടെ പരാതിയിൽ പൊലീസിന്റെ കീഴിലെ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ അന്വേഷണത്തിൽ പുരോഗതിയില്ല. ഈ കേസിൽ കരുവന്നൂർ ബാങ്ക് ഭരണസമിതിയിലെ 12 പേരെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരിൽ പലരെയും പിഎംഎൽഎ കേസിൽ ഇ.ഡി. സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടില്ല. ഉന്നതരാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ 350 കോടി രൂപയുടെ ബെനാമി വായ്പത്തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്ന കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പു കേസ് കേരളം കണ്ട ഏറ്റവും വലിയ സംഘടിത സാമ്പത്തിക കുറ്റകൃത്യമാണെന്ന് ഇ.ഡി. കുറ്റപത്രം വ്യക്തമാക്കുന്നു.

അന്വേഷണം പൂർത്തിയാക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വർധിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ജിജോർ, പ്രവാസി വ്യവസായി ജയരാജ് എന്നിവരുടെ രഹസ്യമൊഴികളുടെ വിശദമായ പകർപ്പും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളായ റബ്‌കോ കമ്മിഷൻ ഏജന്റ് എ.കെ.ബിജോയ്, സ്വകാര്യ പണമിടപാടുകാരൻ പി.സതീഷ്‌കുമാർ, സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ പി.ആർ.അരവിന്ദാക്ഷൻ, തട്ടിപ്പിന്റെ സൂത്രധാരനും വായ്പാ ഇടനിലക്കാരനുമായി പി.പി.കിരൺ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവർ അടക്കം 44 വ്യക്തികളും 10 സ്ഥാപനങ്ങളുമാണു ആദ്യ ഘട്ട പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നത്.

കേസിലെ മറ്റു പ്രതികൾ ഇവരാണ്: സ്വർണ വ്യവസായി അനിൽ ശിവാജി ജയ്ദാൽ, സതീഷ്‌കുമാറിന്റെ കൂട്ടാളി കെ.ബി.അനിൽകുമാർ, പുതുക്കാട് തൊട്ടിപ്പാൾ സ്വദേശിയായ വ്യവസായി രാജീവൻ ചീരമ്പത്ത്, കൊച്ചിയിലെ ഹോട്ടൽ വ്യവസായി ദീപക് സത്യപാലൻ, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ.ചന്ദ്രൻ, ബാങ്ക് ഭരണ സമിതിയംഗങ്ങളായിരുന്ന ടി.ബി.ബൈജു, എം.ബി.ദിനേശ്, അമ്പിളി മഹേഷ്, മിനി നന്ദൻ, കെ.വി.സുഗതൻ, എ.എം.അസ്ലം, എം.എ.ജിജോ റെജി, വായ്പയെടുത്തു തിരിച്ചടയ്ക്കാതിരുന്ന രമേശ്, ജേക്കബ് ചാക്കരി, കെ.പി.സുനിൽകുമാർ, ഒ.എച്ച്. ഗോപാലകൃഷ്ണൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, എ.ജെ.പോൾസൺ, കെ.കെ.പ്രദീപ്, അലി സാബരി, ഡേവി വർഗീസ്, എം.ജെ.അബ്ദുൽ ഖാദർ, സണ്ണി ജേക്കബ്, സുരേഷ് ബാബു, പി.ബി.സതീഷ്, കെ.ടി. അനിരുദ്ധൻ, എം.എൻ.ബിജു, കെ.കെ.ദേവരാമൻ, ലളിത കുമാർ, സി.എ.ജോസി, ടി.ആർ.പൗലോസ്, ഖാദർ ഹുസൈൻ, മഹേഷ് പറമ്പിൽ, ഇ.സി.ആന്റോ, അനിത വിദ്യാസാഗർ, ചന്ദ്രിക ഗോപാലകുമാർ, ശാലിനി.

പ്രതിസ്ഥാനത്തുള്ള സ്ഥാപനങ്ങൾ

തേക്കടി റിസോർട്ട്, പെസോ മാർക്കറ്റിങ്, പെസോ ഇൻഫ്രാ, പെസോ മെഡികെയർ, ക്രീസ് നിധി, ലക്‌സ്വി ഹോട്ടൽ ആൻഡ് റിസോർട്ട്, ഗോഡ്വിൻ പാക്‌പെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, കാട്രിസ് ലൂമിനസ് ആൻഡ് സോളർ സിസ്റ്റം, ഫ്‌ളയോൺ കേബിൾസ്, വേദസൂത്ര ഹെർബൽസ്. ഈ സ്ഥാപനങ്ങളിലേറെയും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികൾ ബെനാമി പേരുകളിലാരംഭിച്ചവയാണ്. തട്ടിച്ചെടുത്ത പണമുപയോഗിച്ചു തുടങ്ങിയ ഈ സ്ഥാപനങ്ങളിലേക്കു വൻതോതിൽ കള്ളപ്പണമെത്തിച്ചു വെളുപ്പിച്ചെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.