- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എംവി ഗോവിന്ദൻ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന സിപിഎം നേതാവ് എം എം വർഗീസ് പ്രതിയാകും.സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക.അടുത്തഘട്ടം കുറ്റപത്രത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പേരുൾപ്പെടുത്തുക. കള്ളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ. കരിവണ്ണൂരിലെ കള്ളപ്പണ ഇടപാടിൽ പാർട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ആരോപിക്കുന്നു. എം എം വർഗീസിന്റെ പേരിലുള്ള പെറുത്തുശേരിയിലെ ഭൂമി കണ്ടു കെട്ടിയിരുന്നു. സിപിഎമ്മിന്റെ 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു
എന്നാൽ ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് എംഎം വർഗീസിന്റെ പ്രതികരണം. ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് എംഎം വർഗീസ് പ്രതികരിച്ചു.ലോക്കൽ കമ്മറ്റി സ്ഥലം സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. പറയുന്ന വാർത്ത ശരിയാണെങ്കിൽ പാർട്ടിയെ വേട്ടയാടുകയാണെന്നും വർഗീസ് പ്രതികരിച്ചു. തന്റെയോ പാർട്ടിയുടെയോ സ്വത്തുമരവിപ്പിച്ചതായി ഒരു വിവരവും ലഭിച്ചിട്ടില്ല. ഇ ഡിയുടെ ഔദ്യോഗിക വിവരം ലഭിച്ചതിനുശേഷം പ്രതികരണമെന്നും എം എം വർഗീസ് പറഞ്ഞു. അതിനിടെ കരുവന്നൂരിലെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതിൽ അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന 70 ലക്ഷത്തിലധികം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ നടപടി. ഇഡി നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് സിപിഎം സെക്രട്ടറി ഗോവിന്ദനും പ്രതികരിച്ചത്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വിശദീകരിച്ചു.
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപെഎം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ അറിലും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്‌സ്‌മെന്റ് കടന്നത്. കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ കേസിൽ സിപിഎമ്മിനെ പ്രതിയാക്കുന്നതും സ്വത്ത് കണ്ടുകെട്ടുന്നതും ആദ്യമായാണ്. ഇത് ഉൾപ്പെടെ പത്തു പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്.
പൊറത്തിശേരിയിലെ വസ്തു സിപിഎം ലോക്കൽ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ എം.എം. വർഗീസിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. സെന്റിന് പത്തുലക്ഷം രൂപയ്ക്കാണ് രജിസ്റ്റർചെയ്തിരുന്നത്. യഥാർത്ഥ വില ഇതിലും കൂടുതലെന്നാണ് സൂചന. എട്ട് അക്കൗണ്ടുകളിലെ തുക കണ്ടുകെട്ടി. രണ്ടെണ്ണം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള സ്ഥിരനിക്ഷേപമാണ്. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റികളുടേതാണ് മറ്റ് അക്കൗണ്ടുകൾ.
സിപിഎം സംസ്ഥാന നേതൃത്വം അടക്കം അറിഞ്ഞാണ് വായ്പാത്തട്ടിപ്പ് നടത്തിയതെന്ന് ഇ.ഡി കൊച്ചിയിലെ കള്ളപ്പണ വിനിമയ നിരോധനനിയമം കൈകാര്യം ചെയ്യുന്ന കോടതിയെ അറിയിച്ചിരുന്നു. ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തുള്ള അംഗങ്ങളല്ലാത്തവർക്കുവരെ കോടികൾ വായ്പ നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സിപിഎമ്മിന്റെ തൃശൂരിലെ 4.8 കോടി രൂപയുടെ നിക്ഷേപങ്ങൾ ആദായനികുതിവകുപ്പ് മരവിപ്പിച്ചിരുന്നു. നികുതി റിട്ടേണിൽ കാണിക്കാത്ത തുകയെന്ന നിലയിലാണ് മരവിപ്പിച്ചത്. അറസ്റ്റിലായ സിപിഎം മുൻ നേതാവ് പി.ആർ. അരവിന്ദാക്ഷനാണ് തട്ടിപ്പിലെ മുഖ്യ ആസൂത്രകനെന്ന് ഇ.ഡി പറയുന്നു.
2011 നും 2019 നുമിടയിൽ നൂറുകോടിയിലേറെ രൂപയുടെ വായ്പാതട്ടിപ്പ് നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പണം കടത്തിയത് കള്ളപ്പണ ഇടപാടായി കണക്കാക്കിയാണ് ഇ.ഡി അന്വേഷിക്കുന്നത്. മാസങ്ങൾക്കുമുമ്പ് പ്രതികളുടെയും ബിനാമികളുടെയും 87.85 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
ബാങ്കിലെതന്നെ പാർട്ടിയുടെയും വ്യക്തികളുടെയും ബിനാമി അക്കൗണ്ടുകളിലൂടെ വൻതുക കടത്തിയിട്ടുണ്ട്. ഇത് സിപിഎമ്മിനാണ് ലഭിച്ചതെന്ന് വ്യക്തമായതോടെയാണ് സ്വത്ത് കണ്ടുകെട്ടിയതും പ്രതി ചേർത്തതും. കരുവന്നൂർ ബാങ്കിലെ അഞ്ച് അക്കൗണ്ട്, തൃശൂർ ജില്ല കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ട്, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ അക്കൗണ്ട് എന്നിവയാണ് കണ്ടുകെട്ടിയത്. ഭൂമിക്കുപുറമെ, അക്കൗണ്ടുകളും വർഗീസിന്റെ പേരിലാണ്.