- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിന്റെ ദൈവത്തോട് നീയ് പറയ്..എന്റെ ദൈവത്തോട് ഞാൻ പറയാം..നമുക്ക് നോക്കാലോ ആരു ജയിക്കുമെന്ന്': കാസർകോഡ് മൂളിയാർ സിഎച്ച്സിയിൽ പുൽക്കൂട് നശിപ്പിച്ച മുസ്തഫ ഒരു വർഷത്തിനിടയിൽ നടത്തിയത് രണ്ടുമതം മാറ്റം; എരിഞ്ഞിപ്പുഴയുടെ നടുവിൽ ടൂറിസം ബോട്ട് മുക്കിയ വില്ലൻ; പുൽക്കൂട് വിവാദത്തിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്
കാസർകോട്/ ഇരിഞ്ഞിപ്പുഴ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കാസർകോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച പുൽക്കൂട് നശിപ്പിച്ചത് വിവാദമായിരുന്നു. മുളിയാർ സ്വദേശി മുസ്തഫ അബ്ദുള്ളയാണ് പുൽക്കൂട് നശിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സർക്കാർ ആശുപത്രിയിൽ പുൽക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു മുസ്തഫ പുൽക്കൂട് നശിപ്പിച്ചത്. കയ്യിൽ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാൾ ഉണ്ണിയേശുവിനെ ഉൾപ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ കയർക്കുകയും, പോയി യേശുക്രിസ്തുവിനോട് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
യാതൊരു കൂസലുമില്ലാതെ തന്റെ മേൽവിലാസം ഉൾപ്പെടെ മുസ്തഫ വെളിപ്പെടുത്തുന്നുണ്ട്. അതേസമയം ആശുപത്രിയിൽ പുൽക്കൂട് സ്ഥാപിച്ചാൽ അസുഖം കൂടുമെന്നും അതിനാലാണ് എടുത്ത് കളഞ്ഞതെന്നും മുസ്തഫ പറയുന്നതിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. നീ നിന്റെ യേശു ക്രിസ്തുവിനോട് പറയ്...ഞാൻ എന്റെ അള്ളാഹുവിനോട് പറയാം....ആരുജയിക്കുമെന്ന് നോക്കാലോ.. നിന്റെ ദൈവത്തോട് നീയ് പറയ്..എന്റെ ദൈവത്തോട് പറയാം..നമുക്ക് നോക്കാലോ...എന്നിങ്ങനെയാണ് ഇയാൾ തന്നെ ഫോണിൽ വിളിച്ച വ്യക്തിയോട് മറുപടി പറയുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വീഡിയോ ഷൂട്ട് ചെയ്ത വ്യക്തിയോട് ഇദ്ദേഹം പേരും സ്ഥലവും മൊബൈൽ നമ്പറും നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ വിവിധ കോണുകളിൽ നിന്നു പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ വിഷയത്തിന്റെ നിജസ്ഥിതി അറിയാൻ വിളിച്ചവരെ മുസ്തഫ ധാർഷ്ട്യത്തോടെ ചോദ്യം ചെയ്യുന്നതും ക്രിസ്തീയ വിശ്വാസത്തെ ഇകഴ്ത്തി കാണിക്കാൻ പരോക്ഷമായി ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.സംഭവത്തെ കുറിച്ച് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ:
കാസർകോട് മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ക്രിസമസ് ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ സ്ഥാപിച്ച പുൽകൂട്ടിൽ നിന്നും ക്രിസ്തുമസ് രൂപങ്ങൾ എടുത്തുകൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മതസൗഹാർദ്ദത്തെ അപ്പാടെ തകർക്കുന്ന സംഭവമായിട്ടാണ് പൊതുവേ ഈ വിഷയത്തെ പൊതുജനം നോക്കി കണ്ടത്.
സംഭവത്തിന് കാരണക്കാരനായ ഇരിഞ്ഞിപ്പുഴ സ്വദേശി മുസ്തഫ തുടർന്ന് ഫോണിലൂടെ നടത്തിയ പ്രതികരണങ്ങൾ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടാക്കിയത്. മത വർഗീയതയും വിദ്വേഷത്തിന്റെയും അതിർവരമ്പുകൾ ലംഘിക്കുന്ന സംഭാഷണമാണ് മുസ്തഫ കാഞ്ഞങ്ങാട് സ്വദേശിയുമായി നടത്തിയത്.
കഴിഞ്ഞ വർഷം ഇയാൾ, ഹിന്ദുമതത്തിലേക്കും, തുടർന്ന് തന്റെ മാനസിക നില ശരിയാകുന്നില്ലെന്ന് കണ്ട്, ധ്യാന കേന്ദ്രം മുഖേന ക്രിസ്ത്യൻ മതത്തിലേക്ക് മാറി ഡേവിഡ് ഫെർണാണ്ടസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് നവമാധ്യമങ്ങൾ വഴി ക്രൈസ്തവ മതത്തെ കുറിച്ച് ഉദ്ബോധനം നടത്തുകയും ചെയ്തു. പിന്നീട് വീണ്ടും ഇസ്ലാം മതത്തിലേക്ക്തന്നെ മാറുകയായിരുന്നു മുസ്തഫ.
മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ഷമീമ തൻവീർ പറയുന്നത് ഇങ്ങനെ:
മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർ സ്ഥാപിച്ച പുൽക്കൂടിനെ കുറിച്ച് ആക്ഷേപവുമായി ഡിസംബർ 21 - ന് ഉച്ചയ്ക്ക് ഒരുമണിയോടെ മുസ്തഫ മെഡിക്കൽ ഓഫീസറുടെ അടുത്ത് വന്നിരുന്നു ഡോക്ടർ ഇയാളോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചുവെങ്കിലും കേൾക്കാൻ തയ്യാറാവാതെ ശബ്ദമുണ്ടാക്കി മാനസികനില തകരാറുള്ളയാളെ പോലെ പെരുമാറുകയായിരുന്നു.
വൈകുന്നേരം അഞ്ച് മണിക്ക് ശേഷം മുസ്തഫ വീണ്ടും ആശുപത്രിയിൽ എത്തുകയും പുൽകൂട്ടിലെ ഉണ്ണിയേശുവിന്റെ രൂപങ്ങളും മറ്റും എടുത്തുകൊണ്ട് പോവുകയുമായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായ ഒരു വ്യക്തി ഇത് ചിത്രീകരിക്കുകയും തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
അതേസമയം ആശുപത്രി അധികൃതരും മറ്റുള്ളവരും യുവാവിനെതിരെ ആദ്യഘട്ടത്തിൽ ശക്തമായി രംഗത്ത് വന്നിരുന്നു. തുടർന്ന് പരാതി നൽകാനായി
പ്രസ്തുത സംഭവത്തിന് കാരണക്കാരനായ മുസ്തഫയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഇയാൾ മാനസിക രോഗത്തിന് കഴിഞ്ഞ കുറെ കാലമായി മംഗളൂരിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ നിന്നും ചികിത്സ തേടുന്ന വ്യക്തിയാണെന്ന് ആശുപത്രി അധികൃതർക്ക് ബോധ്യമായി.
തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളുടെ ഗൗരവം ബന്ധുക്കളെ ബോധ്യപ്പെടുത്തുകയും അടിയന്തരമായി തുടർ ചികിത്സ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
സംഭവങ്ങൾ നാട്ടിൽ വർഗ്ഗീയ അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കുമെന്ന ബോധ്യമുള്ളതുകൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജീ മാത്യുവിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രി രക്ഷാധികാരി യോഗം വിളിച്ചു ചേർക്കുകയും വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി മാനസിക വിഭ്രാന്തിയിൽ ഉടലെടുത്ത പ്രശ്നമായി കരുതി പരാതി നൽകേണ്ട എന്ന തീരുമാനം കൈക്കൊണ്ടു.
സിജി മാത്യു കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് ഇങ്ങനെ:
ഈ സംഭവത്തെ വർഗീയ ചേരിതിരിവുണ്ടാക്കുന്നതിന് വേണ്ടി വളരെ ബോധപൂർവം വ്യാജ പ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴി ഒരു സംഘടനയുടെ പേരിൽ ചിലർ നടത്തിയതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. വലിയ രീതിയിലുള്ള വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതോടൊപ്പം, നാടിനെ തന്നെ അപകീർത്തിപെടുത്തുന്ന രീതിയിലേക്ക് ഈ സംഭവം വളരുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെയാണ് പലരും ആദ്യഘട്ടത്തിൽ വാർത്ത ചെയ്തിരിക്കുന്നത്. അത്തരക്കാരോട് പരിഭവം ഇല്ല. പക്ഷേ സത്യം മനസ്സിലാക്കി നേരത്തെ നൽകിയ വാർത്തകൾ തിരുത്താൻ ഇവർ തയ്യാറാകണമെന്നും സജി മാത്യു അഭ്യർത്ഥിച്ചു.
അതിക്രമങ്ങളുടെ പേരിൽ മതസാഹോദര്യവും, സമാധാനവും നിലനിൽക്കുന്ന പ്രദേശത്തെ മോശമായി ചിത്രീകരിച്ചതിൽ വലിയ രീതിയിൽ തന്നെ ഞങ്ങൾക്ക് പ്രതിഷേധമുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുവും മുസ്ലിമും ക്രൈസ്തവരും എല്ലാം ഒരു സഹോദരങ്ങൾ പോലെ ജീവിക്കുന്ന പ്രദേശമാണ് ഇതൊന്നും ഇവിടെ ഇത്തരം മതവിദ്വേഷങ്ങൾക്ക് സ്ഥാനം ഇല്ലെന്നും പ്രസിഡണ്ട് പറഞ്ഞു.
മുസ്തഫയുടെ നാടായ എരിഞ്ഞിപ്പുഴയിൽ നിന്ന് മറുനാടൻ മലയാളി റിപ്പോർട്ടർക്ക് നേരിട്ട് ലഭിച്ച വിവരം ഇങ്ങനെയാണ്:
മുസ്തഫയെ തേടി മറുനാടൻ മലയാളി സംഘം എരിഞ്ഞിപ്പുഴ പാലത്തിന് സമീപം എത്തി. അവിടെ കൂടിയിരുന്ന ആളുകളോട് മുസ്തഫയെ കുറിച്ച് അന്വേഷിച്ചു. എവിടുന്നാണെന്ന് ചോദിച്ചപ്പോൾ വാർത്ത സംഗമം ആണെന്ന് ഞങ്ങൾ അറിയിച്ചു. ഇതൊക്കെ ഇത്രമാത്രം പ്രശ്നമായോ എന്ന് നാട്ടുകാർ അറിയുന്നത് അപ്പോഴാണ്. തുടർന്ന് അവിടെ കൂടിയിരുന്നവർ മുസ്തഫയുടെ വീട്ടിൽ പോകുന്നതിൽ നിന്നും ഞങ്ങളെ നിരുത്സാഹപ്പെടുത്തി. പൂർണ്ണമായ വട്ട് (മാനസിക വിഭ്രാന്തി) കേസ് ആണെന്നും അങ്ങോട്ട് പോവുകയാണെങ്കിൽ ചിലപ്പോൾ നിങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.
എന്നാൽ മുസ്തഫയെ കുറിച്ച് നിങ്ങൾ പറയൂ എന്ന് ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ മുസ്ലിം മതവിശ്വാസികൾ ആയതുകൊണ്ട് പറയുന്ന കാര്യങ്ങൾ മുസ്തഫയെ രക്ഷിക്കാൻ ആയുള്ള പക്ഷം ചേരലായി കണക്കാക്കാൻ ഇടയുണ്ടാകുമെന്നും എരിഞ്ഞിപ്പുഴ പാലത്തിന് അപ്പുറമുള്ള കവലയിൽ ചോദിക്കുകയാണെങ്കിൽ മുസ്തഫയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് തന്നെ ലഭിക്കുമെന്നും അറിയിച്ചു.
തുടർന്ന് എരിഞ്ഞിപ്പുഴ കവലയിൽ ഞങ്ങൾ എത്തിയപ്പോൾ ആദ്യഘട്ടത്തിൽ പലരും പ്രതികരിക്കാൻ തയ്യാറായില്ല. ഇതിന് കാരണമായി പറഞ്ഞത് ഇദ്ദേഹത്തിന്റെ മാനസിക വിഭ്രാന്തി തന്നെയാണ്. വാർത്ത കണ്ട് ഞങ്ങളെ തിരിച്ചറിഞ്ഞ് ഒരുപക്ഷേ ആക്രമിച്ചാൽ ഞങ്ങളെ കുടുംബത്തിന് നാഥൻ ഇല്ലാതായി പോകുമെന്നാണ് ഇവർ പ്രതികരിച്ചത്. എന്നാൽ മുസ്തഫയെ കൃത്യമായി അറിയാവുന്ന മുതിർന്നവരായ ആളുകൾ കാര്യങ്ങളെല്ലാം വ്യക്തമായി തന്നെ പറഞ്ഞു. മുസ്തഫ മാനസിക വിഭ്രാന്തിക്ക് ചികിത്സയിൽ ആണെന്നും നേരത്തെ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു. സ്വന്തം പിതാവിനെ മുസ്തഫ വെട്ടി പരിക്കേൽപ്പിച്ചതായി പറയപ്പെടുന്നു.
അസുഖം അല്പം ഭേദമായി എന്ന് തോന്നിയപ്പോൾ വീട്ടുകാരുടെ സഹായത്തോടെ എരിഞ്ഞിപുഴയിൽ ഒരു കറുത്ത ബോട്ട് മുസ്തഫ എത്തിച്ചിരുന്നു. 100 രൂപയാണ് ടൂറിസത്തിന്റെ ഭാഗമായി ഒരാളിൽ നിന്നും മുസ്തഫ ഈടാക്കിയിരുന്നത്. ഇതിനിടയിൽ എരിഞ്ഞിപ്പുഴ കാണാനെത്തിയ എട്ടോളം പേരെ ബോട്ടിൽ കയറ്റി പുഴയുടെ നടുക്കത്തിച്ചപ്പോൾ ബോട്ട് നിർത്തുകയും ഇവരോട് പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം തന്നില്ലെങ്കിൽ ബോട്ട് പുഴയിൽ മുക്കും എന്നും യാത്രക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ യാത്രക്കാർ ഇത് മുഖവിലക്കെടുക്കാത്തതിനാൽ ക്ഷുഭിതനായ മുസ്തഫ ബോട്ട് മുക്കുകയും ചെയ്തു. നാട്ടുകാരെല്ലാം ഓടി കൂടിയാണ് യാത്രക്കാരെ അന്ന് രക്ഷപ്പെടുത്തിയത്.
ചെറുപ്പത്തിൽ നല്ല രീതിയിൽ പഠിക്കുമായിരുന്ന മുസ്തഫ എൻജിനീയറിങ് ബിരുദധാരി ആണെന്നാണ് പറയപ്പെടുന്നത്. ബിരുദം നേടിയതിനു ശേഷം ദുബായിൽ എത്തുകയും ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് മാനസികവിഭ്രാന്തി ഉടലെടുത്ത മുസ്തഫയെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. നാട്ടുകാരെല്ലാം ഒരുപോലെ ആവശ്യപ്പെടുകയാണ് ദയവുചെയ്ത് ഇതൊരു വർഗീയ പ്രശ്നമാക്കി മാറ്റരുത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്