- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂരിൽ നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവ് സച്ചിൻ കോടതിയിൽ കീഴടങ്ങി; ഹാജരായത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു ശേഷം; നിയമപോരാട്ടം ഫലം കണ്ട ആശ്വാസത്തിൽ മേഘയുടെ കുടുംബം
കണ്ണൂർ: പിണറായി പടന്നക്കര സ്വദേശിനിയായ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് സച്ചിൻ കോടതിയിൽ കീഴടങ്ങി. തലശേരി എ.സി.ജെ. എം കോടതിയിലാണ് സച്ചിൻ ഇന്ന ്ഉച്ചയോടെ കീഴടങ്ങിയത്. ഹൈക്കോടതിയും തലശേരി സെഷൻസ് കോടതിയും സച്ചിന്റെ മുൻകൂർ ജാമ്യപേക്ഷ നേരത്തെ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഒളിവിൽ പോയ സച്ചിനായി കതിരൂർ പൊലിസ് അറസ്റ്റിനായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് ഇയാൾ കോടതിയിൽ നാടകീയമായി കീഴടങ്ങിയത്.
കതിരൂർ നാലാം മൈലിലെ മാധവി നിലയമെന്ന സച്ചിന്റെ വീട്ടിലാണ് നവവധുവും ഐ.ടി പ്രൊഫഷനലുമായ മേഘ ജീവനൊടുക്കിയത്. മേഘയുടെ മരണത്തിന് പിന്നിൽ സച്ചിന്റെ മാനസിക, ശാരീരിക പീഡനമാണെന്ന് ചൂണ്ടിക്കാണിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സച്ചിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലിസ് കേസെടുത്തത്.
ജൂൺ 11നാണ് പരാതിക്കാരന്റെ മകൾ മേഘ (28)യെ ഭർത്താവ് കതിരൂർ നാലാം മൈലിൽ അയ്യപ്പ മഠത്തിനടുത്തുള്ള മാധവി നിലയത്തിൽ സച്ചിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. കണ്ണൂരിൽ നടന്ന ഭർതൃബന്ധുവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ച് കതിരൂർ നാലാം മൈലിലുള്ള ഭർതൃവീട്ടിലെത്തിയപ്പോഴാണ് സംഭവം.
പ്രണയവിവാഹിതരായിരുന്ന സച്ചിനും മേഘയും തമ്മിൽ ദാമ്പത്യത്തിന്റെ തുടക്കത്തിൽ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ മൊഴി. ഇതേ തുടർന്ന് സച്ചിൻ തന്റെ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് മേഘയുടെ പിതാവ് പിണറായി പടന്നക്കരയിലെ മനോഹരൻ നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹശേഷം കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പിനിയിൽ ഐ.ടി പ്രൊഫഷനലായി ജോലി ചെയ്തുവരികയായിരുന്നു മേഘ. കതിരൂർ നാലാം മൈലിൽ ജിനേഷ്യത്തിലെ ഇൻസ്ട്രക്റ്ററായി പ്രവർത്തിച്ചുവരികയായിരുന്നു സച്ചിൻ. വീട്ടുകാർ ഇരുവരുടെയും പ്രണയത്തെ എതിർത്തിരുന്നുവെങ്കിലും ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. കതിരൂർ നാലാം മൈലിൽ സച്ചിന്റെ അമ്മയോടൊപ്പം മാധവി നിലയമെന്ന വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭർത്താവിന്റെ പീഡനം കാരണം ഈ വീടിന്റെ ഒന്നാം നിലയിലാണ് മേഘ തൂങ്ങി മരിക്കുന്നത്. അന്നേ ദിവസം ദമ്പതികൾ തമ്മിൽ വഴക്കുണ്ടാവുകയും സച്ചിൻ മേഘയെ മർദ്ദിച്ചുവെന്നുമാണ് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംശയ രോഗത്തിനടിമയായ സച്ചിൻ മേഘയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്നു പിതാവ് മനോഹരൻ മുഖ്യമന്ത്രിക്കും കണ്ണൂർ ജില്ലാ പൊലിസ് മേധാവിക്കും നൽകിയ പരാതിയെ സാധൂകരിക്കുന്ന വിധത്തിലാണ് പിന്നീ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. വിവാഹ ശേഷം കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഐ.ടി പ്രൊഫഷനലായി ജോലിക്ക് പോയിരുന്ന മേഘയെ നിരന്തരം ഫോണിലൂടെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അവഹേളിക്കുകയും ഇയാൾ ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതു കൂടാതെ മേഘയ്ക്കു ലഭിച്ചിരുന്ന ശമ്പളം നിർബന്ധപൂർവ്വം പിടിച്ചുവാങ്ങുകയും ചെലവിന് പോലും പണം കൊടുക്കാതെ പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പിതാവും ബന്ധുക്കളും പറയുന്നു.
മേഘയുടെ സുഹൃത്തുക്കളുമായി പോലും അവരെ സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കളെയും അസഭ്യം പറഞ്ഞിരുന്നതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സച്ചിൻ ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനു ശേഷമാണ്ആത്മഹത്യാ പ്രേരണാകുറ്റത്തിന് പ്രതിചേർക്കപ്പെട്ടതിനു ശേഷം കീഴടങ്ങുന്നത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ചോദ്യം ചെയ്യാനായി വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് കതിരൂർ പൊലിസ് അറിയിച്ചു.