മയ്യിൽ:മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജിം നിഷാമിനെ ഒളിവിൽ പോകാൻ സഹായിച്ചയാളെ പൊലിസ് പിടികൂടി. കൊയിലാണ്ടി പൂക്കോട് സ്വദേശി നജീബിനെയാണ് മയ്യിൽ സി. ഐ ടി.പി സുമേഷ് പിടികൂടിയത്.

വളപട്ടണം കീരിയാട് സ്വദേശി ടി.പി റിയാസിനെ കൊലപ്പെടുത്തിയ അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി നിഷാമിനെയാണ് ഇയാൾ ഒളിവിൽ പോകാൻ സഹായിച്ചത്. സംഭവസ്ഥലത്തു നിന്നും കോഴിക്കോട്ടെക്ക് സ്‌കൂട്ടറിൽ രക്ഷപ്പെട്ട നിഷാമിന് കോഴിക്കോട് കൈരളി ലോഡ്ജിൽ മുറിയെടുത്തു നൽകിയത് ഇയാളാണെന്ന് പൊലിസ് അറിയിച്ചു. നിഷാമിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഇയാൾ വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളങ്ങളിൽ പതിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കാട്ടാമ്പള്ളിയിലെ കൈരളി ബാറിൽ നിസാരവിഷയത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബാറിൽ നിന്നും മദ്യപിക്കുകയായിരുന്ന റിയാസും സൃഹൃത്തുക്കളുമായുള്ള വാക്തർക്കമാണ് പ്രതിയും ജിംനേഷ്യം നടത്തിപ്പുകാരനുമായ നിഷാമിനെ പ്രകോപിച്ചത്.

റിയാസിന്റെ സൃഹൃത്തായ സന്ദീപിനെ നിഷാമിന്റെ നേതൃത്വത്തിൽ കൈയേറ്റം ചെയ്തിരുന്നു. ഇതുതടയുന്നതിനിടെയാണ് റിയാസിനെ അരയിൽ ഒളിപ്പിച്ചുവെച്ച കത്തി ഉപയോഗിച്ചു നിഷാം കുത്തിയത്. ആഴത്തിലുള്ളകുത്തേറ്റ റിയാസിനെകൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ കണ്ണൂർജില്ലാ ആശുപത്രിയിലും പിന്നീട് നിലഗുരുതരമായതിനെ തുടർന്ന് ചാലമിംമ്സ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും പിറ്റേ ദിവസം പുലർച്ചെയോടെ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് നിഷാം സംഭവസ്ഥലത്തു നിന്നും കോഴിക്കോട്ഭാഗത്തേക്ക് സ്‌കൂട്ടറിൽ രക്ഷപ്പെട്ടത്.

നിഷാം കേരളം വിടുന്നത് തടയുന്നതിനായിപൊലിസ് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് കേസ് അന്വേഷണത്തിന്റെ ഏകോപനം നടത്തുന്ന കണ്ണൂ അസി.സിറ്റി പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാർ അറിയിച്ചു. ഇയാൾക്കായി ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളിലും തെരച്ചിൽ നടത്തിവരികയാണ്. സംസ്ഥാനത്തിന്റെ അതിർത്തിപ്രദേശങ്ങളിലും പൊലിസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.വളപട്ടണത്തെ ഖലാസിയായ റിയാസിന്റെ കൊലപാതകത്തോടെ നിർധനരായ ഒരുകുടുംബമാണ് അനാഥമായത്.

വിപുലമായ സൗഹൃദമുള്ള റിയാസ് മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയാണ്. എന്നാൽ സംഭവത്തിനു പിന്നിൽ വാക്തർക്കം മാത്രമാണെന്നും രാഷ്ട്രീയമില്ലെന്നുമാണ് പൊലിസ്പറയുന്നത്.