ഇടുക്കി : കട്ടപ്പനയിൽ ഇരട്ടക്കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന കേസിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നരബലിയിലെ സംശയം തീർക്കാൻ. മോഷണക്കേസിൽ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്-31) എന്നിവർ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചതെന്നാണ് വിവരം.

പ്രതികൾ രണ്ടു പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന ലഭിച്ചത്. പൊലീസ് ഇക്കാര്യം നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. വിഷ്ണുവിന്റെ വീട്ടിലെത്തിയ പൊലീസ് അമ്മയെയും സഹോദരിയെയും പൂട്ടിയിട്ടതായി കണ്ടെത്തി. വീടു പരിശോധിച്ചപ്പോൾ ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകൾ പൊലീസിനു ലഭിച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണം കടുപ്പിക്കുന്നത്. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ്, സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും പൊലീസിൽ സംശയം ജനിപ്പിച്ചു. ഈ വീട്ടിൽ താമസിച്ചിരുന്നു വിഷ്ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. വിഷ്ണുവിന്റെ സഹോദരിയിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചത്. ആറുമാസം മുമ്പ് ഇവരുടെ അച്ഛൻ വിജയനും നിതീഷും തമ്മിലുണ്ടായി അടിപിടിയിൽ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടുവെന്നും മൊഴി നൽകിയിട്ടുണ്ട്.

വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തിൽ 2016 ൽ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോൾ കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിന്റെ ഭാഗമണെന്നും സംശയമുണ്ട്. പൂജാരി കൂടിയായ നിതീഷാണ് ഇരു കൊലപാതകങ്ങളും നടത്തിയതെന്നാണ് സൂചന. വീട്ടിലെ പരിശോധനയാണ് കേസിൽ നിർണ്ണായകമായത്. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കൽ നിന്ന് വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വംനൽകിയത്.

നേരത്തേ, നഗരത്തിൽ ഓക്‌സീലിയം സ്‌കൂൾ ജംക്ഷനു സമീപത്തെ വർക്ഷോപ്പിൽ പുലർച്ചെയാണ് യുവാക്കൾ മോഷണത്തിന് എത്തിയത്. യാത്ര കഴിഞ്ഞ് യാദൃശ്ചികമായി ഈ സമയം സ്ഥലത്തെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ടാണ് വർക്ഷോപ്പിലേക്ക് ചെന്നത്. ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിക്കുകയായിരുന്ന വിഷ്ണുവിനെ ഇവർ തടയാൻ ശ്രമിച്ചു. ഇവരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരുക്കേറ്റു.

മറ്റുള്ളവരെ തള്ളിയിട്ട് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു വീണ് കാലിന് പരുക്കേറ്റു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി. കാലിന് പൊട്ടലുള്ളതിനാൽ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ സഹായിയായി വർക്ഷോപ്പിന് പുറത്തുണ്ടായിരുന്ന രാജേഷ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെങ്കിലും പിടികൂടി.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീട്ടിലും പൊലീസ് എത്തി.